അമൃതയിൽ കിടക്കുന്ന അമ്മാവനെ കാണുന്നതിനായി ബസ്സിൽ കയറി. ബസ്സ് പുറപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ ചിന്തകൾ വളരെ വേഗത്തിൽ പുറകോട്ടു ഓടാൻ തുടങ്ങി. കാലങ്ങളോളം ഞാൻ ജീവിച്ച അമ്മാവന്റെ വീട്ടിലെ നാളുകൾ, എനിക്ക് അവർ നൽകിയ കരുതൽ, അമ്മായിയുടെ മരണം എല്ലാം മനസ്സിൽ മിന്നിമറഞ്ഞു.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ തിരോധാനം. പോലീസിൽ പരാതിയൊക്കെ കൊടുത്തു. പിന്നീടാണറിഞ്ഞത് വിവാഹിതനായ ഒരു മധ്യവയസ്കനുമായി ഒളിച്ചോടിയെന്ന്. ബന്ധുക്കളാരും അന്വേഷിക്കാനും പോയില്ല. എല്ലാവർക്കും എന്നെ കുറിച്ചായിരുന്നു വിഷമം. അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ കുറിച്ച് അച്ഛനു ഒരു ചിന്തയുമുണ്ടായിരുന്നില്ല. പിന്നീട് അധിക കാലം ഉണ്ടായില്ല അച്ഛന്റെ സംരക്ഷണം.
വഴിയിൽ അനുസ്സരണയില്ലാതെ ദിശതെറ്റി ഓടുന്ന പോത്തിനെ തെളിച്ചു പോകുന്ന ആ പാവം സ്ത്രീയെ കണ്ടപ്പോൾ എന്റെ മനസ്സ് അമ്മായിയെ കുറിച്ചായിരുന്നു ഓർത്തത്. സമ്പത്തും സമ്പാദ്യവും കുമിഞ്ഞുകൂടിയ വീട്ടിൽ പിറന്ന അവർ ദുരിതപൂർണ്ണമായ ജീവിതം എല്ലാ അർത്ഥത്തിലും അനുഭവിച്ചാണ് മരണത്തിനുകീഴടങ്ങിയത്. മനസ്സിൽ വേദനയുണ്ടെങ്കിലും പുറമേക്ക് സന്തോഷവതിയായി ജീവിച്ചപ്പോലെ പുഞ്ചിരിതൂകി ഉറങ്ങിക്കിടക്കുന്നതായി തോന്നി മരിച്ചുകിടക്കുന്ന ആ കിടപ്പുകണ്ടിട്ടു. ജഡത്തിന് ചുറ്റുമിരുന്ന് സ്നേഹിച്ചവരും ദ്രോഹിച്ചവരും കരയുന്നതിന്റെ കടമ ചെയ്തു തീർക്കുന്നു. ഇതൊക്കെ ദൈവത്തിന്റെ ഒരു തമാശയായി തോന്നി. കരയാനായി ആളുകളെ പോലും വാടകക്ക് ഏർപ്പാടുചെയ്യുന്ന ഈ കാലത്ത് അതിനായി അമ്മാവന്റെ വീട്ടിൽ ഒന്നും ചെലവാക്കേണ്ടി വന്നില്ല. എല്ലാവരും അത് ഭംഗിയായി ചെയ്യുന്നുണ്ട്. അല്ലെങ്കിലും മരിച്ചാലാണല്ലോ ജീവിച്ചിരിക്കുമ്പോൾ ചെയ്തുകൊടുക്കാത്തതിന്റെ കണക്കു തീർക്കുന്നത്. ചിതാഭസ്മം ആനപ്പുറത്തു പട്ടുകുട ചൂടിയാണല്ലോ ചിലരൊക്കെ കൊണ്ടുപോകാറ്!!! ജീവിച്ചിരിക്കുമ്പോൾ പട്ടിണിമാറ്റാൻ ഒന്നും കൊടുത്തില്ലെങ്കിലും സഞ്ചയനത്തി ന്റെ സദ്യ നാട്ടിലെ ഏറ്റവും മികച്ചതായിരിക്കണം ന്നാ ചിലരുടെയൊക്കെ വാശി.
അമ്മാവൻ ഒരു കസ്സേരയിൽ തലകുനിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ അമ്മായിക്ക് ഒരു മനസമാധാനം കൊടുക്കാഞ്ഞതിന്റെ വേദനയാണോ? അതോ ആളുകളെ വിഷമം ബോധിപ്പിക്കാനുള്ള ശ്രമമാണോ എന്നറിയില്ല. ആശുപത്രിയിലായിരിക്കുമ്പോൾ വന്ന ചെലവുകളെച്ചൊല്ലി തമ്മിൽ തല്ലിയ മക്കളും മരുമക്കളും എല്ലാവരെയും അതിശയിപ്പിക്കുന്ന വിധത്തിൽ ശബ്ദമുഖരിതമായ കരച്ചിൽ പ്രകടനം നടത്തുന്നത് ഒരു കാഴ്ച തന്നെയാണ്. ഇതെല്ലം കണ്ടും കേട്ടും ആര്യവേപ്പിന്റെ ഇലകൊണ്ടു ഈച്ചയെ ആട്ടി അമ്മായിയുടെ ശവത്തിനരികെ കുറെ നേരം ഞാൻ ഇരുന്നു. എന്തോ എനിക്ക് വിഷമം ഒന്നും തോന്നിയില്ല. ഈ ദുരിതത്തിൽ നിന്ന് എത്രയും പെട്ടെന്ന് ആ പാവത്തിന് ഒരു മോചനം കിട്ടിയല്ലോ എന്നൊരാശ്വാസമായിരുന്നു എനിക്ക്.
പൂജാകർമ്മങ്ങൾക്കായി ശവം പുറത്തേക്കെടുത്തപ്പോൾ അമ്മാവൻ എന്നെ മുറുകെ പിടിച്ചു വാവിട്ടു കരയുന്ന രംഗം എനിക്കും വിഷമം തോന്നി.
സൂപ്പർബഗ് മൂലമാണ് അമ്മായി മരണപ്പെട്ടത് എന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. അത് ഒരു മാരക രോഗമാണ്. എയിഡ്‌സിനേക്കാൾ ഭീതിപരത്തി ജനത്തെ കൊന്നൊടുക്കുന്ന ഒരു രോഗമാണെന്ന് പറയപ്പെടുന്നു. രോഗപ്രതിരോധ ഔഷധങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ജീനുകളടങ്ങിയ ബാക്ടീരിയ പോലുള്ള ഒരു സൂക്ഷ്മജീവിയാണ് സൂപ്പർബഗ്. ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കഴിവ് ഇവയ്ക്കു കൂടുതലാണ്. ത്വക്കില്ക്കൂടി ത്വക്കുകളിലേക്കും, ഒരു ചികിത്സാകേന്ദ്രത്തിൽ നിന്ന് സമീപ ചികിത്സാകേന്ദ്രത്തിലേക്കുമുള് ള അതിവേഗ വ്യാപനശേഷിയും ഈ ബഗുകൾക്കുണ്ട്. ഒരു പ്രദേശത്തുള്ള മൊത്തം ജീവജാലങ്ങളെയെല്ലാം സംഭരിക്കാനും ഇവയ്ക്ക് കഴിയും. ഒരു രോഗത്തിൽ നിന്ന് ഉൾപ്പരിവർത്തനത്തിലൂടെ മറ്റൊന്നിലേക്കു മാറാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്നുള്ളത് ഭീതിജന്യമാണ്. അമ്മായിക്ക് ആദ്യം കണ്ടത് മലേറിയയാണ്.കുടിവെള്ളത്തിൽപ്പോ ലും ഈ വില്ലന്റെ സാന്നിധ്യമുണ്ടാവും.
മറ്റുള്ളവരോട് ഒന്നും പറഞ്ഞില്ലെങ്കിലും എന്നോട് മനസ്സുതുറക്കുന്ന പ്രകൃതമായിരുന്നു അമ്മായിയുടേത്.
