പ്രവാസഭൂമിയില്‍ നിന്ന്......
നളിനാക്ഷന്‍ ഇരട്ടപ്പുഴ
നളിനാക്ഷന്‍ ഇരട്ടപ്പുഴ
ആഗ്രഹങ്ങളും, സ്വപ്നങ്ങളും, മോഹങ്ങളും പേറി സ്വന്തം നാടുകളില്‍ നിന്ന് എല്ലാ ബന്ധങ്ങളോടും യാത്രപറഞ്ഞു, ബാല്യം പിച്ചവെച്ച കളിമുറ്റവും കൌമാരം സൂക്ഷിച്ച കിനാക്കളും മടക്കിവെച്ചു യാഥാര്‍ത്ഥ്യങ്ങളുടെ വന്‍ തിരമാലകളും കടലുകളും നീന്തി കടന്നു പുതിയ ലോകത്ത് എത്തിയ പ്രവാസി ഇന്നും ദുരിതകയതിന്റെ അഗാധ ഗര്‍ത്തത്തിന്റെ നീര്‍ചുഴിയില്‍ അകപെട്ടിരിക്കയാണ്. പ്രവാസത്തിന്റെ എരിയുന്ന കനലുകളില്‍ നിന്നും ചിലര്‍ വെളിച്ചം തേടുമ്പോള്‍ ചിലര്‍ ആ കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു.
എഴുപതുകളിലാണ് ഗള്‍ഫ് നാടുകളിലേയ്ക്ക് ഭാഗ്യം തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്. പ്രതീക്ഷകള്‍ വറ്റാത്ത മനസും എന്തിനേയും എതിരിട്ട് തോല്പ്പിക്കാനുള്ള ചങ്കൂറ്റവുമുള്ളവരായിരുന്നു പ്രവാസത്തിന്റെ സ്വര്‍ഗീയ ഭൂമിക തേടി പറന്നുയര്‍ന്നത്. പുരോഗതിയിലേയ്ക്ക് കുതിച്ച് കൊണ്ടിരുന്ന മനുഷ്യ രാശിയുടെ മുഖ്യധാരയില്‍ നിന്നും ഒരു നൂറു കൊല്ലമെങ്കിലും പിന്നില്‍ നടന്നിരുന്ന കേരളീയരെ ലോക ജനത്യ്ക്ക് ഒപ്പമെത്തിക്കുന്നതില്‍ ഗള്‍ഫ് പ്രവാസം വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ സമൃദ്ധിക്കും കാരണം ഒരുവേള പ്രവാസിയുടെ വിയര്‍പ്പാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രവാസികള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ പ്രവാസിയുടെ നാടിനോടുള്ള സ്നേഹത്തെയും, ത്യാഗമനോഭാവത്തെയും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി സമൂഹം യഥേഷ്ടം ചൂഷണം ചെയ്യപെടുകയാണ്.
ചുട്ടുപഴുത്ത മണലാരണ്യത്തിനു നടുവിലെ കൃത്രിമമായ ഒരു പറുദീസയില്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള മഹാനിധിയുണ്ടെന്ന് മനസിലാക്കിയുള്ളതാണ് പ്രവാസിയുടെ ദേശാടനം. ആകാശവും ഭൂമിയും കൈവിട്ട ലോകം. പുഴകളും പാടങ്ങളും മരങ്ങളും കിളിയൊച്ചയുമില്ലാത്ത നാട്. ശീതീകരിച്ച മുറിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ സൂര്യന്‍ ചൂടുകൊണ്ട് നക്കിക്കൊല്ലുമെന്ന അവസ്ഥ. ഇതിലൊക്കെയുപരിയാണ് നാടും കുടുംബവും നഷ്ടപ്പെട്ടതിന്റെ വേദനയും കുടുംബത്തത്തെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠയും.
ജീവതാളം ക്രമപെടുത്താന്‍ ജീവന്‍ പണയം വെച്ച് ശ്രമിക്കുമ്പോള്‍ പ്രവാസിയുടെ മുന്നില്‍ വിജയപരാജയങ്ങളുടെ അളവു കോലുമായി, ഇത്രയും കാലം നീ എന്തുണ്ട്ടാക്കിയെന്നതു ഒരു ചോദ്യം ചോദ്യമായി നില നില്‍ക്കുന്നു , സമ്പാദ്യങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കായി ചിലവഴിച്ചിട്ടും അതിന്റെ ഉപഭോക്താക്കള്‍ തന്നെ ഏതൊരു പ്രവാസിക്ക് നേരെയും ഒരു കൂസലുമില്ലാതെ തിരിഞ്ഞു നിന്ന് ചോദിക്കും .
എന്നാല്‍ ധനം എന്ന സമ്പത്തില്‍ കണ്ണുവച്ച് ഗള്‍ഫുനാടുകളിലേക്കു പറക്കുന്ന ഈ പ്രവാസി അവനു വേണ്ടി ഒന്നും സമ്പാദിക്കുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഭൂരിഭാഗം പ്രവാസികളും അവരുടെ മോഹങ്ങളും സ്വപ്നങ്ങളും പൂവണിയാതെ വേദനയുടെയും ദുഃഖങ്ങളുടെയും നേരിപോടില്‍ ഉരുകിതീരുകയാണ് . ധനസമ്പാദനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ആരോഗ്യസമ്പത്ത് ക്ഷയിച്ചിട്ടുണ്ടാവും. കൈ നിറയെ കടവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത്.
ഓരോ പ്രവാസിയും തിരിച്ചെത്തുമ്പോള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്. വൈകാരികമായ അകല്‍ച്ച തോന്നും. സ്വന്തം ഉടപിറന്നോര്‍ക്ക് പോലും പൊരുത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥ. നാടിനെയും വീടിനെയും കുടുംബത്തെയും നന്നാക്കിയെങ്കിലും പ്രവാസി തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കാത്ത അപരിചിതനാണ്. അതാണ് ഒരു പ്രവാസ ജീവിതത്തിന്റെ യാഥാര്‍ഥ്യം.
*****