Thursday, December 6, 2018

അപൂർണ്ണ ജീവിതം - കഥ

എല്ലാവരുടെയും വിലക്കുകളെയും എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് ഞങ്ങൾ രണ്ടു പേരും വിവാഹത്തിന് തയ്യാറായത്. ഞാനും ജിഷിതയും രണ്ടു  മതക്കാരായതിനാൽ ഞങ്ങളുടെ കുടുംബക്കാർക്ക് ഈ ബന്ധം നടക്കുന്നതിനോട് തീരെ ഇഷ്ടമില്ലായിരുന്നു.

മതങ്ങൾക്കപ്പുറമാണല്ലോ രണ്ടുമനസ്സുകൾ തമ്മിലുള്ള പൊരുത്തം. അതിനു വഴങ്ങുന്ന തരത്തിൽ ഞങ്ങളുടെ മനസ്സുകൾ എന്നേ പാകപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയെറിഞ്ഞു ആ സാഹസത്തിന് -"രജിസ്റ്റർ മാര്യേജ്"- മുതിർന്നത്.

കല്യാണം കഴിഞ്ഞു എട്ടു മാസമായി കാണും. ജിഷക്ക് നിർത്താതെയുള്ള ഛർദിയും തലകറക്കവും. രണ്ടുപേരും ഗുരുവായൂർ ജെമിനിയിലാണ് വർക്ക്‌ ചെയ്യുന്നത്. മാനേജരെ വിളിച്ചു ജിഷയ്ക്കുള്ള അസുഖത്തെ കുറിച്ച് പറഞ്ഞു. 

"ഇന്നത്തേക്ക് ഒരു ദിവസത്തെ ലീവ് വേണം സാറേ. ഞങ്ങൾ ഡോക്ടറെ കണ്ടിട്ട് നാളെ വരാം". 

"കൺഗ്രാജുലേഷൻസ്"

"ആ, ആ.. പോയി വാ.., വരുമ്പോൾ ലഡുവുമായി പോരെ". മാനേജർ പറഞ്ഞു. 

എനിക്ക് സന്തോഷംകൊണ്ടു എന്തുചെയ്യണമെന്ന് അറിയാതെ തുള്ളിച്ചാടുകയായിരുന്നു. വീട്ടുകാരും കുടുംബക്കാരും ഉപേഷിച്ചതിൽപിന്നെ ഞങ്ങൾക്ക് ഉറ്റവരും ഉടയവരുമായി ഒരു അഥിതികൂടി വരുന്നത് ഒരു ഉത്സവമായിരുന്നു.

ഡോക്ടർ ഒന്നുരണ്ടു ടെസ്റ്റിന് എഴുതി. റിസൾട്ട് വാങ്ങി ഓടി ഡോക്ടർ പോകുന്നതിനുമുന്നെ ക്യാബിന്റെ മുന്നിലെത്തി. 

"എങ്ങനെയെങ്കിലും ഇന്ന് ഈ റിസൾട്ട് ഡോക്ടറെ കാണിക്കണം. നാളെ വീണ്ടും ലീവ് ചോദിച്ചാൽ ഇന്ന് പറഞ്ഞപോലെയായിരിക്കില്ല മാനേജരുടെ മറുപടി".

"ജിഷ"

നേഴ്‌സിന്റെ വിളികേട്ടാണ് ആലോചനയിൽ നിന്ന് ഉണർന്നത്.

എന്റെ വെപ്രാളം കണ്ടുകൊണ്ടിട്ടാവണം ഡോക്ടർ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു - "കുഴപ്പമില്ലടോ... താങ്കൾ ഒരച്ഛനാകാൻ പോകുന്നു".

എന്റെ സന്തോഷം അണപൊട്ടിയൊഴുകി. ഡോക്ടറും നേഴ്സുമാരും നോക്കി നിൽക്കെത്തന്നെ ഞാൻ ജിഷയുടെ നെറുകയിൽ ഉമ്മവെച്ചു.

പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു. മാസംതോറുമുള്ള ചെക്കപ്പു തുടരുന്നുണ്ടായിരുന്നു. മൂന്നാം മാസം സ്കാനിങ്ങിന് എഴുതി തന്നു.

"ഇപ്പൊ കുഞ്ഞിനെ വേണ്ടാന്ന് വെക്കുന്നതായിരിക്കും നല്ല തീരുമാനം. ജിഷയുടെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാനുള്ള ശേഷി ഇല്ല". ഡോക്ടറുടെ ഈ വെളിപ്പെടുത്തൽ ഞങ്ങളിൽ അതുവരെയുണ്ടായിരുന്ന സന്തോഷത്തിന് മങ്ങൽ വീണു.

