സാധാരണക്കാരന്റെ നാവു തന്റെ നാവാക്കി തീപൊരി പോലുള്ള വാക്കുകളും ചാട്ടുളി പോലുള്ള വിമര്‍ശനങ്ങളും കൊണ്ട് അര നൂറ്റാണ്ടുകാലതോളം കേരളത്തിന്റെ സാംസ്കാരിക സാമൂഹിക നഭസില്‍ പ്രഭ ചൊരിഞ്ഞ പണ്ഡിത ശ്രേഷ്ടനായിരുന്നു സുകുമാര്‍ അഴീക്കോട്. ഒരു ജനതയുടെ വിചാരങ്ങളെ പ്രചോദിപ്പിച്ച്, മുന്നില്‍ വിളക്കുമായി നടന്ന വര്‍ത്തമാനകാലത്തെ പ്രവാചകനാണ് ഇവിടം വിട്ടുപോയത്. മാനവികതയ്‌ക്കെതിരായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ വാക്കുകളെ പരിചയാക്കിയ ആ ശബ്ദം സമകാലികജീവിതത്തിലെ കാപട്യങ്ങളെ പരിഹസിക്കുന്ന ജാഗ്രതയുടെ നാവായി. സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്‌ക്കെതിരായ ശബ്ദമായിരുന്നു അത്.
വാക്കുകളിലായാലും ജീവിതത്തിലായാലും കാപട്യങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്ക് മെതിരെ മുഖം നോക്കാതെയുള്ള ആഞ്ഞടിക്കുന്ന പ്രകൃതമായിരുന്നു അദേഹതിന്റേതു. രാഷ്ട്രീയമൂല്യവ്യവസ്ഥകള്‍ അതിരുകള്‍ ഭേദിക്കുമ്പോള്‍ ആ ശബ്ദം കേരളത്തിന് അപായസൂചനകള്‍ നല്‍കി. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഋഷിയുടെ സംയമനവും പോരാളിയുടെ രോഷവും ഗുരുവിന്റെ വിവേകവും വൈജ്ഞാനികന്റെ ഗരിമയും ആ വാക്കുകളില്‍ പ്രകാശിച്ചു. പറയുന്നതാണ് വാക്കെങ്കില്‍ യഥാര്‍ഥമായ കല പ്രഭാഷണമാണെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു
ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുട നീളം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. ഗാന്ധിസത്തിന്റെ സത്യാന്വേഷണ ത്വരയും ധാര്‍മികമായ അക്ഷോഭ്യതയും അഗാതമായി അദേഹത്തില്‍ സ്വാധീനിച്ചിരുന്നു.
സാഹിത്യത്തെ അഗാധവും തീവ്രവുമായി സ്നേഹിക്കുകയും വൈകാരികമായ തീഷണതയോടെ ആവിഷ്കരിക്കുകയും ചെയ്തു. അറിവിന്റെ ആഴങ്ങളില്‍ പിറവിയെടുത്ത മുത്തുകളാണ് അദേഹത്തിന്റെ രചനകള്‍.
കേരളത്തിന്റെ രാഷ്ട്രീയവിചാരങ്ങളുടെ സംവാദശാലയില്‍ എന്നും അഴീക്കോട് മാഷ് നായകനായിത്തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് പുറപ്പെട്ട് ഗാന്ധിയന്‍ ഇടതുപക്ഷക്കാരനായി അദ്ദേഹം ജനപക്ഷത്തു നിലയുറപ്പിച്ചു. ഇന്ന് ആ മണിമുഴക്കം കേള്‍ക്കുന്നില്ലെങ്കിലും അത് അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ, അദേഹത്തിന്റെ രചനകളിലൂടെ മുഴങ്ങി കൊണ്ടേയിരിക്കും.
No comments:
Post a Comment