"ജീവിതത്തിന് ഇത്രയൊക്കെ വിശാലമായ തലങ്ങളുണ്ടെന്ന് ഇപ്പോഴാ കുട്ടീ മനസ്സിലായത്. കളിച്ചും ചിരിച്ചും നടന്നിരുന്ന നാം വിഷമവും, കരച്ചിലും, വെറുപ്പും, പകയും, വിദ്വേഷവും കാണാനും അനുഭവിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇത് സകലമാന മനുഷ്യർക്കും പരിചിതമാണ്. ഒന്നും സംഭവിക്കാതെപോലെ മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന ഒരു നാട്ട്യമാണല്ലോ നമ്മുടെയൊക്കെ ജീവിതം. അല്ലെങ്കിലും ജീവിതത്തിൽ എല്ലാത്തരം ഭാവങ്ങളും നാം ആടിത്തീർക്കുകയല്ലേ? അതിനാണല്ലോ ഈശ്വരൻ നമ്മളെ ഭൂമിയിലേക്ക് പറഞ്ഞു വിടുന്നത്"
"ജീവിതത്തിൽ ഒരിക്കലും കഷ്ടപ്പാടും വേദനയും അനുഭവിച്ചിട്ടില്ലാത്ത ആരെയെങ്കിലും നിനക്കറിയാമോ? സാധ്യമല്ല. ലോകത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പാടും വേദനയും അനുഭവിക്കുന്നവർ സ്ത്രീകളാണ്. അവർ എല്ലാം മനസ്സിൽ ഒതുക്കി നടക്കും. അവർ സഹനത്തിന്റെ പ്രതീകങ്ങളാണ്"
അമ്മായി വാചാലയായി കൊണ്ടിരിക്കുമായിരുന്നു.
മെലിഞ്ഞു വെളുത്ത ശരീരം. കയ്യിൽ ഞരമ്പുകൾ പച്ചകളറിൽ എടുത്തു നിൽക്കുന്നുണ്ട്. കുളിച്ചീറനണി ഞ്ഞ മുടിയിൽ തുളസിക്കതിർ, സെറ്റുമുണ്ടും നേര്യതും വേഷം, നെറ്റിയിൽ ചന്ദനക്കുറി, എപ്പോഴും പൂഞ്ചിരിച്ചു നിൽക്കുന്ന അവരെ കണ്ടാൽ എന്തോ ഒരു മനോഹാരിത നിറഞ്ഞുതുളുമ്പുന്നുണ്ട്. അമ്മായിയുടെ ആ ചന്തം കാണുമ്പോൾ എനിക്ക് കുശുമ്പ് തോന്നാറുണ്ട്.
മാളികവീടും എല്ലാവിധ സുഖസൗകര്യങ്ങളും ഇഷ്ടമുളളതിനെല്ലാം സ്വാതന്ത്ര്യവുമുണ്ടായിരുന്നിട് ടും അമ്മായിടെ ജീവിതം ഇവിടെ നരകതുല്യമായിരുന്നു.
നേരം പുലരും മുൻപ് എഴുന്നേറ്റു മുറ്റമടി തുടങ്ങും. നാലുചുറ്റും പരന്നുകിടക്കുന്ന വിശാലമായ മുറ്റം അടിച്ചു വൃത്തിയാക്കി വരുമ്പോഴേക്കും നേരം വെളുക്കും. അതുകഴിഞ്ഞു തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പുല്ലും വെള്ളവും കൊടുക്കണം, കറവക്കാരനെ സഹായിക്കണം, പിന്നെ നിലം തൂക്കലും തുടയ്ക്കലും അങ്ങിനെ പണി തീരുന്ന നേരമില്ല. അതിനിടക്ക് അമ്മാവന്റെ ഓരോരോ ഇഷ്ടങ്ങളും അനിഷ്ടങ്ങളും. ആൺമക്കൾ മൂന്നുപേരും അവരുടെ കുടുംബവുമായി ജോലിസ്ഥലത്തായതുകൊണ്ടു അവരുടെ കാര്യങ്ങൾ നോക്കേണ്ട. ഒത്തശരീരവും ഉറച്ച നടത്തവും ആജ്ഞാശക്തി നിറഞ്ഞ ശബ്ദവും വലിഞ്ഞുമുറുകിയ പോലുള്ള മുഖഭാവവും കണ്ടാൽ അമ്മാവനെക്കുറിച്ചുള്ള ഭയം ആരിലും ജനിപ്പിച്ചിരുന്നു. അതുകൊണ്ടു അനുസരണയുള്ള ഒരു കുട്ടിയെപോലെയാണ് അമ്മായിയുടെ പെരുമാറ്റം.
അമ്മാവൻ കാലത്തു പാടത്തുപോവുന്നതിനു മുന്നേ കഞ്ഞിയും അവിലുകുഴച്ചതുമാണ് കഴിക്കാറ്. മറ്റു പണികൾ എന്തുണ്ടായാലും അമ്മാവന് അത് കിട്ടാൻ വൈകിയാൽ അന്നത്തെ കാര്യം പറയേണ്ട. അമ്മായിടെ മുതുമുത്തശ്ശൻ മുതൽ
താഴെയുള്ളവരെയെല്ലാം തെറിയഭിഷേകം നടത്തുന്നത് അമ്മാവൻ ഒരു വിനോദമായി കാണും. അല്ലെങ്കിൽ അമ്മായി കൊണ്ടുവന്ന കഞ്ഞിയും അവിലും അമ്മായിയുടെ മുഖത്തേക്കു വലിച്ചെറിയും.
ഒരിക്കൽ അമ്മായി മൂത്തമകൻ രമേശനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്തു മച്ചിൽ കയറി എന്റെ കൂടെ കോണിപ്പടി ഇറങ്ങിവരുമ്പോൾ ഞാൻ വീഴുമെന്നു കരുതി പിടിക്കാൻ മുന്നോട്ടു ആഞ്ഞപ്പോൾ അമ്മായി കാലുവഴുതി തെന്നിതാഴേക്ക് വീണസമയത്ത് അമ്മാവൻ അരിശംപൂണ്ട് പല്ലുകടിച്ചു ഓടിവന്നു ഒരു ദയയുമില്ലാതെ വയറ്റിന് നോക്കി ചവിട്ടിയത് ഇന്നും ഓർക്കുന്നു. അവന്റെ വലിച്ചുവെച്ചുള്ള നടത്തത്തിനുള്ള കാരണം ആ ചവിട്ടായിരുന്നൂന്നാ അമ്മായി പറയാറ്.
അമ്മാവനെ കാണുമ്പോ തന്നെ അമ്മായിയ്ക്ക് ഒരു വയറുകളിച്ചയാണ്. എപ്പോഴുമുള്ള പ്രാക്കും ശകാരങ്ങളും കുറ്റപ്പെടുത്തലുകളും ഒരിക്കൽ പോലും സഹിക്കാൻ പറ്റില്ല.. ഒക്കെ കേട്ട് നിർവികാരയായി അക്ഷോഭ്യയായി തന്റെ ജോലികൾ തുടരുന്ന അമ്മായിയെ നോക്കി വീണ്ടും ശാപവാക്കുകൾ ഉതിർക്കുന്ന അമ്മാവൻ അങ്ങിനെ ഒന്നു നടന്നതായിയെന്നു പോലും ഭാവിക്കാറില്ല.
അമ്മാവന് പ്രഷറ് നല്ലോണമുണ്ട്. അതുകൊണ്ടു ദേഷ്യം മൂക്കിന്റെ തുമ്പത്താണ്. ദിവസവും അതിന്റെ ഗുളികകൾ ധാരാളം കഴിക്കുന്നുണ്ട്.
ഈ ആട്ടുംതുപ്പും സഹിച്ചു എന്തിനാ അമ്മായി ഇങ്ങനെ കഴിയുന്നുവെന്ന എന്റെ ചോദ്യത്തിന് അമ്മായിയുടെ മറുപടി വളരെ അതിശയം തോന്നുന്നതായിരുന്നു.
"ഇതൊക്കെ നിനക്ക് ഇപ്പോ പറഞ്ഞാ മനസ്സിലാവില്ല്യ കുട്ടീ... ഭർത്താവിന് നമ്മളെ വഴക്കുപറയാൻ അവകാശമുണ്ട്. കുറെയൊക്കെ കണ്ടു-കേട്ടില്ലാന്നു നടിച്ചു ജീവിക്കണം ന്നാ എന്റെ അമ്മയും അമ്മൂമ്മയും ഉപദേശിച്ചിട്ടുള്ളത്. നമ്മള് പെണ്ണുങ്ങൾക്ക് അത്രേ ഉള്ളൂന്ന് വിചാരിക്കണ കൂട്ടത്തിലാ ഞാൻ. എന്റെ ജാതകത്തിൽ ചിലപ്പോ ഇതൊക്കെ അനുഭവിക്കണമെന്ന് ഉണ്ടായിരിക്കാം. അത് അനുഭവിച്ചേ പറ്റൂള്ളൂ...."
"നിന്റെ ജാതകത്തിൽ തന്നെയില്ലേ മാതൃമരണം? മരിച്ചില്ലെങ്കിലും അമ്മയില്ലാത്ത അവസ്ഥയല്ലേ? ആ പറഞ്ഞതൊക്കെ സംഭവിച്ചില്ലേ കുട്ടീ...ജാതകത്തിലുള്ളത് അച്ചിട്ടാ.. അതും ഉണ്ണിപ്പണിക്കരാണ് കുറിച്ചതെങ്കിൽ പിന്നെ പറയേം വേണ്ടാ...."
"നീ പ്രശസ്തയാകുമെന്നാ എഴുതിവെച്ചിട്ടുള്ളത്. സമൂഹം ബഹുമാനിക്കുന്ന ഒരു പദവിയിൽ എത്തിച്ചേരുമെന്നും അന്യദേശത്തു നിന്നും പ്രശസ്തി വാങ്ങിക്കുമെന്നും ജാതകം വായിച്ചപ്പോൾ പറഞ്ഞിരുന്നു".
എല്ലാം ഓർത്തു രണ്ടര മണിക്കൂർ ബസ്സു ഓടി അമൃതയിലേക്ക് പോവുന്ന സ്റ്റോപ്പിലെത്തിയത് അറിഞ്ഞില്ല.
എന്നെ കണ്ടയുടൻ അമ്മാവൻ എഴുന്നേൽക്കാൻ തിടുക്കം കാട്ടി തുടങ്ങി. അമ്മാവന്റെ തേങ്ങി തേങ്ങിയുള്ള കരച്ചിൽ പെട്ടന്നായിരുന്നു.
"ഇനി എനിക്ക് ആരുമില്ല . . . . എന്റെ ആട്ടും തുപ്പും സഹിക്കാൻ വയ്യാണ്ട് ദൈവം അവളെ നേരത്തെ വിളിച്ചോണ്ടു പോയി..."
"എനിക്ക് അവളോട് സ്നേഹമായിരുന്നു കുട്ടീ ... എനിക്ക് ഒരിക്കൽ പോലും സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലാ... .കഴിയാറില്ല.... എന്റെ സ്വഭാവം അങ്ങിനെ ആയിപ്പോയി... "
"എല്ലാം എന്റെ തെറ്റായിരുന്നു. അതിന്റെ ശിക്ഷയാണ് ഞാനിന്നനുഭവിക്കുന്നത്. അവളായിരുന്നു എന്റെ ബലം. അവള് പോയപ്പോൾ എന്റെ മനസ്സും ശരീരവും തളർന്നു".
"അവളുണ്ടായിരുന്നപ്പോൾ എനിക്ക് എല്ലാമുണ്ടായിരുന്നു... എല്ലാവരുമുണ്ടായിരുന്നു.... എന്റെ ഊണിലും ഉറക്കത്തിലും അവളുടെ ഒരു സ്പർശനമുണ്ടായിരുന്നു. ഇപ്പൊ മക്കൾക്കും വേണ്ടാതായി .. .. ആരും തിരിഞ്ഞു നോക്കാതായി ".
കിടന്നിടത്തു കിടന്നു തന്നെയാണ് മലമൂത്ര വിസർജ്ജനം നടത്തുന്നത്. അമ്മായി മരിച്ചതിൽ പിന്നെ അമ്മാവൻ തനിച്ചായിരുന്നു തറവാട്ടിൽ. ഒരു ദിവസം ദിവസം ശരീരം തളർന്നു വീണതാണ്. കയ്യിനും കാലിനും ചലനശേഷി നഷ്ടപ്പെട്ടു. തെക്കേലെ രാധാകൃഷ്‌ണേട്ടനും വീട്ടുകാരുമാണ് അമൃത ആശുപത്രിയിലാക്കിയത്. അവരായിരുന്നു എന്നെ വിളിച്ചു പറഞ്ഞത്. ഒരാഴ്ചയായിട്ടും മക്കൾ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അവരെയും രാധാകൃഷ്‌ണേട്ടൻ വിളിച്ചറിയിച്ചിരുന്നു.
നമ്മുക്ക് തണ്ടും തടിയും ഉള്ളപ്പോൾ എല്ലാവരും ഉണ്ടാവും. ആ സമയത്തു ആരെയും വെറുപ്പിക്കാതെ ജീവിക്കണം. എന്നാൽ മാത്രമേ ഒരു തളർച്ചവരുമ്പോൾ ആരെങ്കിലും ഉണ്ടാവൂ.
ജീവിതത്തിന്റെ സായാഹ്നത്തിൽ ഭർത്താവിന് ഭാര്യയും, ഭാര്യക്ക് ഭർത്താവുമാണ് തണൽ. ബാക്കിയുള്ളവർ വെറും കാഴ്ചക്കാർ മാത്രമാണ്. ഇതിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ മറ്റെയാൾ ചിറകൊടിഞ്ഞ ഒരു പക്ഷി മാത്രമാണ്. ഭർത്താവിന് ഭാര്യയും ഭാര്യക്ക് ഭർത്താവും പരസ്പരം ചിറകുകളാണ്. രണ്ടുപേരും ഉണ്ടെങ്കിൽ മാത്രമേ അവർക്കു പറന്നു നടക്കാൻ പറ്റുകയുള്ളു.
ആരോടും എന്നും ആജ്ഞാപിക്കുന്ന ശീലം മാത്രമുള്ള അമ്മാവന്റെ അവസ്ഥയോർത്തു വിഷമം തോന്നി. ആരെയും നാം അടച്ചാക്ഷേപിക്കരുത്. എല്ലാം തികഞ്ഞവൻ എന്ന ഭാവവും അതിന്റെ അഹങ്കാരവുമാണ് മനുഷ്യരെ ഈ വിധത്തിൽ ദൈവം പരീക്ഷിക്കുന്നത്.
"മോള് മാമ്മനെ ഒന്നു ചാരിയിരുത്തുമോ? ഈ കിടപ്പുകിടന്നു നാള് കുറെയായി. നീ വന്നപ്പോഴാ ഒരു ശ്വാസം വീണത്. കുറെയായി പുറത്തെ കാഴ്ച കണ്ടിട്ട്. ഒന്നു എണീറ്റിരുന്നാൽ ജനാലിലൂടെ ആൾക്കാരെയും വാഹനങ്ങളെയും കാണാമല്ലോ"?
നമ്മുക്ക് സാന്ത്വനമായി നമ്മെ തേടിയെത്തിയവരെയാണ് നാം പരിഗണിക്കേണ്ടത്. അവർക്കു തിരിച്ചും ഒരു കരുതൽ കൊടുക്കാൻ കഴിഞ്ഞാൽ ആ ജീവിത്തിന് എന്തോ പൂർണ്ണത വന്നുവെന്നു ഞാൻ വിശ്വസിക്കുന്നു.
തലയണ ചാരിവെച്ചു അമ്മാവന്റെ തലയുയർത്തി, ശരീരം മെല്ലെ മേലോട്ടാക്കി ചാരിയിരുത്തി. അമ്മാവന് എന്നിൽ നിന്നുകിട്ടിയ ആ കരുതലോടെയുള്ള താങ്ങു എന്തെന്നില്ലാത്ത ഒരു പുഞ്ചിരി പരുക്കനായ ആ മുഖത്തു കാണാമായിരുന്നു. അച്ഛനും അമ്മയും വലിച്ചെറിഞ്ഞ എനിക്ക് എന്നും സംരക്ഷകനായി നിന്ന അമ്മാവന് അവരുടെ ആപത്തുകാലത്തു എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർഥ്യം എന്റെ മനസ്സിലും.
No comments:
Post a Comment