"എന്തുവന്നാലും ഞാനിതിന് സമ്മതിക്കില്ല. എന്റെ ഉദരത്തിൽ മൊട്ടിട്ട ആ ജീവനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല" ജിഷ അലറിക്കരഞ്ഞു.

ഞാൻ അവളെ നന്നേ പാടുപ്പെട്ടു ഒന്നു സമാധാനിപ്പിക്കാൻ.

"മോളുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നെയാവട്ടെ". അവളെ സമാധാനിപ്പിച്ചു.

ഒടുവിൽ എന്റെയും അവളുടെയും പിടിവാശിക്കുമുന്നിൽ നിസ്സഹാനായ ഡോക്ടർ ഒന്നുംപറഞ്ഞില്ല.

അവൾക്കു ഗർഭപാത്രത്തിൽ കാൻസറാണ്  എന്ന വിവരം എന്നെ ധരിപ്പിക്കാൻ ഡോക്ടർ മറന്നില്ല. ഇപ്പോൾ മതിയായ സംരക്ഷണമാണ് വേണ്ടത്. ഗർഭിണിയായതുകൊണ്ട് മറ്റു ചികിത്സകൾക്ക് സാധ്യമല്ല. രോഗിയെ പരമാവധി അറിയിക്കാതിരിക്കാൻ ശ്രമിക്കുക എന്നായിരുന്നു ഡോക്ടറുടെ ഉപദേശം.

ദിവസം ചെല്ലുംതോറും അവളുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നു. ഏഴാം മാസം നടത്തിയ സ്കാനിങ്ങിൽ "കുഞ്ഞിനും അമ്മയ്ക്കും തീരെ പ്രതീക്ഷ വേണ്ട...പിന്നെയെല്ലാം ദൈവത്തിന്റെ അത്ഭുതങ്ങളായിരിക്കും" - എന്നാണ് ഡോക്ടർ പറഞ്ഞു

വേദനയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത് പുറത്തേക്കു കാണിക്കാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. എനിക്ക് അതൊന്നും താങ്ങാൻ പറ്റില്ല എന്നവൾക്കറിയാം. ഞാനെന്തെങ്കിലും ചോദിച്ചാൽ അവൾ തടഞ്ഞുനിർത്തിയ അണ  പൊട്ടിയൊഴുകുമെന്നറിയാവുന്നതു കൊണ്ട് അവൾക്ക് നേരെ ഞാനും  മുഖം കൊടുക്കില്ല. എന്റെ വേദനയും സങ്കടങ്ങളും എന്റെ മനസ്സിൽ ഒതുക്കി തീർക്കും.

പരീക്ഷണങ്ങൾ നടത്തുന്ന ദൈവത്തിന്റെ വികൃതികളോട് വെറുപ്പാണ് ഇപ്പോൾ തോന്നുന്നത്. അനുഗ്രഹിക്കേണ്ടിടത്തു നിഗ്രഹമായാലോ: - "എന്തിനാണീ നരകതുല്ല്യമായ ജീവിതം".

"കഴിഞ്ഞുപോയ ജന്മത്തിലെ പാപങ്ങൾക്ക് എന്തിനാണ് ഞങ്ങളെ ശിക്ഷിക്കുന്നത്? ഈ ജന്മത്തിൽ ഞങ്ങൾ ചെയ്യുന്ന പുണ്ണ്യങ്ങളെ നിനക്ക് കണ്ണ് തുറന്നു കണ്ടുകൂടെ?" ഈറനണിഞ്ഞ കണ്ണുകളുമായി ഹോസ്പിറ്റലിലെ ചില്ലുകൂട്ടിലിരിക്കുന്ന ദൈവങ്ങളോട് രാജേഷ് കേണപേക്ഷിച്ചു.

വളരെ പ്രതീക്ഷയോടെയായിരുന്നു ജീവിതത്തിന്റെ ഊടുംപാവും തീർത്തത്. എല്ലാം ഇത്രപെട്ടെന്ന് തകിടംമറിയുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഒരേ താളത്തിലായിരുന്നു ഞങ്ങൾ ഇഴയടുപ്പത്തോടെ ജീവിതത്തിന്റെ നൂൽനൂറ്റിരുന്നത്. അതിന്റെ സന്തോഷത്തിൽ മതിമറന്നിരിക്കുമ്പോഴും ഞങ്ങളറിയുന്നില്ല "കട്ടപിടിച്ചു കിടന്നിരുന്ന ആ ദുർഭൂതത്തെ".

അവളുടെ ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ പ്ലസും മൈനസും ചേർന്നുള്ള പൂജ്യത്തെ കുറിച്ച് ഞങ്ങൾ അജ്ഞരായിരുന്നു.

"ചേട്ടാ എനിക്ക് ഭയങ്കര വയറു വേദന"

"സഹിക്കാൻ പറ്റുന്നില്ല" അവൾ അലറികൊണ്ടിരുന്നു.

"വെറുതെയല്ല വയറുവേദന വല്ല കണ്ടതും പിടിച്ചതും വാരി വലിച്ചു തിന്നുമ്പോൾ ഓർക്കണം" ഞാൻ അവളുടെ അസുഖം അവളെ അറിയിക്കാതെ വിഷമം കടിച്ചൊതുക്കി ഒച്ചവെച്ചു,

"മറ്റുള്ളവർ എന്ത് വിചാരിക്കും രാജേഷേട്ടാ, നമ്മൾ ഇങ്ങനെയൊക്കെയാണന്നല്ലേ ആൾക്കാർ വിചാരിക്കൂ"

അവൾക്ക് എന്തെങ്കിലും വരുമ്പോൾ എനിക്ക് വിഷമം കൊണ്ടു ഒരുതരം ദേഷ്യം വരുന്നത് സ്വാഭാവികമാണ് അതവൾക്കറിയാം. എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അതുകാണിക്കുന്നത് അവൾക്കിഷ്ടമില്ല.

"വേദന കൊണ്ട് അവൾ കണ്മുന്നിൽ കിടന്ന് പിടയുമ്പോൾ എത്ര നേരം നോക്കി നിൽക്കും. കാലം ഇത്രയായിട്ടും അവളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ പോലും നൊന്തുപോകുന്ന ഒരു മനസ്സായിരുന്നു എന്റേത്.

നേഴ്‌സുമാർ വന്നു എമർജൻസി സെക്ഷനിലേക്കു കൊണ്ടുപോയി. കൂടെ ഞാനും പോയി.

"ഇത്തിരി സീരിയസാണ്. ഇനി കാക്കാൻ പറ്റില്ല. എത്രയും പെട്ടെന്ന് ഓപ്പറേഷന് കയറ്റണം" ഡോക്ടർ പറഞ്ഞു,

അടുത്തിരുന്ന എന്റെ കരങ്ങളിൽ അവൾ മുറുകെ പിടിക്കുന്നുണ്ടായിരുന്നു. വേദനയുടെ തേങ്ങൽ എന്റെ കരളു പിടഞ്ഞു. അവളെ കൂടുതൽ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു.

അവളുടെ മുഖത്ത് നോക്കുമ്പോൾ ആകെ വിഷമമാണ്. ഗർഭിണിയായിരിക്കുമ്പോൾ തടിച്ചുതുടുത്തുവരേണ്ട ശരീരം ഒരസ്ഥികൂടം പോലെയായിരിക്കുന്നു. നല്ലകണ്ണുകളും അഴകാർന്ന മുടിയും ഉണ്ടായിരുന്ന അവളെ തിരിച്ചറിയുന്നില്ല.  

ഓപ്പറേഷൻ ഇത്തിരി സീരിയസാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എല്ലാ മുൻകരുതലുകളും ഹോസ്പിറ്റലിൽ എടുത്തിട്ടുണ്ട്.  എന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി  ഡോക്ടർ ഓപ്പറേഷന് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു തന്നിട്ടുണ്ട്.

അവൾ വേദന കൊണ്ട് എന്തൊക്കൊയോ പറയുന്നുണ്ട്.

"ജീവിതം എന്നതിന് ഒരു നിർവ്വചനം നീ പറയാറുണ്ടല്ലോ? നീയും ഞാനും ഒരു നിഴലായ് നിൽക്കുമ്പോൾ മാത്രമാണ് സംഭവിക്കുന്ന ഒരു പ്രക്രിയ അല്ലെ? ഇനി അവിടം പ്രകാശം നഷ്ടപ്പെട്ടു ഇരുട്ടു കയറുകയാണോ?"

"സൂര്യൻ ഒരു കുഞ്ഞുപൊട്ടുപോലെ കടലിലേക്ക് മറഞ്ഞു പോകുന്നപോലെ എല്ലാം അവസാനിക്കുകയാണോ ചേട്ടാ...?"

"എന്റെ ചേട്ടൻ പാവമാണ്"

"ആ പാവം ജോലി ഉപേക്ഷിച്ചാണ് എനിക്കുവേണ്ടി ഈ കാവൽ നിൽക്കുന്നത്".

ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ആരും കാണാതെ അവൾ  ഓപ്പറേഷൻ തിയ്യറ്ററിൽ കിടന്നു തുടച്ചു കളഞ്ഞു... 

"ഈ മരുന്ന് വാങ്ങണം".

നേഴ്സ് ഒരു കുറിപ്പു കൊണ്ടുവന്നു പറഞ്ഞു.

അമല ഹോസ്പിറ്റലിന്റെ പടിയിറങ്ങി സുബോധം നഷ്ടപ്പെട്ട പോലെ രാജേഷ്  നടന്നു.  തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും ജനങ്ങളും ഒന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. അപ്രതീക്ഷതമായി പെയ്ത മഴയിൽ നനഞ്ഞു കുതിർന്നുവെങ്കിലും അതിനെ ഗൗനിച്ചില്ല. മഴക്ക് പിന്നെയും ശക്തികൂടുകയാണ്. നനഞ്ഞു കുതിർന്നു മരുന്നുമായി അവിടെയെത്തുമ്പോഴേക്കും സിസേറിയൻ കഴിഞ്ഞിരുന്നു, 

"രാജേഷ്?"
"ആൺകുഞ്ഞു പിറന്നിരിക്കുന്നു" - നേഴ്സ് കുട്ടിയുമായി വന്നു പറഞ്ഞു.

"എന്റെ ജിഷിത"

"ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ. പിന്നെ എല്ലാം ദൈവം തീരുമാനിക്കും" - നേഴ്‌സിന്റെ പറച്ചിൽ കേട്ട് അയാൾ സ്തബ്ധനായി.

ബ്രേക്കി തെറാപ്പിയാണ് പ്രതിവിധിയെന്നു ഡോക്ടർ പറയുന്നത്. ഓങ്കോ സ്പെഷ്യലിസ്റ് ഇന്ന് ലീവിലാണ്. അദ്ദേഹം വന്നാലേ ഇത് നടക്കൂ, അദ്ദേഹം ഇന്ത്യയിലെ പ്രമുഖനാണ്. ഡോക്ടറെ എടുക്കാനായി ആംബുലൻസ് തിരിച്ചിട്ടുണ്ട്.സിസ്സേറിയൻ കഴിഞ്ഞ ഉടനെ ഇത് സാധ്യമാണോ എന്നറിയില്ല.

മഴകൊണ്ട് ഇറ്റിവീഴുന്ന മഴത്തുള്ളികളോടൊപ്പം അയാളുടെ  കണ്ണീരും ഒഴുകി കൊണ്ടിരുന്നു. ഒരദൃശ്യ ശക്തി എന്തൊക്കെ അയാളിൽ നിന്ന് അടർത്തി മാറ്റുന്ന പോലെ തോന്നി.

മരവിച്ച ഹൃദയവുമായി രാജേഷ് ഗ്ലാസ്സിലൂടെ അവളുടെ ഒരു നോക്ക് കാണാൻ കൊതിച്ചു നിന്നു.

."ജീവിച്ചു കൊതിതീർന്നിട്ടില്ല ചേട്ടാ,  ദുർഗന്ധം വമിക്കുന്ന ഈ ശരീരവുമായി ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല.നമ്മൾ കുറച്ചെങ്കിലും ജീവിച്ചല്ലോ? അടയാളമായി ഞാൻ നമ്മുടെ മോനെ ഏൽപ്പിക്കുന്നു". 

"ഇനി മിനിറ്റുകൾ ഇടവിട്ടു ഐ.സി.യു.വിന്റെ ഗ്ലാസ് ഡോറിൽ വന്നുനിന്നു  നോക്കേണ്ട. എല്ലാം ഏകദേശം തീരുമാനമായീന്നാ തോന്നണേ. നഴ്‌സുമാരുടെയും  ഡോക്ടർമാരുടെയും  ചർച്ച ആ വഴിക്കാണ് പോണത്. കാത്തു നിൽക്കേണ്ട. നീ എനിക്കായ് തന്നിരുന്ന ചൂടുള്ള ചുംബനങ്ങൾ സമ്പാദ്യമായി ഞാൻ കൊണ്ടുപോകാണ്"

പൊടുന്നനെ മോണിറ്ററിൽ ഏറിയും കുറഞ്ഞും നിന്നിരുന്ന ഗ്രാഫുകൾ ഒരു നേർരേഖയായി മാറി. എഴുതി തീരാത്ത കഥയിലെ താളുകളെ പോലെ, അപൂർണമായ ആ ജീവിതം നിശ്ചലമായി..

No comments: