Thursday, December 6, 2018

അഞ്ഞൂറും ആയിരവും - കഥ

'ഇത് ഞാൻ ആരുടേയും മോഷ്ടിച്ചതല്ല'  എല്ലാവരോടും കല്യാണി ആണയിട്ടു പറഞ്ഞു.

എന്നാൽ സ്നേഹാലയത്തിലെ ആരും അത് വിശ്വസിക്കാൻ തയ്യാറല്ലാത്തതുപോലെ. വാർഡനും, മാനേജരും ശകാരത്തിന്റെ വാളുയർത്തി സംസാരിച്ചു കൊണ്ടിരുന്നു.

എല്ലാവരുടെയും സംശയം ഇത്രയും കാശ് എന്റെ കയ്യിൽ എങ്ങനെ വന്നുചേർന്നുവെന്നായിരുന്നു.

ഈ നശിച്ച നോട്ടു നിരോധനം വന്നില്ലായിരുന്നെങ്കിൽ ഞാൻ എന്റെ പൊന്നുമക്കൾക്ക് കരുതി വെച്ച ഈ അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടുകൾ ആരെയും കാണിക്കില്ലായിരുന്നു - കല്യാണി മന്ത്രിച്ചു.

ഭർത്താവ് മരണപ്പെട്ടതിൽ പിന്നെ മകനും മരുമകളും കൂടി കല്യാണിയെ സ്നേഹാലയത്തിലാക്കി. 

'അവർക്കു ഞാൻ ബാധ്യതയായിയെന്ന തോന്നലായിരിക്കാം എന്നെ ഇവിടെ ഉപേക്ഷിച്ചത് എന്ന് കല്ല്യാണി അന്തേവാസികളോട് ഇടയ്ക്കിടെ പറയുമായിരുന്നു.

'എങ്കിലും എന്റെ മോൻ പാവമാണ്'. 

'അവന് ബുദ്ധിയില്ലാണ്ടാ ഇങ്ങനെ പെരുമാറുന്നേ'.

എങ്കിലും ഇടയ്ക്കിടെ അവർ എത്തിനോക്കാറുണ്ടെന്നത് കല്യാണിക്കു ഒരാശ്വാസമാണ്. വരുമ്പോഴൊക്കെ എന്തെങ്കിലും പോക്കറ്റ് മണിയായി കൊടുക്കാറുമുണ്ട്.

തനിക്ക് സമ്മാനമായി കിട്ടുന്ന പൈസ കല്യാണി തുണി ഭാണ്ഡങ്ങളുടെയിടയിൽ തിരുകി ആ പഴയ ബാഗിലാണ് വെക്കാറ്.

'എല്ലാവരും  എന്നെ  കള്ളിയെ പോലെയാണ് നോക്കുന്നത്'.

അവർ പരസ്പരം പറയുന്നുണ്ട് - 'കണ്ടാൽ പറയില്ല ഇതരക്കാരിയെന്ന്'.

അവരിങ്ങനെ നോക്കുമ്പോഴും, പറയുമ്പോഴുമൊക്കെ കല്ല്യാണിക്ക് തോന്നി - 'ഞാൻ കള്ളിയാണോയെന്നു'?

കഴിഞ്ഞ ആഗസ്തിലായിരുന്നു കല്യാണിയെ മകനും മരുമകളും കൂടി ഈ  സ്നേഹാലയത്തിൽ കൊണ്ടുവന്നാക്കിയത്. 

'ഒട്ടും താല്പര്യമില്ലായിരുന്നു എന്റെ മകനെയും പേരകുട്ടികളെയും വേർപിരിഞ്ഞു കഴിയാൻ'.

അവൻ വളർന്നു വലുതായിട്ടും കല്യാണി അവനെ പായയിൽ മൂത്രമൊഴിക്കുന്ന ആ പഴയ കൊച്ചുകുട്ടിയെ പോലെയാണ് കാണുന്നത്.

പേരകുട്ടികളുടെ ജീവനായിരുന്നു അച്ഛമ്മ.

കല്യാണിക്കു ആരെങ്കിലും ബന്ധപ്പെട്ടവർ സ്നേഹത്തോടെ കൊടുക്കുന്ന കാശെല്ലാം പേരക്കുട്ടികൾക്ക് മിട്ടായിയും, വളയും, പൊട്ടും വാങ്ങികൊടുത്തായിരുന്നു അവ ചെലവാക്കിയിരുന്നത്. അത്  കല്യാണിയുടെ ഒരു സന്തോഷവും വിനോദവുമായിരുന്നു.

ഭർത്താവ് മരിച്ച ശേഷം  കല്യാണി ആകെ അസ്വസ്‌ഥയായിരുന്നു. എന്നാൽ മകൻ എന്നും ഒരാശ്വാസവും ജീവവായുവുമായിരുന്നു അവർക്കു.

അച്ഛന്റെ വേർപാട് അമ്മയ്ക്കുണ്ടാക്കിയ ആ ശൂന്യതയിൽ നിന്ന്  .അമ്മയെ മോചിപ്പിച്ചിരുന്നത് മകന്റെ സ്നേഹവാത്സല്യമായിരുന്നു.

അമ്മയ്ക്ക് സങ്കടം വരുമ്പോൾ ആശ്വസിപ്പിക്കാൻ പൊന്നോമന മകൻ കൂടെയുണ്ടായിരുന്നു.

കല്യാണിക്കു മകൻ വിവാഹം ചെയ്യുന്നതിൽ തീരെ താൽപര്യമില്ലായിരുന്നു. കരുതലുകൾ നഷ്ടപ്പെടുമെന്നുള്ള വിഷമം കല്യാണിയെ അലട്ടിയിരുന്നു.

മകന് ജോലി ചെയ്യുന്നിടത്തെ ഒരു പെൺകുട്ടിയുമായുള്ള സ്നേഹമൊക്കെ കല്യാണിക്കു അറിയാമായിരുന്നു.ആരൊക്കെ എതിർത്താലും അവൻ അതിൽ നിന്ന് പിന്തിരിയില്ല.

'കല്യാണം കഴിച്ചാലും അമ്മയ്ക്കു കരുതലായ്, താങ്ങായ്, തണലായ്‌ ഈ മകൻ എന്നും കുടെയുണ്ടാവും' എന്ന് മകൻ ആണായിട്ടുപറയുമായിരുന്നു.

അണ്ടിയോടു അടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളി അറിയൂ. കല്യാണ ശേഷം അവന്റെ മട്ടും, ഭാവവും ആകെ മാറിയിരുന്നു.അവൻ സ്നേഹം അഭിനയിക്കാൻ തുടങ്ങിയെന്ന സത്യം 'അമ്മ കാലങ്ങൾക്കു ശേഷം തിരിച്ചറിഞ്ഞിരിക്കുന്നു.

'എന്റെ മോന്  ബുദ്ധിയില്ലാത്തോണ്ടാ അവൻ ഇങ്ങനെ പെരുമാറുന്നത്' - കല്യാണി പറയും.മോൻ എന്നും അമ്മയുടെ ജീവനായിരുന്നു.

അന്യന്റെ വേദനകളിൽ സുഖമനുഭവിക്കുന്ന ഒരു പ്രകൃതമായിരുന്നു മകന്റെയും മരുമകളുടെയും സ്വഭാവം.  

അന്യന്റെ വേദന സ്വന്തം വേദനയാക്കി കൊണ്ടാണ്  കല്യാണി വളർന്നതും ജീവിച്ചതും. അതുകൊണ്ടു തന്നെ മകന്റെയും മരുമകളുടെയും കുറ്റപ്പെടുത്തലുകളിൽ കല്യാണിക്ക് ഒന്നും തോന്നാറില്ല.

സന്ധ്യാനാമം കഴിഞ്ഞു കുട്ടികൾക്ക് കഥ പറഞ്ഞും കവിത പാടിയും കല്യാണി ദിവസവും സന്തോഷത്തിന്റെ പൊടിപൂരം പൊടിക്കും.

അതായിരുന്നു കല്യാണിയുടെ പതിവ് പരിപാടി.

ഇന്നും ഇവിടെയെത്തിയിട്ടും  കല്യാണിയുടെ മനസ്സും ശരീരവും  ആ  തറവാട്ടു മുറ്റവും, വീടും, പേരക്കുട്ടികളെയും  തേടുകയായിരുന്നു.

അതുകൊണ്ടു തന്നെയാണ്  എന്നെങ്കിലും തിരിച്ചുപോയാൽ പേരക്കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി ഒരുംകൂട്ടി വെച്ചിരിക്കുന്ന ഈ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ.

അത് വാര്ഡന്റെയും മാനേജരുടെയും ഭാഷയിൽ മോഷണം.

'എത്ര കാലമായടി നീ ഈ പണി തുടങ്ങീട്ട്'.

'കുറച്ചു പഴയ ഡ്രെസ്സുമായല്ലോടി നിന്നെ ഇവിടെ പിണ്ഡം വെച്ചത്. നീ എത്ര തവണയാടി ഓഫീസ് റൂമിൽ കയറിയത്. നിന്നെ ഇന്ന് ശെരിയാക്കുന്നുണ്ട്' - വാർഡൻ ആക്രോശിച്ചു.

'ഇത് എനിക്ക് മകനും ബന്ധുക്കളും തന്നതാണ്. എന്ന്  ആണയിട്ട്  പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല'. 

'നിന്റെ മകനും ബന്ധുക്കളും .............'

'സത്യമായിട്ടും അവർ തരുന്നതാണ്'.

' അതൊക്കെ പറയുമ്പോൾ അവർ പുച്ഛത്തോടെ എന്നെ കള്ളിയെന്ന ഭാവത്തിലായിരുന്നു നോക്കിയിരുന്നത്'.

'എത്രയും പെട്ടന്ന് ഈ രാത്രി തന്നെ ഇവിടെ നിന്ന് ഇറങ്ങിക്കോളണം' - എന്ന വാർഡന്റെ ആജ്ഞ കല്യാണിയെ  വിഷമത്തിലാക്കി.

ഇനി എന്റെ മകൻ എന്നെ സ്വീകരിക്കാൻ വരുമോ? വരില്ലെങ്കിൽ എവിടെ പോകും എന്ന ചിന്ത കല്യാണിയെ അസ്വസ്ഥയാക്കി.

'എന്റെ ഭാണ്ഡകെട്ടിൽ നോട്ടുകൾ കണ്ടത് വാർഡനോട് അറിയിച്ച റസിയാത്തായും റൂമിലെ മറ്റു അന്തേവാസികളും ഓഫീസ്‌റൂമിൽ നിന്ന് ഓരോരുത്തരായി പിറകെ, പിറകെ റൂമിലേക്ക് പോയി. പോകുമ്പൊഴേക്കോ അവരുടെയെല്ലാം നോട്ടം ഞാൻ കള്ളിയായിരിക്കും എന്ന വിധത്തിലായിരുന്നു'.

ഒരു കമഴ്ന്ന ഇല മലർത്തിയിടുന്ന ശീലം കല്യാണിക്കില്ല. അന്യന്റെ മുതലിനോട് ഒരാഗ്രഹവുമില്ല. നമ്മുക്ക് അർഹതപ്പെട്ടതു വന്നു ചേരുമെന്നാണ് വിശ്വാസം.

അങ്ങിനെയാണ് മാതാപിതാക്കൾ അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.

എന്നിട്ടും കൂടപ്പിറപ്പുകളെ പോലെ കരുതിയിരുന്ന അന്തേവാസികളാരും വിശ്വസിക്കാത്തതിലുള്ള വിഷമം കല്യാണിയിൽ വേദനയുടെ ആഴം കൂട്ടി.

'വീട്ടിലും മക്കളുടെ മൊതല് മോഷ്ടിക്കുന്നതോണ്ടാവും ഇങ്ങോട്ട് കെട്ടുകെട്ടിച്ചത്' - വാർഡൻ പരിഹാസത്തോടെ പറഞ്ഞു.

'ഇയാളുടെ മക്കളെ വിവരം അറിയിച്ചോ'?  മാനേജർ വാർഡനോട് ചോദിച്ചു.

അറിയിച്ചു.

'അല്ല, ഇവളെ ഇവിടെ വെച്ച് പൂജിക്കാനല്ലേ? നാശം എങ്ങിനെയെങ്കിലും ഇവിടെ നിന്ന് ഒഴിഞ്ഞു കിട്ടിയാൽ മതി'.

'ഇവൾടെ എല്ലാ കെട്ടും ഭാണ്ഡവുമൊന്നു വിശദമായി പരിശോധിക്കൂ മാഡം. എല്ലാ മുക്കും മൂലയും അരിച്ചു പെറുക്കാൻ മിടുക്കിയല്ലേ മാഡം ' - മാനേജർ വാർഡനോട്  എന്തോ അർത്ഥം  വെച്ച് പറഞ്ഞു.

'ഹോസ്റ്റലിലെ എന്തൊക്കെ സാധനങ്ങളാണ് ഇവൾ അടിച്ചുമാറ്റിയത് എന്നറിയില്ല'.

'ഇനി വല്ലതും അടിച്ചോടി'?

വാർഡൻ ചോദിച്ചു.

ആരുടേയും ഒരു സാധനത്തിനോടും ആർത്തിയോ ആഗ്രഹമോ ഒട്ടും ഒരു കാലത്തും ഉണ്ടായിട്ടില്ല. അർഹതയില്ലാത്ത ഒന്നിനും ഒരാഗ്രഹവും തോന്നിയിട്ടില്ല.

എന്നിട്ടും കള്ളിയെന്ന അവരുടെ ആക്ഷേപം ഈ രാത്രി വേദനയുടെ കണ്ണീരിൽ അപമാനത്തിന്റെ കടലിൽ മുങ്ങിതാണു.

രാത്രി ഏറെ വൈകി. വാർഡനും മാനേജരും കിടക്കാനായി അവരുടെ റൂമിലേക്ക് പോയി.

കല്യാണി ഓഫീസ് റൂമിൽ നിലത്തു കൂനികൂടിയിരുന്നു.

ഓഫീസിലെ ഇരുട്ടുമാത്രം കല്യാണിക്ക് തുണയായി.

തറവാട്ടിലേക്ക് ഇനിയും ഒരു തിരിച്ചുപോക്ക് സാധിക്കുമോ? ഈയൊരവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട എന്നെ സ്വീകരിക്കാൻ അവർ വരുമോ? ഇവിടെ നിന്ന് ഇറങ്ങിയാൽ ഇനി എങ്ങോട്ടു എന്ന് ചിന്തിച്ചു കണ്ണടച്ചിരുന്നു.

അവർ വരുമെന്ന പ്രതീക്ഷ കല്യാണിയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർത്തുള്ളികൾ പൊടിഞ്ഞു. പേരക്കുട്ടികളുമായുള്ള സന്തോഷനിർഭരമായ നിമിഷങ്ങൾ കല്യാണിയുടെ മനസ്സിൽ പോയി മറഞ്ഞു.

നേരം വെളുത്തത് കല്യാണി അറിഞ്ഞിരുന്നില്ല. ചിന്തയുടെ ലോകത്തു സ്വപനങ്ങൾ നെയ്തു വിദൂരതയിൽ കണ്ണുംനട്ട് കല്യാണി ഇരുന്നു. പ്രഭാതത്തെ തേടിയുള്ള സൂര്യോദയം പോലെ.

No comments: