Sunday, August 30, 2015

കുട - നളിനാക്ഷൻ ഇരട്ടപ്പുഴ


എന്നും 
ഒരു തണലായ്‌ 
എനിക്കൊരു കുടയുണ്ട്.

ദുരിതം വിതക്കും
പെരുമഴയിലെനിക്ക് 
ഒരു തുണയായ്‌ 
എനിക്കൊരു കുടയുണ്ട്.

ദിശ തെറ്റി വരുന്ന 
കാറ്റിലും കോളിലും 
ഒരു തടയായ്‌ 
എനിക്കൊരു കുടയുണ്ട്.

വറുതിയിൽ തിരിയും 
പെരുവയറിനെ 
ഒരു മറയാക്കാൻ 
എനിക്കൊരു കുടയുണ്ട്.

എല്ലാ
സുഖ ദുഃഖങ്ങളിലും 
എന്നും നിഴൽ പോൽ  
ഇണയായെനിക്കൊരു കുടയുണ്ട്.

വിഷമവൃത്തം - നളിനാക്ഷൻ ഇരട്ടപ്പുഴ

ഇരയെ പിടിക്കാൻ 
ചെറുമീനിനെ കൊളുത്തി 
വാ പിളർന്ന 
ഒരു ചൂണ്ടയുണ്ട് പിറകിൽ...
തെളി നീരിൽ വിഷം ചേർത്ത് 
കുടി നീരിൽ മായം ചേർത്ത് 
ഭീതിയുടെ കരിമ്പടം വിരിച്ചു 
ഒരു വലവീശുകാരനുണ്ട് പിറകിൽ... 
യുവ മനസ്സിൽ മോഹത്തിൻ 
മദഗന്ധ പൂക്കൾ വിരിയിച്ച്  
അത്ഭുതം സൃഷ്ടിക്കും 
മാജിക്കുകാരനുണ്ട് പിറകിൽ...
അരുതെന്ന് പറഞ്ഞും 
അരുതായ്മ ചെയ്തും 
ചെറുതായി പോവുന്ന 
ലോകത്തിലാണ് നമ്മൾ...
പറയുന്ന വാക്കിന്റെ 
പതിര് തിരിയാതെ 
നട്ടം തിരിയുന്ന 
തലമുറയിലാണ് നമ്മൾ...
മനസാക്ഷിയില്ലാത്ത 
ഹൃദയവും പേറി
നേരിനെ കാണാതെ  
തിമിരവും ബാധിച്ച് 
തപ്പി തടയുന്നു മർത്ത്യർ ... 

Monday, March 9, 2015

സൌമ്യവും സ്വച്ഛവുമായ ജി.കെ. - നളിനാക്ഷൻ ഇരട്ടപ്പുഴ

സൌമ്യവും സ്വച്ഛവുമായ ജി.കെ. - നളിനാക്ഷൻ ഇരട്ടപ്പുഴ 

പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ  ജി.കെ യുടെ വേർപാട്  അക്ഷരാർത്ഥത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലും പൊതു രംഗത്തും കനത്ത നഷ്ടമാണ്. മതേതരവാദി, സംശുദ്ധ രാഷ്ട്രീയക്കാരൻ, കറകളഞ്ഞ ജനാധിപത്യ വാദി അങ്ങനെ വിശേഷണങ്ങൾ ഒരുപാട്  പറയുവാനുണ്ട് ജി.കെ. എന്ന പ്രിയ സഹോദരനെ കുറിച്ച്.

തിരുത്തൽവാദ രൂപീകരണ സമയത്താണ് ഞാൻ ജി.കെ. യുമായി അടുപ്പം തുടങ്ങിയത്. തിരുത്തൽവാദം എന്ന ആശയം ജി.കെ.യും, ചെന്നിത്തലയും, ഷാനവാസും ഉൾപെട്ട ത്രിമൂർത്തികൾ  മുന്നോട്ട്  വെച്ചപ്പോൾ അന്ന് കെ.എസ്.യു. പ്രവർത്തകനായിരുന്ന ഞാൻ പിന്തുണ പ്രഖ്യാപിച്ച്‌  ഒരു പ്രസ്താവന ഇറക്കുകയുണ്ടായി. അതിനെ തുടർന്ന് എനിക്ക് അദേഹത്തിന്റെ ഒരു കത്ത് വന്നു. അതിൽ അദേഹം ഇങ്ങനെ എഴുതി "സമാനചിന്താഗതിക്കാർ ഒന്നിക്കാൻ സമയമായി" എന്ന വാചകം. അതിന്  ശേഷമാണ്  കെ.എസ്.യു. ജില്ലാ കമ്മറ്റി വിദ്യാർഥി കോർണറിൽ ഒരു പൊതുപരിപാടി സംഘടിപിക്കുന്നതും.

രമേശ്‌ ചെന്നിത്തലയും മറ്റും ദൽഹി രാഷ്ട്രീയവുമായി ബന്ധപെട്ട് പോയെങ്കിലും അന്ന് മുതൽ ഇന്ന് വരെ ഒരനിയനെ പോലെ ആ ബന്ധം തുടരാൻ അദേഹം ശ്രമിച്ചിരുന്നു. മാസത്തിൽ ഒരു തവണയെങ്കിലും ഞങ്ങൾ വിളിക്കുമായിരുന്നു. എന്റെ വിളി കണ്ടില്ലെങ്കിൽ എന്നെ ഇങ്ങോട്ട് വിളിക്കുമായിരുന്നു, ഞാൻ ഓരോ തവണ നാട്ടിൽ വരുമ്പോഴും എന്നെ കാണാൻ വീട്ടിൽ വരിക പതിവായിരുന്നു. പലപ്പോഴും എന്നോട് നാട്ടിലേക്ക് തിരിച്ച്  വരുവാനും, പാർട്ടിയിൽ എന്നെ പോലെയുള്ളവർക്ക് ഒരു സ്പേസ് ഉണ്ട് എന്ന് എന്നെ ഓർമ്മപെടുത്തുകയും ചെയ്യുമായിരുന്നു.

മരണം നിശ്ചയമാണ് എന്നറിയുമ്പോഴും ഇഷ്ടപ്പെട്ടവരുടെയും വേണ്ടപ്പെട്ടവരുടെയും മരണം നമ്മെ വല്ലാതെ ദുഃഖത്തിലാഴ്ത്താറുണ്ട്. ജി.കെ എന്ന ആ മനുഷ്യ സ്നേഹിയുടെ പെട്ടെന്നുള്ള മരണം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലർത്തിയ  കോണ്‍ഗ്രസ്സിലെ വേറിട്ട മുഖമായിരുന്നു ജി.കെ. രാഷ്ട്രീയക്കാരനായാലും, നിയമസഭാംഗമായാലും, മന്ത്രിയായാലും, സ്പീക്കറായാലും  എല്ലാറ്റിലും അദേഹത്തിന്റെതായ ഒരു ശൈലിയുണ്ട്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഒരു ഉറച്ച പോരാളിയായി നിലകൊണ്ടപ്പോഴും മാന്യത വിട്ടു പെരുമാറിയിട്ടില്ല എന്നത് അദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. പുറമേ പരുക്കനാണെന്ന് തോന്നുമ്പോഴും മൃദുലമായിരുന്നു ആ മനസ്സ്. സൌമ്യവും സ്വച്ഛവുമായ സാമീപ്യമായിരുന്നു അദേഹം എപ്പോഴും.

സാഹിത്യത്തോടും സിനിമയോടുമുള്ള കമ്പം എന്നും മനസ്സിൽ സൂക്ഷിച്ചിരുന്ന അദേഹത്തിന് കലാകാരന്മാരും എഴുത്തുകാരും സ്വന്തക്കാർ തന്നെയായിരുന്നു. അക്ഷരങ്ങളോടും അഭ്രപളികളോടുമുള്ള ബന്ധം പോലെ സാഹിത്യകാരന്മാരോടും കലകാരന്മാരോടുമുള്ള ബന്ധവും സൌഹൃദവും എന്നും അദേഹം കാത്തു സൂക്ഷിച്ചിരുന്നു.

 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അദേഹത്തിന്റെ പേര് പരിഗണിക്കാതെ വന്നപ്പോൾ പറഞ്ഞ വാക്കുകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു. "പാർട്ടിയിൽ ഞാൻ ഇത്രയൊക്കെ ആയില്ലടെ? പിന്നെ അവർ തരണമെങ്കിൽ തരട്ടെ."  എങ്കിലും കെ.പി.സി.സി. അധ്യക്ഷ്നാവുക എന്ന തന്റെ അതിരറ്റ മോഹം ബാക്കിയാക്കിയാണ് ഒരില പോലും ഇനക്കാതെ ജി.കെ. യാത്രയായത്.

ആകാശത്തിന്റെ അഗാധതയിലും സമുദ്രത്തിന്റെ സാന്ദ്രതയിലും ഞങ്ങൾ താങ്കളെ ഓർത്ത്  കേഴുന്നു. വേർപാട് ഒരു വിലാപമായി, ഒരു നേർത്തമൂളലായി, ഒരു തേങ്ങലായി ഉയരുന്നു. ഇനി നമ്മുടെയിടയിൽ ഒരു ജി.കെ. ഉണ്ടാവുമെന്നറിയില്ല എങ്കിലും കാലം ആവശ്യപെടുന്നു പൊതു രംഗത്ത് ഇനിയും ഒരു പാട് ജി.കെ.മാരെ. 

                        *******************