Sunday, October 12, 2014

വ്യഥ - നളിനാക്ഷൻ ഇരട്ടപ്പുഴ




നാടിൻറെ മണവും
നാടിൻറെ മോടിയും 
നാടിൻറെ പ്രൌഡിയും
വാടി തളർന്നില്ലാതായി... 

നാളത്തെ കരുതലായ്‌ 
കുത്തി മുളപ്പിച്ച 
പുതു നാമ്പുകളോരോന്നും 
കത്തി കരിഞ്ഞില്ലാതായി... 

ദാഹം ശമിപ്പാനായ് 
കെട്ടി പടുത്ത 
കിണറും കുളവും 
വറ്റി വരണ്ടില്ലാതായി... 

ഹിതമല്ല കർമത്തിൻ 
പ്രതിലോമ  രൂപം  
നാടിൻ ഹരിതാഭ 
തല്ലി തകർത്തില്ലാതാക്കി....

Wednesday, October 8, 2014

ജീവിത യാത്ര - നളിനാക്ഷൻ ഇരട്ടപ്പുഴ



പ്രഭാത സൂര്യൻ വാടിയ മുഖവുമായാണ് കിഴക്ക് പ്രത്യക്ഷപ്പെട്ടത്. വൃശ്ചിക കാറ്റ് ശരീരത്തിനും മനസിനും വരൾച്ച വിതച്ചു. വേദനയുടെ നേരിപോട് നീറി നീറി കൊണ്ടിരുന്നു.

പടിഞ്ഞാറ് വള്ളക്കാർ മീനുമായി വന്നത്തിന്റെ ഒച്ചയും ബഹളവും കാതിൽ മുഴങ്ങി കൊണ്ടിരുന്നു. കടലിൽ പോവാത്തവർ കറിക്കുള്ള മീൻ വാരുന്നത് തടയുന്നതും, അവരോട് കാതിനെ നാണിപ്പിക്കുന്ന തരത്തിലുള്ള സ്രാങ്കിന്റെ തെറിവിളിയും പൊടിപൊടിക്കുന്നു. 

തിരകൾ ഒഴുകി പോയ തീരത്ത് കൂടെ കാലടികൾ പതിച്ച്  നടക്കുമ്പോൾ പ്രതീക്ഷയുടെ തിരകൾ വീണ്ടും ഓടിയെത്തുന്നു. 

കടപ്പുറത്ത് ഞാൻ വരുന്നത് അച്ഛന് ഒരിക്കലും ഇഷ്ടമില്ലായിരുന്നു. എന്തായാലും കടപ്പുറം ഞങ്ങളുടെ ജീവിതത്തിന് ഒരു താളവും കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണോ അതോ അച്ഛന് എത്തിപ്പെടാൻ പറ്റാത്ത വിദ്യാഭ്യാസം മക്കൾക്ക്‌ അന്യമാവതിരിക്കാനാവാം കടപ്പുറത്ത് എന്നെ  കാണുന്നത് നിരുൽസാഹപ്പെടുത്തുന്നത്. എങ്കിലും ഞാൻ എത്തിയാൽ ഞങ്ങൾക്ക്‌  വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത മീനുകൾ അച്ഛൻ ഒരു പാളയിൽ വെച്ച് എന്റെ കയ്യിൽ തരും. അത് ആരും കാണാതെ ഏതെങ്കിലും വഞ്ചിയിടുക്കുകളിൽ വെച്ച് നേരെ തിരിച്ച്  വന്ന് വലിയ നീളം കൂടിയ വഞ്ചി വെള്ളത്തിൽ  നിന്ന് കരയിലേക്ക് കയറ്റാൻ പാടുപെടുന്നവരുടെ കൂടെ കൂടും. അച്ഛന് ഒരു താങ്ങ് സഹായം ആയിക്കോട്ടെ...

പ്രായം തലയിൽ നിര കയറിയിട്ടും കഷ്ടപ്പാടുകളുമായുള്ള ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനായി അച്ഛൻ പാടുപെടുമ്പോൾ എന്നെ  കൊണ്ട് പറ്റുന്നത്  അച്ഛനെ സഹായിക്കാനാണ് ഞാൻ കടപ്പുറത്ത് പോവുന്നതും, പരിചിതമല്ലാത്ത വേലയിൽ പങ്കാളിയാവുന്നതും.

കുതിർന്ന നനുത്ത മണലിലൂടെ നടക്കാൻ ഏറെ പണിപ്പെട്ടു. ഞാൻ വരുന്നുണ്ടോ എന്നോ എന്ന് ഇടയ്ക്കു തിരിഞ്ഞു നോക്കും. അച്ഛൻ നേരെ കയറിയത് കൃഷ്ണേട്ടന്റെ ചായകടയിലയിരുന്നു. ഞാൻ അനുസരണയുള്ള കുട്ടിയെ പോലെ കടയുടെ പുറത്തു കാത്തു നിന്നു.

അവനു ഒരു ചായയും, ഒരു കഷ്ണം പുട്ടും കൊടുക്ക്‌ കൃഷ്ണാ...

മോഹനാ... എന്ന് അച്ഛൻ ഉച്ചത്തിൽ വിളിച്ചു. വേഗം കഴിച്ചോളൂ. ഒരു ശാസനാ  രൂപത്തിൽ പറഞ്ഞു. 

വീട്ടിൽ നിന്ന് അരി വറുത്തിട്ട ചായയാണ് ദിവസവും കാലത്ത് ഞങ്ങളുടെ പാത്രങ്ങളിൽ നിറയുന്നത്.  പല ദിവസങ്ങളിലും അര പട്ടിണിയാണ്. ചോറും കറിയും ഞങ്ങൾക്ക് ഒരു പലഹാരമാണ്. 

ആർത്തിയോടെ അത് കഴിക്കുമ്പോൾ വിശപ്പിന്റെ വിറയൽ ശരീരമാകെ ആകെ അനുഭവപ്പെട്ടു.

മുകളിലേക്ക് നോക്കിയാൽ ഓല പഴുതിലൂടെ കണ്ണിലേക്കു തറക്കുന്ന സൂര്യ കിരണങ്ങൾ കഷ്ടപ്പാടിന്റെ തീവ്രത ഭീകരമായി തുറിച്ചു നോക്കുന്നു. മഴക്കാലത്ത്‌ ഓല കീറിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ ആദ്രമായ വേദനയുടെ കണ്ണീർ പൊഴിക്കുന്നു. വറുതിയുടെ ഇല്ലായ്മയിൽ പുര കെട്ടി മേഞ്ഞിട്ടു വർഷം രണ്ട് കടന്നു പോയത് എല്ലാവരും മറക്കാൻ തുടങ്ങി. ഈ വെയിലും മഴയും പരിചിതമായ കാലത്തിലൂടെ നടന്നു പോവാൻ കുടുംബം ശീലിച്ചിരിക്കുന്നു.


ഡൈനിങ്ങ് ടേബിളിൽ വെച്ച കൂജയിൽ നിന്ന് ഒരു കവിൾ  വെള്ളവും കുടിച്ചു മോഹനൻ പത്രക്കാരൻ പയ്യന് അലസമായി വലിച്ചെറിഞ്ഞ പത്രവുമായി തിണ്ണയിൽ ഇരുന്നു.

സൂര്യന്റെ കിരണങ്ങൾ കോലായിൽ പതിച്ചു തുടങ്ങി. പൊടി കാറ്റ് കോലായിൽ പൊടി പടലങ്ങൾ വിതറിയിരിക്കുന്നു.

ചാണകം മെഴുകിയ തറ പൂർണ്ണമായും തകർന്നിരിക്കുന്നു. 

'എന്റെ  ദൈവമേ എന്നാണാവോ  എനിക്ക് ഒരു അടചോറപ്പുള്ള പൊരേല് കേടന്നോറങ്ങാൻ പറ്റ്വാ'? 

'അല്ലെങ്കിലും എന്റെ വിധി. എവിടന്നൊക്കെ അനേവ്ഷണം വന്നതായിരുന്നു'. 

'എന്റെ ആങ്ങിളമാർക്ക്  ഈ ആണോരുത്തനെ പിടിച്ചുള്ളൂ'.   

അമ്മ, ഈ ദുരിതത്തെ അച്ഛന്റെ തലയിൽ കെട്ടിവെച്ച് ഒച്ചയും ബഹളവും വെച്ച് കൊണ്ടിരുന്നു. 

ഇത് ഒരു പതിവ് പരിപാടിയായത്  കാരണം അച്ഛൻ ചെവി കൊടുക്കാറില്ല. 

ഇന്നത്തെ പത്രത്തിൽ തിരുവനന്തപ്പുരത്ത് രു സ്വകാര്യ സ്ഥാപനത്തിൽ ഒരു കണക്കെഴുത്തുകാരന്റെ ജോലിയുണ്ടെന്നു കണ്ടു. അപേക്ഷ അയക്കാൻ ഒരു സംഖ്യതന്നെ വേണം. സർട്ടിഫിക്കറ്റ്  കോപിക്ക്‌ കൊടുക്കണം വലിയ തുക. കടപ്പുറത്ത് വലിയ മെച്ചം ഒന്നും ഇല്ലാത്ത കാരണം അച്ഛനോട് എങ്ങനെ ചോദിക്കും?

ഇടയ്ക്ക്  അച്ഛൻ എന്റെ തലയിണ അടിയിൽ ഞാൻ അറിയാതെ എനിക്ക് വേണ്ടി വെക്കുന്ന തുക മിക്കവാറും ലോട്ടറിക്കാരന്റെ കയ്യിലേക്കാണ് പോവാറ്.

അവിടെയും എന്റെ പരീക്ഷണം നടത്തുകയാണ്. "ഭാഗ്യ പരീക്ഷണം"?. 

കഷ്ടപ്പാട് രാശിയിൽ ജനിച്ചവർക്ക് എന്ത് ഭാഗ്യം. വെറും നിര്ഭാഗ്യം!

'കാറ്റിന്റെ കൂടെ ചൂട് അതിശക്തിയോടെ പതിക്കുന്നുണ്ട്. പണ്ടാരം ഒരു മഴ പെയ്തൂടെ? എന്തോരു  ചൂട്. എങ്ങിനെ ഈ മനുഷ്യര്  ഭൂമീല്  ജീവിക്കും....' അമ്മ പിറു പിറുത്തു കൊണ്ടിരുന്നു...

'കഴിഞ്ഞ കൊല്ലം ഇങ്ങനല്ലാര്ന്നു'

ചൂടായിരിക്കുന്ന ഈ അവസ്ഥയിൽ അമ്മയോട് ചോദിച്ചിട്ടു കാര്യമില്ല. എന്തായാലും ഭാസ്കരേട്ടന്റെ  പീട്യേല് ഒന്ന് പോയി നോക്കട്ടെ..

ഞാൻ  ഷർട്ടും എടുത്തിട്ട് നടന്നു.

ഹോ, സർക്കീട്ടിനു നേരായി... 

ഞാൻ പോവുന്നത് കണ്ടപ്പോൾ അമ്മ പറയാൻ തുടങ്ങി.

എന്റെ മോനും നാടും നാട്ടാരും പാർട്ടീം മതി. 

അവര്  വീട്ടീലെ ചെലവിന്  ഇപ്പോ എറക്കും.

ചുട്ടുപ്പൊള്ളുന്ന ചൂട് പുറത്തും ഹൃദയ കവാടത്തിൽ എന്തെന്നില്ലാത്ത ഒരു നീറ്റലും തോന്നി. കണ്ണിൽ വേദനയുടെ തുള്ളി നിറയാൻ വെമ്പൽ കൂട്ടി.

കഷ്ടപപാടുമായുള്ള ജനനം എന്റെ കുറ്റമല്ല. എന്നാൽ ഇനിയുള്ള ജീവിതവും കഷ്ടപ്പടോടെ ആയിരിക്കുന്നത് എന്റെതായിരിക്കുമെന്നു ഞാൻ തിരിച്ചറിയുന്നുണ്ട്.

കടയിൽ തിരക്ക് കുറവായിരുന്നു.

ഭാസ്കരേട്ടാ ...,

'കാശുണ്ടെങ്കിൽ എനിക്ക് ഒരു അമ്പത് രൂപ തരണം. കൊച്ചീലേക്ക്‌ ഒരു അപേക്ഷ അയക്കാനാ'.

അതിനെന്താ മോഹനാ നീ പേടിക്കണേ... വൈന്നേരവുമ്പോ ഞാൻ അങ്ങട് വരാം. ഇപ്പൊ പെട്ടിലൊന്നും വീണിട്ടില്ല കുട്ടീ..

നീ ധൈയിര്യായിട്ടു  പൊയ്ക്കോളൂ.

മ്മക്ക് നാളെ അയക്കാലോ..

ഭാസ്കരേട്ടൻ നാട്ടിലെ  ഒരു ദയാലുവായ മനുഷ്യനാണ്. പറ്റ് വാങ്ങുന്ന സാധനങ്ങൾക്ക്  ആർക്കും കയ്യും കണക്കുമില്ല. കൊടുത്താൽ  കൊടുത്തു. അല്ലെങ്കിൽ ഗോവിന്ദ!!!

അയാളുടെ ലോല ഹൃദയത്തെ എല്ലാവരും മുതലെടുക്കും.

പണ്ട് ഒരു കാറപകടത്തിൽ ഭാര്യയും രണ്ട് ആണ്മക്കളും നഷ്ടപ്പെട്ടു.

മോളും ഭാസ്കരേട്ടനും ആ തീരാവേദന കടിച്ചമർത്തി ജീവിക്കുന്നു. 

മലായിൽ നിന്ന് സമ്പാദിച്ച സ്വത്തുക്കൾ ഇപ്പോഴും ഒരു മൂന്ന് തലമുറക്കു ജീവിക്കാനുണ്ട്. 

അതിന്റെ അഹംഭാവമൊ,അഹങ്കാരമോ മറ്റോ ലവലേശമില്ല. സൌമ്യനും മൃദുഭാഷിയുമാണ് ഭാസ്കരേട്ടൻ.

മകൾ രാധിക പ്രീ-ഡിഗ്രി ക്ക് പഠിക്കുന്നു. അച്ഛന്റെ പോലെ തന്നെയാണ് മകളും. മനുഷ്യ സ്നേഹിയാണ് അവൾ. അവളെ ഒറ്റ നോട്ടത്തിൽ ആരും ആകർഷിച്ചു പോവും.

ഭാസ്കരേട്ടന്റെ സാന്ത്വനം നിറഞ്ഞ വാക്കുകൾ എനിക്ക് ഒരാശ്വാസമായി. 

പടിഞ്ഞാറ് സ്ത്രീകളുടെ കരച്ചിലും ബഹളവും കേൾക്കുന്നുണ്ട്. ഞാൻ കടയിൽ നിന്ന് ധൃതിയിൽ  അങ്ങോട്ട്‌ പോയി.

തുപ്രങ്ങോട്ടുകാരുടെ കുളത്തിലായിരുന്നു ബഹളം. തുപ്രങ്ങോട്ടു തറവാട്ട്‌ കാരണവർ രാരുവേട്ടന് നാല് ആണ്‍മക്കൾ. അയാളുടെ മരണ ശേഷം സ്വത്തുക്കൾ  ഭാഗം വെച്ചിട്ടും  കുളം പൊതു സ്വത്താക്കി നിർത്തി. 

കുടുംബത്തിലുള്ള എല്ലാവരുടെയും നനയും കുളിയും അവിടെ നിന്നാണ്.

കുളത്തിന് രണ്ട് കടവുകളുണ്ട്. കാരണോംമാരായി രണ്ട്  പേർക്ക് വീതം ഓരോ കടവും  ഭാഗിച്ചു നല്കിയിട്ടുണ്ട്. കുട്ടിക്കാനുള്ള വെള്ളത്തിനായി ഓരോ കടവിലും ഈരണ്ട് കുഴികൾ കുഴിച്ചിട്ടുണ്ട്. ആർക്കും ആരെയും വിശ്വാസമില്ല. കുടിക്കുന്ന വെള്ളത്തിൽ പോലും കൈവിഷം ചേർക്കും പരസ്പരം പഴിചാരാറ്‌. രാത്രിയിൽ പോലും ആരെങ്കിലും കുഴിക്ക് കാവലിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്.

തെങ്ങിന് നനക്കാനായി വെള്ളം വാശിയോടെ കോരി കോരി വറ്റിയപ്പോൾ മണ്ണ് എടുക്കുന്നതിനെ ചൊല്ലിയാണ് തല്ല്. സീത അമ്മായിയും കമലമ്മായിയും വിട്ടു കൊടുക്കാൻ ഭാവമില്ല.

എടീ  ഇയയ് വല്ല്യ ശീലാവതി ആവണ്ടടി. കണ്ണികണ്ട ഡ്രൈ വറുമാരുടെ കൂടെ കിടന്നിട്ട് മോടക്കാച്ചരക്കയപ്പോൾ എന്റെ അന്യേന്റെ തലേല് നിന്റെ അമ്മ ദാക്ഷായണി കെട്ടി വെക്കായിരുന്നല്ലോ  നിന്നെ. ഇപ്പോൾ അവള് ഒരു പരിഷ്കാരി...

പോടീ എന്റെ ആണിനെ കിട്ടാതായപ്പോൾ തുപ്രങ്ങോട്ടുകാരുടെ സ്വത്തു കണ്ടു മഞ്ഞളിച്ചല്ലേ ഇല്ലാത്ത ഗർഭം പറഞ്ഞ്  നീ പൊരേല് കേറ്യേത്. കമലമ്മയി ഉച്ചത്തിൽ അലറി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.

തുപ്രങ്ങോട്ടെ പെണ്ണുങ്ങളുടെ മഹിമ നാട്ടിൽ പാട്ടാണ്. ആരും അവരെ കുറിച്ച് കമാന്നൊരു അക്ഷരം മിണ്ടില്ല. നാടുവാഴികളാണ് അവരുടെ കുടുംബങ്ങളായിട്ടു.

'നീ എവ്ടാർന്നട'

അമ്മ എന്നോട് ചോദിച്ചു.

'കണ്ണികണ്ട തുപ്രങ്ങോട്ടെ പെണ്ണുങ്ങളുടെ താടക നൃത്തം കാണാൻ പോയതാവും'

'പണീം ത്വോരെ ഇല്ലേല് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്ക്യാ'

ഞാൻ ഒന്നും പറയാതെ കിഴക്കേ മാവിന്റെ ചുവട്ടിൽ പോയി ഇരുന്നു. 

'ഇവിടെ ഇരിക്കുമ്പോൾ ചൂടിനു ഇത്തിരി ശമനമുണ്ട്. കൂടെ മനസമാധാനവും'!!!.

'മോഹനാ മോനെ നീ എവിടെ' അമ്മൂമ വിളിച്ച് ചോദിച്ചു കൊണ്ടിരുന്നു. 

'നീ അത് കാര്യാക്കണ്ട അവളേ മനസ്സിലെ വെഷമം കുറെ പറഞ്ഞാൽ തീരും'.

എനിക്കറിയാം അമ്മയ്ക്ക് എന്നോടുള്ള ദേഷ്യമല്ല ഈ കോപവും മറ്റും. മനസില്ലുള്ള വീർപ്പ് മുട്ടലുകൾ ഇങ്ങനെ പറഞ്ഞ് തീർക്കും. അല്ലെങ്കിലും ആറ്റുനോറ്റ് ഉണ്ടായതായാണ് ഈ ആണ്‍ത്തരി എന്ന് അമ്മ അഭിമാനത്തോടെ പറയും. അമ്മക്ക് എന്നെ പറ്റി ആരെങ്കിലും കുറ്റം പറയുന്നത് കേട്ടാൽ കളിപ്പാണ്.    

അമ്മൂമക്കും  എന്നെ വലിയ കാര്യമാണ്. ആർക്കും ഒരു ശല്യവുമില്ല. ഇടയ്ക്കിടയ്ക്ക് അമ്പലത്തിൽ പോവും. ആരെങ്കിലും കൊടുക്കുന്ന പൈസ കൊണ്ട് ഓരോരോ അമ്പലങ്ങളിലും എന്റെ പേരിൽ പുഷ്പാഞ്ജലി   നടത്തി തീർക്കും.

'മോഹനാ, നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് കുട്ട്യേ'

'ആരാ അമ്മൂമേ' 

'നിക്ക് നിശ്യല്ല്യ ന്റെ പാർട്ടിക്കാരാ'

ചന്ദ്രേട്ടനും, ഹമീദ് ഹാജീം...

എന്താ ചെയ്യാ... 

ആദ്യായിട്ടാ ഇവരൊക്കെ എന്നെ തിരഞ്ഞ് എന്റെ വീട്ടിൽ വന്നത്.

ഇരിക്കാനും മറ്റും കസേരയും മറ്റും ഇല്ല.

അമ്മൂമ വിരുന്നുകാർക്ക്  ഇരിക്കാനായി പൊതിഞ്ഞ്  കെട്ടി വെച്ച പുല്ലായി എടുത്ത് കൊണ്ട് വന്നു.

'ഇരിക്കൂ...'

അവരോട്  അമ്മൂമ പറഞ്ഞു.

'ഞങ്ങൾ ഇവിടെ നിന്നോളം അമ്മേ.'

ഞാൻ ഷർട്ട്‌  എടുത്തിട്ട് അകത്തു നിന്ന് വന്നു.

'കുറെ നാളായല്ലോ മോഹനാ നിന്നെ പാർട്ടി ഓഫീസിലും ഫീൽഡിലും  കണ്ടിട്ട്'. ചന്ദ്രേട്ടൻ പറഞ്ഞു.

പാർട്ടിക്ക് തന്റെ പൂർണ്ണ സമയ പ്രവർത്തനം ആവശ്യമാണെന്നാണ് ബ്ളോക്ക് കമ്മിറ്റി യോഗത്തിന്റെ തീരുമാനം. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എങ്ങിനെയെങ്കിലും ഈ വാർഡ്‌ തിരിച്ച് പിടിക്കണം. 

'മോഹനൻ വിചാരിച്ചാൽ അത് നടക്കൂന്നാ കമ്മിറ്റിയിൽ മൊത്തം പേരുടെയും അഭിപ്രായം' ഹമീദ് ഹാജി പറഞ്ഞു.

'വിദ്യാർത്ഥി രാഷ്ട്രീയം മാത്രം പോരാ മോഹനൻ ഭാവിയുള്ള ഒരു പ്രവർത്തകനാണ് ' 

രണ്ടു പേരും വാചാലമായി കൊണ്ടിരുന്നു.

'മോഹനൻ ഒന്നും പറഞ്ഞില്ല' ചന്ദ്രേട്ടൻ 

'നിങ്ങൾ രണ്ടുപേരും പറയുന്നത് മനസിലാവുന്നുണ്ട്. എന്റെ വീടിന്റെ അവസ്ഥ പാർട്ടിക്കറിയാവുന്നതല്ലെ? അച്ഛൻ മാത്രം വിചാരിച്ചാൽ ഞങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ട് പോവാൻ വളരെ പ്രയാസാണ്. എന്റെ ഒരു താങ്ങ് അവർ പ്രതീക്ഷിക്കുന്നുണ്ട്.'

'എത്രയും പെട്ടന്ന് ഒരു ജോലി തരപ്പെടുത്തണം. എന്നിട്ട് ജോലിയും ഒപ്പം പാർട്ടിയും കൂടെ കൊണ്ട്  പോവണന്നാ എന്റെ ആഗ്രഹം' 

'അതിന്  പാർട്ടി വേണ്ടത് ചെയ്യോല്ലോ' ചന്ദ്രേട്ടനും ഹാജിയും പറഞ്ഞു.

'എന്തായാലും ഞാൻ പറയാം'   

'മോഹനൻ എന്തായാലും പാർട്ടി ഓഫീസുമായി ബന്ധപെട്ട്  പ്രവർത്തിക്കണം'

ഞങ്ങൾ ഇറങ്ങാണ് .

അച്ഛൻ?

'വന്നിട്ടില്ല. കടപ്പുറത്താണ് '

എന്താ നിങ്ങൾ വന്ന കാലിൽ നില്ക്കണേ? അമ്മ ചോദിച്ചു കൊണ്ട് അകത്തു നിന്ന് വന്നു.

ഇല്ല ചേച്ചി. ഞങ്ങൾ കുറെ നേരായി വന്നിട്ട് ഇരിക്ക്യാർന്നു. ഞങ്ങൾ ഇറങ്ങാണ്.

'ചായ'

അമ്മ പകുതി ചോദിച്ചും ചോദിക്കാതെയുമായി ചോദിച്ചു.

ഇല്ല ചേച്ചി അടുത്ത തവണ.

ഹമീദ്ഹാജി എന്റെ തോളിൽ തട്ടി ഇറങ്ങി.


'മോഹനേട്ടൻ ഉണ്ടോ അമ്മൂമേ' 

രാധിക. 

ഭാസ്കരേട്ടന്റെ മകൾ.  

അവളുടെ ചോദ്യം കേട്ട് ഞാൻ അകത്ത് നിന്ന് വന്നു.

'എന്താ വല്യ ഉദ്യോഗത്തിന് പോണൂന്ന് പറേണെ കേട്ട്'

ഇല്ല രാധികേ ഒരപേക്ഷ അയക്കാനാ. ഇത് പോലെ എത്ര എണ്ണം അയച്ചതാ. ഒരു ശ്രമം അത്ര മാത്രം. ബാക്കിയെല്ലാം ഉടയ തമ്പ്രാൻ വിചാരിക്കെണ്ടേ?

അവൾ ഭാസ്കരേട്ടൻ  കൊടുത്തയച്ച പൈസ തന്നു കൊണ്ട് പറഞ്ഞു:

'അച്ഛൻ 50 ഉറുപ്പ്യ തന്നേൽപ്പിച്ചിട്ടുണ്ട് . ജോല്യൊക്കെ കിട്ടിയാൽ   നമ്മളെയൊക്കെ മറക്കോ'?

'അതെന്താ രാധികേ' 

എനിക്ക് അങ്ങിനെ പറ്റുമോ. ഈ നാടും നാട്ടാരും വീട്ടുകാരും കൂടിയതല്ലേ എന്റെ ജീവിതം. അതില്ലെങ്കിൽ എന്റെ ജീവിതത്തിന്റെ ഘടികാരം നില്ക്കും. പേരിന്റെ കൂടെ എന്റെ ഗ്രാമത്തിന്റെ പേര്  വെക്കുന്നത് നിനക്കറിയാലോ. ഞാൻ എന്റെ ഗ്രാമത്തെ ഊണിലും ഉറക്കത്തിലും നെഞ്ചോടു ചേർക്കുകയാണ്.

 'മോഹനചന്ദ്രൻ കൂട്ടുങ്ങൽ' 

'എന്താ രാധോ കുറെ നാളായല്ലോ കണ്ടിട്ട് '

സുമിത്രേച്ചി മുടി തലയിൽ പൊക്കി കെട്ടികൊണ്ട് അടുക്കളയിൽ നിന്ന് വന്നു.

'കുട്ടിടെ തടി ആകെ കുറഞ്ഞല്ലോ'

ആരെ കണ്ടാലും സ്നേഹം കൂടുതൽ പ്രകടിപ്പിക്കാൻ ഇത്തരം ചോദ്യങ്ങൾ സുമിത്രേച്ചി ചോദിക്കും. പത്താം ക്ലാസ്സ്‌ പാസ്സായിട്ടും കോളേജിൽ പോവാൻ വീട്ടിലെ പ്രാരാബ്ധം തടസ്സമായി. 'ഞാൻ പഠിച്ചില്ലേലും എന്റെ ഉണ്ണ്യേള് പഠിച്ച് വല്ല്യോരായ മതി. അപ്പൊ അവർ ഈ ചേച്ചിനെ നോക്കിക്കോളും'. ചേച്ചി സങ്കടത്തോടെ തന്റെ നഷ്ട സ്വപ്നങ്ങളെ ലളിത വല്ക്കരിക്കും. ഉള്ളിന്റെ ഉള്ളിൽ നീറുന്ന ഹൃദയത്തെ ആർക്കാണ്  വായിച്ചെടുക്കാൻ കഴിയാത്തത്.

'ആ അവിടെ സൊറ പറഞ്ഞ് ഇരുന്നോ. വെയില് കായിണേ മൂന്ന്-നാല് കുടം വെള്ളം കോരി ഒഴിക്കണം'.

'തെങ്ങിന്റെ പട്ട പഴുത്തു വീഴാൻ തുടങ്ങീർക്ക്ണു. അതുള്ളോണ്ടാ അരചൂട്ടാൻ കഴ്യേണെ'

അമ്മ ബഹളം വെച്ച് കൊണ്ടിരുന്നു.

'കുട്ടി എപ്പ വന്നു'?

രാധിക വന്നത് അമ്മ കണ്ടിട്ടില്ലായിരുന്നു.

ഉടുത്ത തുണികൊണ്ട് വിയർപ്പ്  തുടച്ച്  കൊണ്ട് ഞങ്ങൾ ഇരിക്കുന്നിടത്തേക്ക്‌ അമ്മ വന്നു.

'കുട്ടീനെ അവിടെ നിന്റെ അച്ഛൻ തിരക്ക്നുണ്ട്‌ കടേല്'. ഫതിമ്ത്ത കടയിൽ നിന്ന് പോണ വഴി പറഞ്ഞു.

അത് കേട്ട പാടെ അവൾ ഞങ്ങളോട് കൂടുതലൊന്നും പറയാൻ നില്ക്കാതെ ഓടി.

'വാ മക്കളെ, എല്ലാരും കൂടെ പത്ത്  തെങ്ങിന്റെ കട നനക്കാ' 

അമ്മടെ കൂടെ ഞങ്ങൾ കുടവുമായി പോയി. ഞങ്ങളുടെ കുളം ആറാള് അടി തഴച്ചയാണ്. അവിടെ നിന്ന് വെള്ളം കോരി നന കഴിയുമ്പോഴേക്കും ആകെ അവശതയായിട്ടുണ്ടയിരിക്കും.

ചേച്ചിയും ഞാനും ക്ഷീണം അറിയാതിരിക്കാൻ ഓരോരോ കഥകൾ പറഞ്ഞ് കുടം കൈമാറി, കൈമാറി കോരി കൊണ്ടിരിന്നു. ഞാനായിരിക്കും കുളത്തിൽ ചേച്ചിയുടെ കയ്യിൽ വെള്ളവുമായി കുടം എത്തിക്കുക. ചേച്ചി അമ്മയ്ക്കും കൊടുക്കും. അമ്മ തെങ്ങിൽ തടത്തിൽ ഒഴിച്ച് കൊടുക്കും. ഞങ്ങൾ ഒഴിച്ചാൽ അമ്മക്ക് തൃപ്തിയാവില്ല. 

ഇതിനൊക്കെ ഒരു വശം വേണന്നാണ് അമ്മയുടെ കമന്റു.

അത് ശെരിയാണ് ഞങ്ങൾ എത്ര ഒഴിച്ചാലും ഒഴിച്ചതായി കാണില്ല.


'അതെല്ലടാ നീ ആ രാധേട്ട് എന്താ ഒരു ചുറ്റികളി ഉള്ളപോലെ'

സുമിത്രേച്ചി എന്നെ ഒന്ന് ആകെ ചുഴറ്റി നോക്കി കൊണ്ട് ചോദിച്ചു.

'നിന്റെ ആ കൊഞ്ചി കൊണ്ടുള്ള സംസാരവും നോട്ടവും അങ്ങിട് ഒരു പിടീം കിട്ടുന്നില്ല മോനെ'

'ചേച്ചി എന്താ പറെണെ? പെങ്ങാമാരെ പോലെ കാണേണ്ട കുട്ട്യേളെ അങ്ങിനെ പാടുണ്ടോ?'

എന്നാലും എനിക്ക് അവളോട്‌ എന്തോ ഒരു 'ഇത്' തോനുന്നുണ്ട്.

'ഉം ഉം'

'പൂച്ച പാല് കുടിക്കണത് ആരും കാണീലാന്ന വിചാരം'

'നടക്കട്ടെ, നടക്കട്ടെ'

ചേച്ചി എന്നെ കളിയാക്കി കൊണ്ടിരുന്നു.

ചിലപ്പോഴൊക്കെ ഞാനും അവളെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. അവളുടെ നോട്ടവും മറ്റും എന്നെ അറിയാതെ ഇക്കിളി പെടുത്താറുണ്ട്.  അവളുടെ പുഞ്ചിരിക്കുവേണ്ടി ഇടക്കൊക്കെ കടയിൽ പോവുന്ന സമയങ്ങളിൽ കാത്ത് നില്ക്കാറുണ്ട്. 

അവളെ കുറിച്ച് സ്വപ്നം നെയ്യാൻ ആർക്കാണ് കഴിയാത്തത്. അവൾ എനിക്ക് വേണ്ടി മാത്രം ദൈവം ഭൂമിയിലേക്ക്‌ അയച്ചതാണ് ആഗ്രഹിക്കും. ഗോതമ്പിന്റെ നിറമുള്ള  അവളുടെ ശരീരം, പാൽ നിറമുള്ള പുഞ്ചിരി, കുളിച്ചു ഈറനായി തലയിൽ തുളസി കതിർ ചൂടി നില വിളക്കുമായി വരുന്നതുമെല്ലാം മനസ്സിൽ ഞാൻ അറിയാതെ ചിത്രം വരച്ചിരുന്നു. എന്തോ എന്നിലും അല്ലാ അവളിലും ഒരു പ്രണയ പൂമഴ പെയ്തിരുന്നു. പക്ഷെ ഞങ്ങളുടെ പ്രണയം ഇണകുരുവികളെ പോലെ പാറി പറന്നു നടക്കാതെ മനസുകളിൽ മാത്രം ഒതുങ്ങി നിന്നു.

 

നന കഴിഞ്ഞു.

ഒന്ന് കുളിച്ചിട്ടു വേണം ചാവക്കാട് അപേക്ഷ അയക്കാൻ പോവാൻ.

അതിന്  നന കഴിഞ്ഞപ്പോൾ കുളത്തിലെ വെള്ളവും  വറ്റി. അഞ്ചാള്  ആഴത്തിലുള്ള കുളമാണെങ്കിലും പത്തു തെങ്ങിന് നനക്കുമ്പോഴേക്കും വെള്ളം പാടെ വറ്റിയിരിക്കും. പിന്നെ മണിക്കൂറ്  ഒന്ന് കഴിയണം മേല് ഒഴിക്കാനുള്ള വെള്ളം കിട്ടണമെങ്കിൽ. ചൂടിന്റെ കാഠിന്യം നീരുറവയെ  ബാധിചൂന്നാണ് അച്ഛനും അമ്മൂമയും പറേണ്. 

'എന്റെ ഓർമ  ശരിയാണെങ്കിൽ പത്തു വർഷം മുൻപാണെന്നു തോന്നുന്നു. 1965ലൊ മറ്റൊ ഇത് പോലെ വെന്തുരുകണേ ചൂട് ഉണ്ടായിട്ടുള്ളത്. സൂര്യാഘാതത്തിൽ എത്രേ പേർക്കാ പൊള്ളിയെ'   അച്ഛമ്മ പഴയ  കഥ പറഞ്ഞു കൊണ്ടിരുന്നു.

'അച്ഛമ്മ പറയ്‌ ഞാൻ ഒന്ന് മുങ്ങിയിട്ട് വരാം' എന്ന് പറഞ്ഞു തോർത്തും സോപ്പുമായി കുളത്തിലേക്ക്‌ ഓടി.

കുളി കഴിഞ്ഞു.

ചവക്കാട്ടേക്ക്  പോവാനായി തയ്യറാവുന്നതിനിടെ പാളയിൽ പൊതിഞ്ഞ മീനുമായി അച്ഛൻ കടപ്പുറത്ത് നിന്ന് വന്നു.  

'എന്തായട നിന്റെ ജോലി  അന്വേഷണവും മറ്റും' അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ ആ ചോദ്യം.  പ്രതീക്ഷയുടെ ദിവസങ്ങൾ ഓരോന്നും നഷ്ടസ്വപ്നങ്ങളായി കൊഴിഞ്ഞ് പോയി കൊണ്ടിരിക്കുന്നു. ജീവിതം നിര കയറികൊണ്ടിരിക്കുന്നു. എന്റെ ഒരു താങ്ങ് അച്ഛൻ പ്രതീക്ഷിക്കുന്നുണ്ട് എന്ന്  എനിക്കറിയാം. 

ജീവിതത്തിൽ തളർച്ച നേരിടുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന വിഷമത നിറഞ്ഞതായിരുന്നു ആ ചോദ്യത്തിൽ മുറ്റി നിന്നത്. പല വിഷമഘട്ടങ്ങളിലും എന്തെങ്കിലും സഹായത്തിനായി കൈ നീട്ടുമ്പോൾ അയൽവാസികൾ പലരും അപരിചിതരാവുന്നതും ബന്ധുക്കൾ പലരും മുഖം തിരിക്കുന്നതും അച്ഛൻ കണ്ടു മടുത്തു. പലപ്പോഴും ഞങ്ങൾ കാണാതെ അച്ഛൻ കരയാറുണ്ട്. ഈ വേദനയും കഷ്ടപ്പാടും ഞങ്ങൾക്ക് വേണ്ടി മാത്രമാണ്. 

'ഇന്ന് ഒരു അപ്പ്ളിക്കേഷൻ അയക്കാൻ പോവുന്നുണ്ട്. എന്തെങ്കിലും പെട്ടന്ന് ശെരിയാവാൻ പ്രാർഥിക്കുന്നുണ്ട്‌ '. ഞാൻ പറഞ്ഞു.

'ഉം. പോയി അയചോളൂ. അവിടേം ഇവിടേം തട്ടി നില്ക്കേണ്ട. ചൂട് കനക്കണ മുന്നേ പോയി പോന്നോളൂ'.   

'അമ്മേ ഞാൻ പോവാണ് '

അച്ഛന്റെ ചോദ്യവും, മനസ്സിലെ ദുഖവും, വീട്ടിലെ കഷ്ടപ്പാടുകളും ഓർത്തു കാലി വണ്ടിയിൽ ഒന്നും കയറാതെ കണ്ണംമൂട് വഴി പോവാൻ കാട്ടിലെ പള്ളിയുടെ മുന്നിലൂടെ പോവുന്ന വഴിയിലൂടെ നടന്നു. തിരിച്ചു പോണ വണ്ടിയായാലും ഒരു രൂപ കൊടുക്കണം. ഓസിനുള്ള യാത്ര ശീലവുമില്ല.


കാട്ടിലെ പള്ളിയുടെ വടക്കായി എല്ലാ വഴി യാത്രാക്കാർക്കും തണലായി ഒരു വലിയ ആഞ്ഞിലി മരം പടർന്നു പന്തലിച്ചു നില്പ്പുണ്ട്. നാലോ അഞ്ചോ ആളുകൾ കൈ കോർത്ത്‌ പിടിച്ചാൽ പോലും എത്താത്ത തരത്തിലുള്ള വണ്ണമുണ്ട് ആഞ്ഞിലിക്ക്.

ഈ വേനൽക്കാലത്ത്  ആഞ്ഞിലി എല്ലാവർക്കും ഒരു ആശ്വാസമാണ്. ആഞ്ഞിലി മരത്തിന്റെ തണലും പറ്റി ചന്ദ്രശേഖരേട്ടൻ ഇരിപ്പുണ്ട്.

'എന്താ കുട്ട്യേ ഈ വഴിക്ക്'  ചന്ദ്രശേഖരേട്ടൻ ചോദിച്ചു. ആടിനെ പുല്ലു തീറ്റിക്കാനായി  വന്നതാണ് ചന്ദ്രേട്ടൻ. 

'ചാവക്കാട് ഒന്ന് പോണം. എനിക്ക് ഒരപേക്ഷ അയക്കാനുണ്ട്. പാലക്കാടു ഒരു കമ്പനീല് ഒഴിവുണ്ടെന്ന് അറിഞ്ഞു. ഒരു ശ്രമം". ഞാൻ പറഞ്ഞു.

അവിടെ കുറെ നേരം നിന്ന് നാട്ടു വർത്തമാനങ്ങൾ പറഞ്ഞു. പള്ളിയുടെ പടിഞ്ഞാറ് നായാടി കോളനിയിലെ പൊന്നന്റെയും  കുടുംബത്തിന്റെയും അവസ്ഥ ചന്ദ്രശേഖരേട്ടൻ  പറഞ്ഞു.

'അവര് ഇപ്പോൾ പട്ടിണിയിലാണ്. മോന് സർക്കാരീന്നു എന്തെങ്കിലും ആ പാവത്തീങ്ങൾക്ക് വേടിച്ചു കൊടുക്കാൻ പറ്റ്യേങ്കിൽ അവരു കഞ്ഞി കുടിക്കും കുട്ട്യേ' 

'ഞാൻ നോക്കാം ചന്ദ്രശേഖരേട്ടാ'.

'വർത്ത‍മ്മാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. 

'നീ നല്ലവനാടാ'

'നിന്നെ ദൈവം കാത്തു രക്ഷിക്കും'

സേമുക്കാന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ കൂടെ ഒഴുകി  മുറിച്ചാണ് കണ്ണം മൂട്ടിൽ എത്തുക. തോടിന്റെ നിറയെ കുട്ടി ചെടികളാണ്. ഇട തൂർന്നു നില്ക്കുന്ന അതിന്റെ മറവിലിരുന്നാണ്  ചീട്ടു കളിക്കാർ പോലിസിനെ പേടിച്ച്  കളിക്കുന്നത്.

കടപ്പുറത്തെ പണി കഴിഞ്ഞാൽ ചീട്ടു കളി, പകിട കളി, കളം വെട്ടി  കളി, പടവെട്ടി കളി, തുടങ്ങി കളികളുമായി എല്ലാവരും ഇവിടെയിരുന്നു സമയം കളയും. 

അതിന്റെ പുറക്‌ വശം കണ്ണം മൂട് പാടം. ഏക്കറു  കണക്കിന്  സ്ഥലത്ത് വിശാലമായി പരന്നു കിടക്കുന്നു. ചിങ്ങ മാസത്തില ഈ പാടത്ത്  സ്വർണ്ണ  നിറത്തിൽ  കതിരുകളുമായുള്ള നെൽചെടികൾ  നിറഞ്ഞു നില്ക്കും.  മഴ ക്കാലത്ത് കരയും വെള്ളവും തിരിച്ചറിയാത്ത  പോലെ  പരന്നു കിടക്കും. മഴക്കാലത്ത്‌  മുട്ടിന്  വെള്ളമായാൽ ചേട്ടന്മാരാണ് ഞങ്ങളെ റോഡിലേക്ക് എത്തിച്ചിരുന്നത്. വേനലവധിക്ക് ഞങ്ങൾ വിദ്യാർഥികൾ ഫുഡ് ബോളും ക്രിക്കറ്റും കളിച്ചു, ഒച്ചയും ബഹളവും കൂട്ടി,  നാട്ടുക്കാർക്ക്‌ ശല്ല്യമുണ്ടാക്കുന്നത്  ഈ പാടത്താണ്.  

ഈ ബഹളവും മറ്റും കേട്ടാൽ 'ചെല്ലിലില്ലാത്ത കുട്ട്യോള്' എന്ന് പറഞ്ഞു പാടത്തിന്റെ കാര്യസ്ഥാൻ മാക്കുണ്ണിയേട്ടൻ വഴക്ക് പറയും. 

നനഞ്ഞു കുതിർന്ന ഈ പാട വരംബിലൂടെയാണ് ഞങ്ങൾ ചാപ്പരമ്പ് സ്കൂളിൽ പോയിരുന്നത്. മഴയത്ത് കുട ചൂടി, വെള്ളം തെറിപിച്ചും, കുടയുടെ  മുകളില്‍ വീഴുന്ന  മഴ തുള്ളികളുടെ ശബ്ദത്തോടൊപ്പം താളം പിടിച്ചും,  വട്ടം ചുഴറ്റുന്ന കാറ്റിനൊപ്പം  ഞങ്ങളും പറന്നു പോകുമോ എന്ന് സംശയിച്ചുകൊണ്ട്  പോയ നാളുകൾ. അന്ന് എന്റെ കൈ പിടിച്ചു സ്കൂളിൽ വന്നിരുന്ന സ്മിതക്കുട്ടി  ഒരു വർഷക്കാലത്ത് ഈ പാടത്തെ വെള്ളത്തിൽ മുങ്ങിയാണ്  മരിച്ചത്. ഇപ്പോഴും ഈ വരമ്പിലൂടെ നടക്കുമ്പോൾ അവളുടെ നിലവിളി എന്നെ വല്ലാതെ അസ്വസ്ഥ പെടുത്തും.

വെയിൽ വന്നിട്ടും മഞ്ഞു ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. ചെറിയ തണുപ്പും ചൂടുമായി വയൽ വരമ്പിലൂടെ നടക്കാൻ നല്ല രസം. മഞ്ഞിൻ തുള്ളികൾ ഇല തുമ്പിൽ മുത്തുകൾ പോലെ തിളങ്ങി. ആ മുത്തുമണികൾ കൈകളിൽ കോരിയെടുത്തു  മുകളിലേക്കും താഴേക്കും എറിഞ്ഞു കളിച്ചു...

പാടത്തിന്റെ നടുവിലൂടെ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന ഇരട്ടപ്പുഴയുടെ വരമ്പിൽ ഒറ്റയും തെറ്റയുമായി പറന്നു വന്നിരിക്കുന്ന വെള്ള കൊക്കുകൾ. മുക്കുറ്റി പൂക്കളെ മുത്തമിട്ടു പറക്കുന്ന പൂവാലൻ തുമ്പികളെ നോക്കി കുറച്ചു  നേരം നിന്നു. 

ഈ വയൽ വരമ്പിൽ വിരിയുന്ന തുമ്പയും, മുക്കുറ്റിയും, കാക്ക പൂവുമായിരുന്നു എന്റെ ഓണപൂക്കളങ്ങളിൽ സമൃതിയുടെ സന്ദേശമെത്തിച്ചിരുന്നത് .

വെയില് കനത്തു തുടങ്ങി. നാഗയക്ഷി അമ്പലത്തിന്റെ അവിടെ എത്തിയപ്പോൾ ഒരു ആശ്വാസമായി.

കുട്ടിക്കാലത്ത് പ്രായമായവർ നാഗയക്ഷി അമ്പലത്തിന്റെ കാവിൽ നാട്ടു വർത്തമാനം  പറഞ്ഞു ഇരിക്കുന്നത് കൌതുകത്തോടെ നോക്കി നില്ക്കും. ഞങ്ങൾ എല്ലാ അവധി ദിവസങ്ങളിലും കാവിന്റെ ഇറക്കിൽ അണ്ണാറം പൊത്തി കളിക്കും. അവിടെ കളിക്കുന്നത് മൂത്തവരായ ആരും ഇഷ്ടപ്പെടാറില്ല. എന്നാലും ഞങ്ങൾ കുട്ട്യേള് കളിക്കും. പാമ്പും ഇഴ വർഗങ്ങളും ഉള്ളതാണ് അവരുടെ എതിർപ്പിന് കാരണം.എന്തൊക്കെ പറഞ്ഞാലും അവിടെ ആർക്കും ഒരു ആപത്തും വന്നിട്ടില്ല. നാഗയക്ഷി അവിടത്തുകാരുടെ രക്ഷകയാണ് എന്നാണു വിശ്വാസം. കാലം കുറെ പഴക്കമുള്ളതാണ് ആ കാവും അമ്പലവും. കുഞ്ഞീരകത്ത്  മുത്തപ്പൻ കൊണ്ട് വന്നതാണ്‌ നാഗയക്ഷിയെ ഇങ്ങോട്ടേക്ക്. 

ഏതു മീന മാസ ചൂടിലും കാവിന്റെ അടിയിൽ സ്വർഗ്ഗ സമാനമാണ്. ചില സമയങ്ങളിൽ കാവിലൂടെ വീശിയിരുന്ന കാറ്റിനു പൂക്കളുടെ ഗന്ധമായിരുന്നു. അതിന്റെ സുഖ ശീതളിമയിൽ സമയം പോവുന്നത് അറിയില്ല. എത്ര വേണമെങ്കിലും അവിടെ ഇരുന്നോളും. 

പോസ്റ്റാഫീസിൽ നല്ല തിരക്കാണ്. പെൻഷൻ വാങ്ങാനുള്ളവരും പോസ്റ്റ്‌ ഓഫീസ് കുറി ചേർക്കാനുള്ളവരുടേം നീണ്ട നിര തന്നെയുണ്ട്‌. 

ഞാൻ കേശവേട്ടന്റെ ഭാര്യ തങ്കമണിയേടത്തിയെ കാണാനായി അകത്തു കടന്ന് അപേക്ഷ ചുളിവിൽ അയച്ചു പോന്നു. 



തൃശ്ശൂരിൽ നിന്ന്  രാവിലെ എട്ടു  മണിക്കാണ് തിരുവനന്തപ്പുരത്തേക്ക് ട്രെയിൻ. 

ട്രെയിൻ നമ്പർ 16649  - പരശുറാം എക്സ്പ്രസ്സ്‌.

മൂന്നാം നമ്പർ കമ്പാർട്ടുമെന്റിലായിരുന്നു എന്റെ ബർത്ത്. കോച്ചിൽ അങ്ങിങ്ങായി ആറോ ഏഴോ പേർ മാത്രമേ  ഉണ്ടായിരുന്നുള്ളൂ.

എന്റെ എതിർ വശത്തായി ഒരു പെണ്‍കുട്ടി തലയും കുമ്പിട്ടു വിഷമത്തോടെ ഇരിക്കുന്നുണ്ട്‌. മരിച്ചു പോയ സുമിത്ര കുട്ടിയുടെ അതെ മുഖം. അവളെ കണ്ട മാത്രയിൽ എന്തോ ഒരു അടുപ്പം തോന്നി. ഒരു മുജന്മ ബന്ധം ഉള്ള പോലെ.

വണ്ടി ആലുവയിൽ എത്തിയപ്പോഴേക്കും അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി. ചെന്നൈക്കാരിയാണ് കാമുകനെ തേടി വീട് വിട്ടു ഇറങ്ങി പോയതാണ്. പൂങ്കുന്നത്തു എത്തിയപ്പോൾ താൻ സ്നേഹിച്ചിരുന്ന ആൾ തന്റെ അച്ഛന്റെ പ്രായമുള്ള ആളാണെന്ന് മനസിലായപ്പോലുള്ള ഷോക്ക്‌ ആയിരുന്നു അവൾക്ക്. പാതി മലയാളവും തമിഴും കലർന്നാണ് സംസാരിക്കുന്നതു.  

അവൾക്കു ജീവിതം മടുത്തു എന്നാണു പറഞ്ഞു കൊണ്ടിരിക്കുന്നത്. 

'ഈ ലോകത്ത് ആരോടും ഒരു വിശ്വാസവുമില്ല. വിഷം കലർന്നതാണ് ഓരോ ആളുടെയും വാക്കും പ്രവൃത്തിയും' .

'എന്ത് ദുശകുനമാണ്  കണ്ണിൽ വന്നു പെടുന്നത് എന്റെ ദൈവേ'..? 

'ഒരു പക്ഷെ ടിക്കറ്റ്‌  തൃശൂരിൽ  കിട്ടിയിരുന്നെങ്കിൽ, ഞാൻ നിന്നെയോ നീ എന്നെയോ കണ്ടുമുട്ടുമായിരുന്നില്ല.'
'ഇത് വിധിയോ, നിയോഗമോ, ഞാൻ എന്ത് പറയാനാണ്'...? 

മനസ്സിൽ എന്നെ ശപിച്ചു.

എങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒരാളെ കൈവിടാൻ പാടില്ലാലോ? മനസ്സിൽ ധൈരം സംഭരിച്ചു അവളോടായി പറഞ്ഞു.

'അബദ്ധങ്ങൾ ആർക്കും പറ്റാം. ഒരു മിസ്സ്‌ട്  കോളിൽ ഈ പ്രണയം ഇങ്ങനെ പര്യവസാനിച്ചതിൽ ദൈവത്തോട് നന്ദി പറയുക. അല്ലാതെ കുട്ടി ഇനിയും തെറ്റുകളിലേക്ക് പോവരുത്'.

അവളുടെ വിതുമ്പലിൽ എനിക്ക്  വാക്കുകൾ കിട്ടിയില്ല. മൗനമായിയിരുന്നു....

കണ്ണുകൾ അവൾക്കു നേരെ കൊടുക്കാതെ പുറത്തേക്കു നോക്കിയിരുന്നു. അന്ധക്കാരത്തിന് ഘനം കൂടി കൊണ്ടിരുന്നു. സമയം ആറ്  മണി കഴിഞ്ഞിരിക്കുന്നു. തമ്പാനൂർ സ്റ്റേഷനിലേക്ക്  എത്താൻ ട്രെയിൻ വേഗം കൂടുന്നതിനൊപ്പം അവളുടെ വിതുമ്പലിനും ശക്തി കൂടി കൊണ്ടിരുന്നു. എന്റെ ഹൃദയ മിടിപ്പിനും. 

കാരണം അവൾ ഇനി വീട്ടിലേക്കു തിരിച്ചു പോവാൻ തയ്യാറല്ല. വീട്ടുകാർ ഒരു പക്ഷെ സ്വീകരിച്ചെന്ന് വരില്ല.

വണ്ടി സ്റ്റേഷനിൽ എത്തി.

'ഞാൻ നിന്നോട് യാത്ര പറയുന്നില്ല. നിന്നെ എനിക്ക് പൂർണ്ണമായി അറിയുക പോലുമില്ല. എന്നിട്ടും ഞാൻ നിന്നെ എന്റെ അനിയത്തിയെ പോലെ കണ്ടു. അനിയത്തി ജീവിതത്തിൽ ഒരു പാട് യാത്ര ഇനിയും ചെയ്യാനുണ്ട്. ഇനിയും പരിചിതരും അപരിചിതരുമായി ധാരാളം പേരെ കാണാനുണ്ട്.' 

'ജീവിതമാകുന്ന ഈ യാത്രയിൽ ഒരു നൌകയെപോലെയാണ് മനുഷ്യൻ. അത് മറിയാതെയും, കേടുവരാതെയും നോക്കേണ്ടത് നമ്മുടെ കടമയാണ്. അവിടെ പരാജയപെടുമ്പോൾ മാത്രമാണ് ആ ജീവിതം അർത്ഥമാല്ലാതവുന്നത്.'     


'പ്രണയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരവുമില്ല. കഷ്ടപ്പാടുകളും ദുരിതങ്ങളും പേറി നടക്കുന്ന എനിക്ക് പ്രണയമെന്ന പദം അന്ന്യമാണ്.'

'എനിക്ക് ഇവിടെ ഇറങ്ങിയേ പറ്റു. എന്റെ ജീവിതമാകുന്ന ബോഗി അടുത്ത ഏതോ ട്രെയിനിൽ മാറ്റി കേട്ടേണ്ടതാണ്.' ജീവിതം അങ്ങിനെയാണല്ലോ?

ഞാൻ പറയുന്നതെല്ലാം കേട്ട് തല താഴ്ത്തി ഇരുന്ന അവൾ മുഖമുയർത്തി കൊണ്ട് പറഞ്ഞു:

'പോയിക്കോള്ളൂ...ഇനി കാണാനാകുമോ എന്നറിയില്ല'. 

പിരിയും മുൻപേ ആദ്യമായും അവസാനമായും അവളുടെ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. 

'അബദ്ധം ഒന്നും കാണിക്കരുത് എന്റെ അനിയത്തി'

പക്ഷെ അവളുടെ ആ കണ്ണുകളിൽ നിർവികാരത നിറഞ്ഞ നില്ക്കുന്നത് കാണാം...അവന്റെ മനസ്സിൽ വിഷാദവും.


തിരുവനന്തപുരം ആയുര്‍വ്വേദകോളെജിനടുത്തുള്ള ഒരു പഴയ ലോഡ്ജിലെ പട്ടരുടെ റൂമിലായിരുന്നു താമസം. റൂമിനായി തമ്പാനൂരും പരിസരത്തും പരതുന്നതിനിടയിൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ ജോലി ചെയ്യുന്ന പാലക്കാട്ടുകാരൻ പട്ടരുമായി പരിചയപെട്ടു.  

'താൻ ഒരു ദിവസത്തിന് റൂം എടുക്കേണ്ടടോ. മമക്ക്  ഒരു പഴയ റൂമുണ്ട്‌ . ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ ഈ രാത്രി കഴിയാടോ' 

'രോഗി ഇച്ചിച്ചതും പാല്  ദൈവം കല്പിച്ചതും പാല് ' . പട്ടരുടെ ദയ കൊണ്ട് രാത്രി കഴിഞ്ഞു കൂടാൻ ഒരിടം കിട്ടി.

എന്റെ കയ്യിൽ ലോഡ്ജിലൊന്നും താമസിക്കാനുള്ള കാശൊന്നുമില്ല. ദൈവാനുഗ്രഹം തന്നെ. പട്ടര് ദൈവത്തിന്റെ രൂപത്തിൽ വന്നതാവാം. എന്റെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിനു എപ്പോഴും ഒരു അമാന്തമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇതു പോലെയുള്ള കരുണയുമുണ്ട്. 

ഞാൻ ബാഗ് റൂമിൽ വെച്ച്. കാലും മുഖവും കഴുകി നാളെ ഇന്റർവ്യൂവിന്  പോവേണ്ട കമ്പനിയുടെ ലൊക്കേഷൻ പട്ടരിൽ നിന്ന് മനസിലാക്കി.
മകന്  ജോലി കിട്ടിയ അച്ഛന്റെയും അമ്മയുടെയും സന്തോഷം മനസ്സിൽ സ്വപ്നം കണ്ടു.

സ്ഥലം മാറിയ കാരണം പതിവിലും നേരത്തെ എഴുന്നേറ്റു. സ്വാമി (പട്ടരു) എഴുന്നേല്ക്കുന്നതിനു മുമ്പേ കുളിയും ജപവും കഴിക്കണം. എണീക്കുമ്പോൾ പതിവിന്  വിപരീതമായി എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു. ഈ ജോലിയെങ്കിലും ശരിയാവണം. എത്ര കാലമായി അച്ഛനും അമ്മയും കഷ്ടപ്പാട് അനുഭവിക്കുന്നു. 

രാവിലെ പത്ത് മണിക്കാണ് ഇന്റർവ്യൂ. തേച്ച് വെച്ച ഷർട്ടിനു ചെറിയ ചുളിവ് വീണിട്ടുണ്ട്. വടക്കേലെ രാധേട്ടന്റെ കയ്യിൽ നിന്ന്  കടമായി വാങ്ങിയ ടൈ കെട്ടി. കണ്ണാടിയിൽ പോയി നോക്കി. കുഴപ്പമില്ല. 
ശരീര ഭംഗി മാത്രം പോരല്ലോ? കുറച്ചു ഭാഗ്യോം വേണ്ടേ?
കൊണ്ട് പോവാനുള്ള സർട്ടിഫിക്കറ്റുകൾ എല്ലാം ഒന്നുകൂടെ നോക്കി. ഓർഡറിൽ വെച്ചു. ഗുരു കാരണവൻമാരെ ധ്യാനിച്ച്‌ ഇറങ്ങി.
താഴെ ഒരു പബ്ളിക്ക് ബൂത്തിൽ നിന്ന് വീടിന്റെ അടുത്തുള്ള മുഹമ്മദുക്കാന്റെ വീട്ടിലേക്ക്  വിളിച്ചു.   അവിടെ അമ്മ എന്റെ വിളിയും പ്രതീക്ഷിച്ചു ഇരുപ്പുണ്ടായിരുന്നു.
'മോന് സുഖാണോ? ചായ കുടിച്ചോ എന്റെ പൊന്ന് ' 
വിഷമവും സന്തോഷവും കലർന്ന അമ്മയുടെ ചോദ്യങ്ങൾ എന്നെ ആകെ അസ്വസ്ഥനാക്കി'.
'പോയി വരാം അമ്മേ' 
'അച്ഛൻ പറഞ്ഞിട്ടുണ്ട് ഈ കഷ്ടപ്പടുകളൊക്കെ മാറാൻ അടുത്ത മണ്ഡലത്തിനു ശബരിമലയിൽ പോണോന്ന് '.
'എന്റെ പൊന്നുമോൻ പോയി വായോ'.
സ്സ് പാളയത്ത്  ഇറങ്ങി. മാർക്കറ്റിൽ  നല്ല തിരക്കാണ്. പരസ്യത്തില്‍ കണ്ട അഡ്രസ്സ് അന്വേഷിച്ചു. ആരും എന്റെ ചോദ്യം ശ്രദ്ധിക്കുന്നുപോലുമില്ല.  പലർക്കും ഒരു എത്തും പിടിയുമില്ല. റോഡിനരികിൽ പച്ചക്കറി കൂട്ടിയിട്ട് വില്ക്കുന്ന ഒരു അമ്മൂമയോട് ചോദിച്ചു.
‘ഇത് പാളയം പള്ളീടെ അടുത്താണ്.  ഒരു പതിനഞ്ച്  മിനുട്ട് നടക്കണം. ഓട്ടോയ്ക്കാണെങ്കില്‍ പതിനഞ്ചു രൂപ വേണം'. 

പത്തിന് പത്ത്  മിനുട്ട് ബാക്കിയുണ്ട്. ഗേറ്റിൽ തലയിൽ തൊപ്പി വെച്ച് പോലീസിന്റെ ഗാംഭീരത്തോടെ സെക്യൂരിറ്റിക്കാരൻ ഇരിപ്പുണ്ട്.  

‘ഇന്റര്‍വ്യൂവിനാണോ!’
‘ അതെ.’
'അതാ ആ കോണ്‍ഫ്രൻസ് ഹാളിൽ പോയി ഇരുന്നോളൂ. സമയമായാൽ വിളിക്കും'.
എനിക്ക് ആകെ ഒരു പരിഭ്രമം തോന്നി. വിശാലമായ ഒരു ഹാൾ. ഞാൻ തനിയെ ഒരാൾ. ഫാൻ കറങ്ങുന്നുണ്ടെങ്കിലും ശരീരത്തിനകത്തു നിന്നുള്ള ചൂട് കാരണം വിയർത്ത് കൊണ്ടിരുന്നു. ടവൽ കൊണ്ട് തുടക്കുന്നുണ്ടെങ്കിലും പിന്നെയും വിയർപ്പ്  തുള്ളികൾ വന്നു കൊണ്ടിരുന്നു.

പത്ത്  മിനുട്ട് കഴിഞ്ഞ്  പ്യൂണ്‍ എന്റെ പേര് വിളിച്ചു.

'മോഹനചന്ദ്രൻ' 

'യെസ് , സർ' 
മാനേജിംഗ് ഡയറക്ടർ എന്ന ബോർഡുള്ള ആ റൂമിലേക്ക്‌ പോയ്ക്കോളൂ. 

എയര്‍ കണ്ടീഷന്‍ ചെയ്ത വലിയ മുറി. കറങ്ങുന്ന കസേരയില്‍ മാന്യനായ വ്യക്തി. മുറിയിലെ മേശപ്പുറത്ത് നെയിം ബോര്‍ഡ് – മാനേജിംഗ് ഡയറക്ടര്‍. ഇടതു വശത്തെ ഇരിപ്പിടത്തിൽ ഒരു സ്ത്രീയുമുണ്ട്. 

സെക്രട്ടറിയായിരിക്കണം? 
‘ഇരിക്കൂ’ 
ഞാൻ ഇരുന്നു. 
സര്‍ട്ടിഫിക്കറ്റുകള്‍ നിറച്ച ഫയൽ അവരുടെ നേരെ നീട്ടി.
അവര്‍ മുഖത്തോടു മുഖം നോക്കി. 
താങ്കൾ കെമിസ്ട്രി ബിരുദ ധാരിയല്ലേ? പിന്നെ എങ്ങിനെയാണ് ഈ ജോലിക്കായി അപേക്ഷ കൊടുത്തത്?
'സാർ, ഞാൻ എങ്ങിനെയെങ്കിലും ഒരു ജോലി കിട്ടാൻ വേണ്ടി നടക്കുകയാണ്.'
'എനിക്ക് കണക്കിൽ നല്ല മാർക്കുണ്ട് സാർ, ഞാൻ അത് വർക്കിൽ പ്രൂവ് ചെയ്യാം സാർ' 
അതൊക്കെ ശെരിയാണ് ഇവിടെ കണക്കെഴുത്താണ്  ജോലി. ഒരു പരീക്ഷണത്തിന്‌ ഒരാളെ വെക്കാൻ ഞങ്ങൾക്ക്  താല്പര്യമില്ല. ബി.കോം കഴിഞ്ഞവർ ആരും വന്നില്ലെങ്കിൽ നോക്കാം. എന്തായാലും സർട്ടിഫിക്കറ്റ് കോപ്പികൾ റിസപ്ഷനിൽ എല്പ്പിചോളൂ. 
അവർ പറഞ്ഞതൊന്നും എന്റെ തലയിൽ കേറിയില്ല. കണ്ണിൽ  ആകെ ഇരുട്ട് പരന്നു. തപ്പിത്തടഞ്ഞു എങ്ങിനെയോ പുറത്ത്  എത്തി. 

Thursday, September 4, 2014

ഓണം വന്നേ -നളിനാക്ഷൻ ഇരട്ടപ്പുഴ



ഓണം വന്നേ, ഓണം വന്നേ
ഒരു പൊന്നോണം വന്നേ 
ഓണത്തപ്പനെ വരവേൽക്കാൻ 
ഒരു പൊന്നോണം വന്നേ
പൊന്നാവണി നിറപറ വെച്ച് 
പൊന്നിൻ കതിർകുല ചൂടി 
തുമ്പ പൂക്കളമൊരുക്കി 
നിറനാഴിയും നിറപറയും,
അരിമാവിൻ കോലവും വരച്ച് 
വെൻകൊറ്റ കുട ചൂടി 
എതിരേൽക്കാം ഓണത്തപ്പനെ.
വള്ളം കളിയുടെ ആരവത്തിൽ 
തുമ്പി തുള്ളലിൽ ആമോദത്തിൽ 
സമത്വസുന്ദരമാം പോയ കാലത്തിൻ 
മധുരസ്മരണകൾ ഓർത്തുവെക്കാം  
ഈ പൊന്നോണ നാളിൽ.

           **********

Sunday, June 15, 2014

ഞാൻ വെറും നിസ്സഹായാൻ - നളിനാക്ഷൻ ഇരട്ടപ്പുഴ



ഭൂമിയെ പ്രണമിക്കാൻ സൂര്യൻ ഉദയം ചെയ്യുമ്പോഴും 
ഹൃദയത്തിൽ നൊമ്പരത്തിൻ കൂരിരുൾ പടരുന്നു.
പുലരിയുടെ വെളിച്ചമെത്തുന്നത് 
ഒരു വിളിപാടിൻറെ ഓർമ്മപ്പെടുത്തലായി,
ഒരു കദനത്തിൻ തീരാ വേദനയോടെ.
അന്നപാനത്തിനായി നാടുകടത്തപ്പെട്ട മാലാഖമാർ 
മാനം നഷ്ടപെട്ട കണ്ണീരിൻറെ പുഴ ഒഴുക്കുന്നു.
മജ്ജയും മാംസവും മുറ്റിയ കാട്ടാളർ 
രാത്രിയുടെ കരിനിഴൽ പരത്തുന്നു. 
കാട്ടാള ഹൃദയം പേറുന്ന മർത്ത്യർക്ക് 
എല്ലാം മായായെങ്കിൽ ഞാൻ വെറും നിസ്സഹായാൻ.
എല്ലാം ഇരുട്ട് എന്ന് സമർത്ഥപെടുന്ന 
ഈ കാലത്തിൻ ഞാൻ വെറും നിസ്സഹായാൻ.




.


Wednesday, March 19, 2014

മഴ - നളിനാക്ഷൻ ഇരട്ടപ്പുഴ


മഴ
     നളിനാക്ഷൻ ഇരട്ടപ്പുഴ 

നിനചിരിക്കാതിരിക്കാതെ 
ഒരതിഥിയായി 
കടന്നു വന്ന 
മഴയ്ക്ക് 
എന്തോ ഒരു പരിഭവം 
ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. 

അല്ലെങ്കിൽ 
വീശിയാടിയ 
കാറ്റിന്റെ കൂടെ 
ഈ സംഹാര താണ്ഡവം  
ആടി 
തിമിർക്കില്ലയിരുന്നു.

അത് 
ഒരു പക്ഷെ 
വരാൻ പോകുന്ന 
ഒരു പെരുമഴയെ കുറിച്ചുള്ള 
ഓർമപെടുത്തലായിരിക്കാം.

അല്ലെങ്കിൽ 
സൂര്യൻ ഉച്ചിയിൽ 
എത്തിയിട്ടും 
അണപൊട്ടിയ പോലെ  
കണ്ണീർ  
പൊഴിക്കുമായിരുന്നോ?