Thursday, December 6, 2018

അകംപൊരുൾ - കഥ

അമൃതയിൽ  കിടക്കുന്ന അമ്മാവനെ കാണുന്നതിനായി ബസ്സിൽ കയറി. ബസ്സ്  പുറപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ ചിന്തകൾ വളരെ വേഗത്തിൽ പുറകോട്ടു ഓടാൻ തുടങ്ങി. കാലങ്ങളോളം ഞാൻ ജീവിച്ച അമ്മാവന്റെ വീട്ടിലെ നാളുകൾ, എനിക്ക് അവർ നൽകിയ കരുതൽ, അമ്മായിയുടെ മരണം  എല്ലാം  മനസ്സിൽ മിന്നിമറഞ്ഞു.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ തിരോധാനം. പോലീസിൽ പരാതിയൊക്കെ കൊടുത്തു. പിന്നീടാണറിഞ്ഞത് വിവാഹിതനായ ഒരു  മധ്യവയസ്കനുമായി ഒളിച്ചോടിയെന്ന്. ബന്ധുക്കളാരും അന്വേഷിക്കാനും പോയില്ല. എല്ലാവർക്കും എന്നെ കുറിച്ചായിരുന്നു വിഷമം. അമ്മ നഷ്ടപ്പെട്ട  കുഞ്ഞിനെ കുറിച്ച് അച്ഛനു ഒരു  ചിന്തയുമുണ്ടായിരുന്നില്ല. പിന്നീട് അധിക കാലം ഉണ്ടായില്ല അച്ഛന്റെ സംരക്ഷണം.

വഴിയിൽ അനുസ്സരണയില്ലാതെ ദിശതെറ്റി ഓടുന്ന പോത്തിനെ തെളിച്ചു പോകുന്ന ആ പാവം സ്ത്രീയെ കണ്ടപ്പോൾ എന്റെ മനസ്സ് അമ്മായിയെ കുറിച്ചായിരുന്നു ഓർത്തത്. സമ്പത്തും സമ്പാദ്യവും കുമിഞ്ഞുകൂടിയ വീട്ടിൽ പിറന്ന അവർ ദുരിതപൂർണ്ണമായ ജീവിതം എല്ലാ അർത്ഥത്തിലും അനുഭവിച്ചാണ് മരണത്തിനുകീഴടങ്ങിയത്. മനസ്സിൽ വേദനയുണ്ടെങ്കിലും പുറമേക്ക് സന്തോഷവതിയായി ജീവിച്ചപ്പോലെ പുഞ്ചിരിതൂകി ഉറങ്ങിക്കിടക്കുന്നതായി തോന്നി മരിച്ചുകിടക്കുന്ന ആ കിടപ്പുകണ്ടിട്ടു. ജഡത്തിന് ചുറ്റുമിരുന്ന് സ്നേഹിച്ചവരും ദ്രോഹിച്ചവരും  കരയുന്നതിന്റെ കടമ ചെയ്തു തീർക്കുന്നു. ഇതൊക്കെ ദൈവത്തിന്റെ ഒരു തമാശയായി തോന്നി. കരയാനായി ആളുകളെ പോലും വാടകക്ക് ഏർപ്പാടുചെയ്യുന്ന ഈ കാലത്ത്‌ അതിനായി അമ്മാവന്റെ വീട്ടിൽ ഒന്നും ചെലവാക്കേണ്ടി വന്നില്ല.  എല്ലാവരും അത് ഭംഗിയായി ചെയ്യുന്നുണ്ട്. അല്ലെങ്കിലും മരിച്ചാലാണല്ലോ ജീവിച്ചിരിക്കുമ്പോൾ ചെയ്തുകൊടുക്കാത്തതിന്റെ കണക്കു തീർക്കുന്നത്. ചിതാഭസ്മം ആനപ്പുറത്തു പട്ടുകുട ചൂടിയാണല്ലോ ചിലരൊക്കെ കൊണ്ടുപോകാറ്!!! ജീവിച്ചിരിക്കുമ്പോൾ പട്ടിണിമാറ്റാൻ ഒന്നും കൊടുത്തില്ലെങ്കിലും സഞ്ചയനത്തിന്റെ സദ്യ നാട്ടിലെ ഏറ്റവും മികച്ചതായിരിക്കണം ന്നാ ചിലരുടെയൊക്കെ വാശി.  

അമ്മാവൻ ഒരു കസ്സേരയിൽ തലകുനിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ അമ്മായിക്ക് ഒരു മനസമാധാനം കൊടുക്കാഞ്ഞതിന്റെ വേദനയാണോ? അതോ ആളുകളെ വിഷമം ബോധിപ്പിക്കാനുള്ള ശ്രമമാണോ എന്നറിയില്ല. ആശുപത്രിയിലായിരിക്കുമ്പോൾ വന്ന ചെലവുകളെച്ചൊല്ലി തമ്മിൽ തല്ലിയ മക്കളും മരുമക്കളും  എല്ലാവരെയും അതിശയിപ്പിക്കുന്ന വിധത്തിൽ  ശബ്ദമുഖരിതമായ കരച്ചിൽ പ്രകടനം നടത്തുന്നത് ഒരു കാഴ്ച തന്നെയാണ്. ഇതെല്ലം കണ്ടും കേട്ടും ആര്യവേപ്പിന്റെ ഇലകൊണ്ടു ഈച്ചയെ ആട്ടി അമ്മായിയുടെ ശവത്തിനരികെ കുറെ നേരം ഞാൻ  ഇരുന്നു. എന്തോ എനിക്ക് വിഷമം ഒന്നും തോന്നിയില്ല. ഈ ദുരിതത്തിൽ നിന്ന് എത്രയും പെട്ടെന്ന് ആ പാവത്തിന് ഒരു മോചനം കിട്ടിയല്ലോ എന്നൊരാശ്വാസമായിരുന്നു എനിക്ക്.

പൂജാകർമ്മങ്ങൾക്കായി ശവം പുറത്തേക്കെടുത്തപ്പോൾ അമ്മാവൻ എന്നെ മുറുകെ പിടിച്ചു വാവിട്ടു കരയുന്ന രംഗം എനിക്കും വിഷമം തോന്നി.
 
സൂപ്പർബഗ് മൂലമാണ് അമ്മായി മരണപ്പെട്ടത് എന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. അത് ഒരു മാരക രോഗമാണ്. എയിഡ്‌സിനേക്കാൾ ഭീതിപരത്തി ജനത്തെ കൊന്നൊടുക്കുന്ന ഒരു രോഗമാണെന്ന് പറയപ്പെടുന്നു. രോഗപ്രതിരോധ ഔഷധങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ജീനുകളടങ്ങിയ ബാക്ടീരിയ പോലുള്ള ഒരു സൂക്ഷ്മജീവിയാണ് സൂപ്പർബഗ്. ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കഴിവ് ഇവയ്ക്കു കൂടുതലാണ്. ത്വക്കില്ക്കൂടി ത്വക്കുകളിലേക്കും, ഒരു ചികിത്സാകേന്ദ്രത്തിൽ നിന്ന് സമീപ ചികിത്സാകേന്ദ്രത്തിലേക്കുമുള്ള  അതിവേഗ വ്യാപനശേഷിയും ഈ ബഗുകൾക്കുണ്ട്. ഒരു പ്രദേശത്തുള്ള മൊത്തം ജീവജാലങ്ങളെയെല്ലാം സംഭരിക്കാനും ഇവയ്ക്ക് കഴിയും. ഒരു രോഗത്തിൽ നിന്ന് ഉൾപ്പരിവർത്തനത്തിലൂടെ മറ്റൊന്നിലേക്കു മാറാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്നുള്ളത് ഭീതിജന്യമാണ്‌. അമ്മായിക്ക് ആദ്യം കണ്ടത് മലേറിയയാണ്.കുടിവെള്ളത്തിൽപ്പോലും ഈ വില്ലന്റെ സാന്നിധ്യമുണ്ടാവും.

മറ്റുള്ളവരോട് ഒന്നും പറഞ്ഞില്ലെങ്കിലും എന്നോട് മനസ്സുതുറക്കുന്ന പ്രകൃതമായിരുന്നു അമ്മായിയുടേത്.

"ജീവിതത്തിന് ഇത്രയൊക്കെ വിശാലമായ തലങ്ങളുണ്ടെന്ന് ഇപ്പോഴാ കുട്ടീ മനസ്സിലായത്. കളിച്ചും ചിരിച്ചും നടന്നിരുന്ന നാം വിഷമവും, കരച്ചിലും, വെറുപ്പും, പകയും, വിദ്വേഷവും കാണാനും അനുഭവിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇത് സകലമാന മനുഷ്യർക്കും പരിചിതമാണ്. ഒന്നും സംഭവിക്കാതെപോലെ മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന ഒരു നാട്ട്യമാണല്ലോ നമ്മുടെയൊക്കെ ജീവിതം. അല്ലെങ്കിലും ജീവിതത്തിൽ  എല്ലാത്തരം ഭാവങ്ങളും നാം ആടിത്തീർക്കുകയല്ലേ? അതിനാണല്ലോ ഈശ്വരൻ നമ്മളെ ഭൂമിയിലേക്ക് പറഞ്ഞു വിടുന്നത്" 

"ജീവിതത്തിൽ ഒരിക്കലും കഷ്ടപ്പാടും വേദനയും അനുഭവിച്ചിട്ടില്ലാത്ത ആരെയെങ്കിലും നിനക്കറിയാമോ? സാധ്യമല്ല. ലോകത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പാടും വേദനയും അനുഭവിക്കുന്നവർ സ്ത്രീകളാണ്. അവർ എല്ലാം മനസ്സിൽ ഒതുക്കി നടക്കും. അവർ സഹനത്തിന്റെ പ്രതീകങ്ങളാണ്"

അമ്മായി വാചാലയായി കൊണ്ടിരിക്കുമായിരുന്നു.

മെലിഞ്ഞു വെളുത്ത ശരീരം. കയ്യിൽ ഞരമ്പുകൾ പച്ചകളറിൽ എടുത്തു നിൽക്കുന്നുണ്ട്. കുളിച്ചീറനണിഞ്ഞ മുടിയിൽ തുളസിക്കതിർ, സെറ്റുമുണ്ടും നേര്യതും   വേഷം, നെറ്റിയിൽ ചന്ദനക്കുറി, എപ്പോഴും പൂഞ്ചിരിച്ചു നിൽക്കുന്ന അവരെ കണ്ടാൽ എന്തോ ഒരു മനോഹാരിത നിറഞ്ഞുതുളുമ്പുന്നുണ്ട്. അമ്മായിയുടെ ആ ചന്തം കാണുമ്പോൾ എനിക്ക് കുശുമ്പ് തോന്നാറുണ്ട്.

മാളികവീടും എല്ലാവിധ സുഖസൗകര്യങ്ങളും ഇഷ്ടമുളളതിനെല്ലാം സ്വാതന്ത്ര്യവുമുണ്ടായിരുന്നിട്ടും  അമ്മായിടെ  ജീവിതം ഇവിടെ നരകതുല്യമായിരുന്നു. 

നേരം പുലരും മുൻപ് എഴുന്നേറ്റു മുറ്റമടി തുടങ്ങും.  നാലുചുറ്റും പരന്നുകിടക്കുന്ന വിശാലമായ മുറ്റം അടിച്ചു വൃത്തിയാക്കി വരുമ്പോഴേക്കും നേരം വെളുക്കും. അതുകഴിഞ്ഞു തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പുല്ലും വെള്ളവും കൊടുക്കണം,  കറവക്കാരനെ സഹായിക്കണം, പിന്നെ നിലം തൂക്കലും തുടയ്ക്കലും അങ്ങിനെ പണി തീരുന്ന നേരമില്ല. അതിനിടക്ക് അമ്മാവന്റെ ഓരോരോ ഇഷ്ടങ്ങളും അനിഷ്ടങ്ങളും. ആൺമക്കൾ മൂന്നുപേരും അവരുടെ കുടുംബവുമായി ജോലിസ്ഥലത്തായതുകൊണ്ടു അവരുടെ കാര്യങ്ങൾ നോക്കേണ്ട. ഒത്തശരീരവും ഉറച്ച നടത്തവും ആജ്ഞാശക്തി നിറഞ്ഞ ശബ്ദവും വലിഞ്ഞുമുറുകിയ പോലുള്ള മുഖഭാവവും കണ്ടാൽ അമ്മാവനെക്കുറിച്ചുള്ള ഭയം ആരിലും ജനിപ്പിച്ചിരുന്നു. അതുകൊണ്ടു അനുസരണയുള്ള ഒരു കുട്ടിയെപോലെയാണ് അമ്മായിയുടെ  പെരുമാറ്റം.  

അമ്മാവൻ  കാലത്തു പാടത്തുപോവുന്നതിനു മുന്നേ കഞ്ഞിയും അവിലുകുഴച്ചതുമാണ്  കഴിക്കാറ്. മറ്റു പണികൾ എന്തുണ്ടായാലും അമ്മാവന് അത്  കിട്ടാൻ വൈകിയാൽ അന്നത്തെ കാര്യം പറയേണ്ട. അമ്മായിടെ മുതുമുത്തശ്ശൻ മുതൽ 
താഴെയുള്ളവരെയെല്ലാം തെറിയഭിഷേകം നടത്തുന്നത് അമ്മാവൻ ഒരു വിനോദമായി കാണും. അല്ലെങ്കിൽ അമ്മായി കൊണ്ടുവന്ന കഞ്ഞിയും അവിലും അമ്മായിയുടെ മുഖത്തേക്കു വലിച്ചെറിയും.

 ഒരിക്കൽ അമ്മായി മൂത്തമകൻ രമേശനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്തു മച്ചിൽ കയറി എന്റെ കൂടെ കോണിപ്പടി ഇറങ്ങിവരുമ്പോൾ  ഞാൻ വീഴുമെന്നു കരുതി പിടിക്കാൻ മുന്നോട്ടു ആഞ്ഞപ്പോൾ അമ്മായി കാലുവഴുതി തെന്നിതാഴേക്ക് വീണസമയത്ത്‌ അമ്മാവൻ അരിശംപൂണ്ട് പല്ലുകടിച്ചു ഓടിവന്നു ഒരു ദയയുമില്ലാതെ വയറ്റിന് നോക്കി ചവിട്ടിയത് ഇന്നും ഓർക്കുന്നു. അവന്റെ വലിച്ചുവെച്ചുള്ള നടത്തത്തിനുള്ള കാരണം ആ ചവിട്ടായിരുന്നൂന്നാ അമ്മായി പറയാറ്.     

അമ്മാവനെ കാണുമ്പോ തന്നെ അമ്മായിയ്ക്ക് ഒരു വയറുകളിച്ചയാണ്. എപ്പോഴുമുള്ള  പ്രാക്കും ശകാരങ്ങളും കുറ്റപ്പെടുത്തലുകളും ഒരിക്കൽ പോലും സഹിക്കാൻ പറ്റില്ല.. ഒക്കെ കേട്ട് നിർവികാരയായി അക്ഷോഭ്യയായി തന്റെ ജോലികൾ തുടരുന്ന അമ്മായിയെ നോക്കി വീണ്ടും ശാപവാക്കുകൾ ഉതിർക്കുന്ന അമ്മാവൻ അങ്ങിനെ ഒന്നു നടന്നതായിയെന്നു പോലും ഭാവിക്കാറില്ല.

അമ്മാവന് പ്രഷറ് നല്ലോണമുണ്ട്. അതുകൊണ്ടു ദേഷ്യം മൂക്കിന്റെ തുമ്പത്താണ്. ദിവസവും അതിന്റെ ഗുളികകൾ ധാരാളം കഴിക്കുന്നുണ്ട്.

ഈ ആട്ടുംതുപ്പും സഹിച്ചു എന്തിനാ അമ്മായി ഇങ്ങനെ കഴിയുന്നുവെന്ന എന്റെ ചോദ്യത്തിന് അമ്മായിയുടെ മറുപടി വളരെ അതിശയം തോന്നുന്നതായിരുന്നു.

"ഇതൊക്കെ നിനക്ക് ഇപ്പോ പറഞ്ഞാ മനസ്സിലാവില്ല്യ കുട്ടീ... ഭർത്താവിന് നമ്മളെ വഴക്കുപറയാൻ അവകാശമുണ്ട്. കുറെയൊക്കെ കണ്ടു-കേട്ടില്ലാന്നു നടിച്ചു ജീവിക്കണം ന്നാ എന്റെ അമ്മയും അമ്മൂമ്മയും ഉപദേശിച്ചിട്ടുള്ളത്. നമ്മള് പെണ്ണുങ്ങൾക്ക് അത്രേ ഉള്ളൂന്ന് വിചാരിക്കണ കൂട്ടത്തിലാ ഞാൻ. എന്റെ ജാതകത്തിൽ ചിലപ്പോ ഇതൊക്കെ അനുഭവിക്കണമെന്ന് ഉണ്ടായിരിക്കാം. അത് അനുഭവിച്ചേ പറ്റൂള്ളൂ...."

"നിന്റെ ജാതകത്തിൽ തന്നെയില്ലേ മാതൃമരണം? മരിച്ചില്ലെങ്കിലും അമ്മയില്ലാത്ത അവസ്ഥയല്ലേ? ആ പറഞ്ഞതൊക്കെ സംഭവിച്ചില്ലേ കുട്ടീ...ജാതകത്തിലുള്ളത് അച്ചിട്ടാ.. അതും ഉണ്ണിപ്പണിക്കരാണ് കുറിച്ചതെങ്കിൽ പിന്നെ പറയേം വേണ്ടാ...."

"നീ പ്രശസ്തയാകുമെന്നാ എഴുതിവെച്ചിട്ടുള്ളത്. സമൂഹം ബഹുമാനിക്കുന്ന ഒരു പദവിയിൽ എത്തിച്ചേരുമെന്നും അന്യദേശത്തു നിന്നും പ്രശസ്തി വാങ്ങിക്കുമെന്നും ജാതകം വായിച്ചപ്പോൾ പറഞ്ഞിരുന്നു".

എല്ലാം ഓർത്തു രണ്ടര മണിക്കൂർ ബസ്സു ഓടി അമൃതയിലേക്ക് പോവുന്ന സ്റ്റോപ്പിലെത്തിയത് അറിഞ്ഞില്ല.

എന്നെ കണ്ടയുടൻ അമ്മാവൻ എഴുന്നേൽക്കാൻ തിടുക്കം കാട്ടി തുടങ്ങി. അമ്മാവന്റെ തേങ്ങി തേങ്ങിയുള്ള കരച്ചിൽ പെട്ടന്നായിരുന്നു.

"ഇനി എനിക്ക് ആരുമില്ല . . . . എന്റെ ആട്ടും തുപ്പും സഹിക്കാൻ വയ്യാണ്ട് ദൈവം അവളെ നേരത്തെ വിളിച്ചോണ്ടു പോയി..."

"എനിക്ക് അവളോട് സ്നേഹമായിരുന്നു കുട്ടീ ... എനിക്ക് ഒരിക്കൽ പോലും സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലാ....കഴിയാറില്ല.... എന്റെ സ്വഭാവം അങ്ങിനെ ആയിപ്പോയി...  "

"എല്ലാം എന്റെ തെറ്റായിരുന്നു. അതിന്റെ ശിക്ഷയാണ് ഞാനിന്നനുഭവിക്കുന്നത്. അവളായിരുന്നു എന്റെ ബലം. അവള് പോയപ്പോൾ എന്റെ മനസ്സും ശരീരവും തളർന്നു".

"അവളുണ്ടായിരുന്നപ്പോൾ എനിക്ക് എല്ലാമുണ്ടായിരുന്നു... എല്ലാവരുമുണ്ടായിരുന്നു.... എന്റെ ഊണിലും ഉറക്കത്തിലും അവളുടെ ഒരു സ്പർശനമുണ്ടായിരുന്നു. ഇപ്പൊ മക്കൾക്കും വേണ്ടാതായി .. .. ആരും തിരിഞ്ഞു നോക്കാതായി ".

കിടന്നിടത്തു കിടന്നു തന്നെയാണ് മലമൂത്ര വിസർജ്ജനം നടത്തുന്നത്. അമ്മായി  മരിച്ചതിൽ പിന്നെ അമ്മാവൻ  തനിച്ചായിരുന്നു തറവാട്ടിൽ. ഒരു ദിവസം ദിവസം ശരീരം തളർന്നു വീണതാണ്. കയ്യിനും കാലിനും ചലനശേഷി  നഷ്ടപ്പെട്ടു. തെക്കേലെ  രാധാകൃഷ്‌ണേട്ടനും വീട്ടുകാരുമാണ് അമൃത ആശുപത്രിയിലാക്കിയത്. അവരായിരുന്നു എന്നെ വിളിച്ചു പറഞ്ഞത്. ഒരാഴ്ചയായിട്ടും മക്കൾ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. അവരെയും രാധാകൃഷ്‌ണേട്ടൻ വിളിച്ചറിയിച്ചിരുന്നു.

നമ്മുക്ക് തണ്ടും തടിയും ഉള്ളപ്പോൾ എല്ലാവരും ഉണ്ടാവും. ആ സമയത്തു ആരെയും വെറുപ്പിക്കാതെ ജീവിക്കണം. എന്നാൽ മാത്രമേ ഒരു തളർച്ചവരുമ്പോൾ ആരെങ്കിലും ഉണ്ടാവൂ.

ജീവിതത്തിന്റെ സായാഹ്നത്തിൽ ഭർത്താവിന് ഭാര്യയും, ഭാര്യക്ക് ഭർത്താവുമാണ് തണൽ. ബാക്കിയുള്ളവർ വെറും കാഴ്ചക്കാർ മാത്രമാണ്. ഇതിൽ ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ മറ്റെയാൾ ചിറകൊടിഞ്ഞ ഒരു പക്ഷി മാത്രമാണ്. ഭർത്താവിന് ഭാര്യയും ഭാര്യക്ക് ഭർത്താവും പരസ്പരം ചിറകുകളാണ്. രണ്ടുപേരും ഉണ്ടെങ്കിൽ മാത്രമേ അവർക്കു പറന്നു നടക്കാൻ പറ്റുകയുള്ളു.

ആരോടും എന്നും ആജ്ഞാപിക്കുന്ന ശീലം മാത്രമുള്ള  അമ്മാവന്റെ അവസ്ഥയോർത്തു  വിഷമം തോന്നി. ആരെയും നാം അടച്ചാക്ഷേപിക്കരുത്. എല്ലാം  തികഞ്ഞവൻ എന്ന  ഭാവവും അതിന്റെ അഹങ്കാരവുമാണ് മനുഷ്യരെ ഈ വിധത്തിൽ ദൈവം പരീക്ഷിക്കുന്നത്.

"മോള് മാമ്മനെ ഒന്നു ചാരിയിരുത്തുമോ? ഈ കിടപ്പുകിടന്നു നാള് കുറെയായി. നീ വന്നപ്പോഴാ ഒരു  ശ്വാസം വീണത്. കുറെയായി പുറത്തെ കാഴ്ച കണ്ടിട്ട്. ഒന്നു എണീറ്റിരുന്നാൽ ജനാലിലൂടെ ആൾക്കാരെയും വാഹനങ്ങളെയും കാണാമല്ലോ"?

നമ്മുക്ക് സാന്ത്വനമായി നമ്മെ തേടിയെത്തിയവരെയാണ് നാം പരിഗണിക്കേണ്ടത്. അവർക്കു തിരിച്ചും ഒരു  കരുതൽ കൊടുക്കാൻ കഴിഞ്ഞാൽ ആ ജീവിത്തിന് എന്തോ പൂർണ്ണത വന്നുവെന്നു ഞാൻ വിശ്വസിക്കുന്നു.

തലയണ ചാരിവെച്ചു അമ്മാവന്റെ തലയുയർത്തി, ശരീരം മെല്ലെ മേലോട്ടാക്കി ചാരിയിരുത്തി. അമ്മാവന് എന്നിൽ നിന്നുകിട്ടിയ ആ കരുതലോടെയുള്ള താങ്ങു എന്തെന്നില്ലാത്ത ഒരു പുഞ്ചിരി പരുക്കനായ ആ മുഖത്തു കാണാമായിരുന്നു. അച്ഛനും അമ്മയും വലിച്ചെറിഞ്ഞ എനിക്ക് എന്നും സംരക്ഷകനായി നിന്ന അമ്മാവന് അവരുടെ ആപത്തുകാലത്തു എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ചാരിതാർഥ്യം എന്റെ മനസ്സിലും.

വിശ്വവലയിലെ സുന്ദരി - കഥ

'ഇത്രയും ദുരിതം നിറഞ്ഞ ജീവിതമായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങിപ്പോരില്ലായിരുന്നു.  കൂടെ വന്നാൽ നിന്നെ രാജകുമാരിയെപോലെ നോക്കിക്കൊള്ളാമെന്ന ജയിസലിന്റെ വാക്ക് കേട്ടിട്ടാണ് എല്ലാം ഉപേക്ഷിച്ചു പോന്നത്. ജെയ്‌സൽ ഇനിയും മുന്നോട്ടു പോവാൻ കഴിയില്ല' 

സോണിയുടെ ആത്മഹത്യ കുറിപ്പിലെ അവസാന വാചകം ഇതായിരുന്നു.

ആരെയും വകവെക്കാതെ ലക്കുംലകാനുമില്ലാതെ സഞ്ചരിച്ച ഓരോ ദിനങ്ങളും ആർത്തലക്കുന്ന കടൽ പോലെ മനസ്സിൽ തിരകൾ അടിച്ചു കൊണ്ടിരുന്നു. 

കഠിനമായ ചൂടിൽ നിന്നിരുന്ന സൂര്യൻ സന്ധ്യയിലേക്കു ചേക്കേറിയിട്ടും ജയിസലിന്റെ ശരീരം വിയർത്തൊലിക്കുന്നുണ്ടായിരുന്നു..

ജയിസലിന്റെ ദുബായിലെ ബിസിനസ്സിന്റെ വളർച്ചയിൽ നാട്ടുകാരും വീട്ടുകാരും അസൂയാലുക്കളാണ്. വളരെ പാവപ്പെട്ട ഒരു മത്സ്യതൊഴിലാളി കുടുംബത്തിൽ വളർന്ന അവന്റെ ഉയർച്ച ശരവേഗത്തിലായിരുന്നു. സമ്പന്നതയുടെ ഉയരങ്ങൾ കീഴടക്കുന്നത് അവൻ തന്നെ വിശ്വസിക്കാത്ത വിധത്തിലായിരുന്നു. അതെല്ലാം അവൻ ഒരുതരം  ഹരത്തോടെയാണ് ആസ്വദിച്ചിരുന്നത്.

എന്നാൽ എല്ലാം തകർത്തടിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഫേസ്ബുക്കും, മെസഞ്ചറും, വാട്ട്സ്ആപ്പും ജയിസലിന്റെ ഒരു ബലഹീനതയായിരുന്നു. ഊണിലും ഉറക്കത്തിലും ആരൊക്കെ കാത്തിരിക്കുന്ന തോന്നൽ അവനെ കൂടുതൽ സമയം അതിലേക്കു വലിച്ചിഴച്ചു.

'ഹായ്'
എന്ന ഒരു മെസ്സേജ് മെസഞ്ചറിൽ വന്നത് ജയിസൽ ആദ്യമൊന്നും കാര്യമാക്കിയില്ല. അല്ലെങ്കിലും അപരിചിതരുടെ ധാരാളം മെസ്സേജുകൾ ഇൻബോക്സിൽ വന്നാൽ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്.

വീണ്ടും വീണ്ടും അവളുടെ സന്ദേശങ്ങൾ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ വന്നു കൊണ്ടിരുന്നു.

'ഹായ്''
 
'സുഖമാണോ എന്റെ പ്രേമഭാജനമേ'
 
ഇത്തവണത്തെ സന്ദേശം അതായിരുന്നു. ഒപ്പം സൗന്ദര്യം പൊട്ടിയൊഴുകുന്ന ചില ഫോട്ടോകളും.

ആദ്യമൊക്കെ വന്ന മെസ്സേജുകൾ ഗൗനിക്കാതിരുന്ന ജൈസൽ അവളുടെ പ്രൊഫൈലിൽ ഒന്നു പരതി നോക്കി.എസ്റ്റോണിയൻ വംശജയാണ്. അവിവാഹിത. ഒരു കുട്ടിയെ ദത്തെടുത്തു വളർത്തുന്നു.
 
പേര് - 'ഒലീവിയ'
'എന്റെ സമ്മതമില്ലാതെ എന്നെ വലവിരിച്ച മാദകസുന്ദരി'. 

അവളുടെ ആകർഷണീയ സൗന്ദര്യം  ഒരു കാന്തത്തിന്റെ വശ്യതയോടെ അയാളെ ആകർഷിച്ചു.

'ദിവസം മുഴുവന്‍ നിന്നെ ആലിംഗനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാൻ വല്ലാതെ കൊതിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട രാജകുമാര...' 

എന്നായിരുന്നു ഒലിവിയ ഇത്തവണ തന്റെ മെസ്സഞ്ചറിൽ കുറിച്ചത്.  

'എന്റെ മാലാഖേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നമ്മള്‍ ഉടന്‍ കണ്ടുമുട്ടും'.  എന്നായിരുന്നു ജൈസൽ അവൾക്കായി കുറിച്ചത്.

'ഭാവസാന്ദ്രമായ, വിടർന്ന മിഴികളുള്ള, അഴകാർന്ന അധരങ്ങളാൽ വശ്യമായ പുഞ്ചിരിയോടെ നിൽക്കുന്ന ഈ അതിസുന്ദരിയെ ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. വിണ്ണിൽ നിന്നും അങ്ങകലെ മണ്ണിൽ വന്നിറങ്ങിയ താരകമാണവൾ' - ജെയ്‌സൽ തന്റെ മനസ്സിൽ ഒലീവിയയെ കുറിച്ചു കവിതകൾ രചിച്ചു.

എസ്റ്റോണിയൻ ചരിത്രവും സംസ്കാരവും മറ്റും നന്നായി അറിയാവുന്നതു കൊണ്ട് അവളുമായി  സൗഹൃദം കൂടാൻ കൂടുതൽ താല്പര്യം തോന്നി.

സോവിയറ്റ് യൂണിയന്‍ പലതായി ചിതറിപ്പോയപ്പോള്‍ ശേഷിപ്പിച്ചത് നിരവധി തര്‍ക്കപ്രദേശങ്ങളും കുരുതി നിലങ്ങളുമാണ്. അതിലൊന്നാണ് അബ്ഖാസിയ. റഷ്യയും ജോര്‍ജ്ജിയയും ഒരു പോലെ കൈവശപ്പെടുത്താനാഗ്രഹിക്കുന്ന ഒരു പ്രദേശം. റഷ്യയുടെ പിന്തുണയോടെ സ്വതന്ത്രമായി നില്‍ക്കാനാണ് അബ്ഖാസിയക്ക് താല്‍പര്യം. അവിടത്തെ വെടിയൊച്ചകള്‍ മുഴങ്ങിത്തുടങ്ങിയ ഒരു എസ്‌റ്റോണിയന്‍ സെറ്റില്‍മെന്റിലെ കഥകൾ എന്റെ മനസ്സിൽ ആ നിമിഷം  മിന്നിമറഞ്ഞു.. 

അവളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം കൂടി.

'എന്ത് ചെയുന്നു'

'അച്ഛൻ ആർമിയിൽ ആയിരുന്നു. എസ്റ്റോണിയൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണശേഷം ചെറിയ ബിസിനസുമായി കഴിയുന്നു'

എസ്റ്റോണിയൻ അതിർത്തിയിൽ നടന്ന വെടിവെപ്പിനെ കുറിച്ചു പറഞ്ഞപ്പോൾ  വെറുപ്പാണ് തോന്നിയത്. മറ്റൊരു രാജ്യത്തിന്റെ മേൽ കടന്ന് കയറി അധീശത്വം സ്ഥാപിക്കുകയാണ് പലപ്പോഴും നടക്കുന്നത്.  ഓരോ രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തെയും സർവാധികാരത്തെയും ഇടക്കൊക്കെ മറന്നു തിണ്ണമിടുക്കു കാട്ടുന്നു

അതിരുകളില്ലാതിരുന്ന വിശാലഭൂഭാഗങ്ങള്‍ക്കുള്ളില്‍ കെട്ടിപ്പൊക്കുന്ന അതിര്‍ത്തികള്‍ വേര്‍പ്പെടുത്തുന്ന ജീവിതങ്ങളും ബാക്കിയാക്കുന്ന ചോരക്കളങ്ങളുമാണ്  ചരിത്രത്തിന്റെ താളുകളിലെമ്പാടും കാണുന്നത്.

.'വലിയ ബിസ്സിനസ്സാണോ'?

'വലുതോ അതൊക്കെ ഒരു കഥയാണ്. പിന്നെ പറയാം'

'എന്തായാലും കമ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം നിങ്ങളുടെ രാജ്യത്തു പുരോഗതിയുണ്ടായല്ലോ? വികസനത്തിന്റെ അലകൾ തേടിയെത്താതിരുന്ന അവിടെ ഇപ്പോൾ നേടിയ വിജയം ഞങ്ങൾ കൗതുകത്തോടെയാണ് നോക്കുന്നത്'

ബിസ്സിനസ്സ് രംഗത്ത് സജ്ജീവമായതിൽ പിന്നെ ഓരോ രാജ്യത്തെ കുറിച്ചും അവിടത്തെ ചരിത്രവും വ്യവസയങ്ങളെ കുറിച്ചും അറിയാൻ ശ്രമിച്ചിരുന്നു.
 
'അച്ഛൻ മരിച്ചതിൽ പിന്നെ ജീവിക്കാനായി ഞാൻ പാടുപെടുകയാണ്. കാൻസർ രോഗിയായ അമ്മയും, എന്റെ വളർത്തു മകളും....' ഒലിവിയ മുഴുമിപ്പിച്ചില്ല.

അവളുടെ വേദന അയാളിൽ സ്വന്തം വേദനയായി തോന്നി തുടങ്ങി. അവളോട് എന്തെന്നില്ലാത്ത അടുപ്പവും തോന്നി.

'അമ്മയ്ക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം. പണത്തെ കുറിച്ച് പേടിക്കേണ്ട' - ജയ്‌സൽ മെസഞ്ചറിൽ കുറിച്ചു.

'അതുവേണ്ട. ഗവൺമെന്റിൽ നിന്ന് അച്ഛന്റെ മരണശേഷം കിട്ടാനുള്ള പൈസ കിട്ടിയാൽ ഞങ്ങളുടെ പ്രശ്നങ്ങൾ അവസാനിക്കും. ഇപ്പൊ ചെറിയ നിയമക്കുരുക്കാണ്'

പിന്നെ കുറെ ദിവസങ്ങളായി ഒലീവയുടെ ഒരു വിവരവും ഇല്ല. മെസഞ്ചറും ഫേസ്ബുക്കും ഡീആക്ടിവേറ്റ് ആക്കി. 

'ഞാൻ പറഞ്ഞത് ഒരു പക്ഷെ ഒലീവയ്ക്കു ഇഷ്ടമായിരിക്കില്ല. കാശിന്റെ കാര്യം പറയണ്ടായിരുന്നു'.

നാളുകൾക്കു ശേഷം അവളുടെ ഈമെയിൽ സന്ദേശം.

'വിരോധമില്ലെങ്കിൽ എന്നെ ഒന്നു സഹായിക്കണം. അമ്മയുടെ രോഗം മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുന്നു. താർത്തു യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഇപ്പോൾ ചികിൽസിക്കുന്നത്. എനിക്ക് അത്യാവശ്യമായി ഒരു ലക്ഷം ഡോളർ വേണം'. 

'കുഴപ്പമില്ല ഞാൻ ഉടൻ തന്നെ അയക്കാം. ബാങ്ക് അക്കൗണ്ട് നമ്പർ അയച്ചു തരൂ. ഐബാൻ നമ്പർ കൂടി വേണം'

'എനിക്ക് ബാങ്കിൽ പോവാൻ കഴിയില്ല. അമ്മയുടെ അടുത്ത് എപ്പോഴും ഒരാള് വേണം. ഞാൻ എന്റെ ഒരു സ്നേഹിതന്റെ ബാങ്ക് രേഖകൾ അയക്കുന്നു'

ജയിസലിന്റെ കയ്യിൽ ആ സമയത്തു കാശ് ഒന്നും ഉണ്ടായിരുന്നില്ല. യൂണിയൻ നാഷണൽ ബാങ്കിലെ ദേര ശാഖയിൽ നിന്ന് ഒരു 'ഒഡി' ശെരിയാക്കി പൈസ അയച്ചു.

'നന്ദിയുണ്ട് സുഹൃത്തേ. ഒരുപാട് ഒരുപാട്. പൈസക്കിട്ടി. ഓപ്പറേഷന് ഹോസ്പിറ്റലിൽ പൈസ അടച്ചു'.

ഇത്തവണ മെസ്സേജ് വന്നത് വേറെ ഒരു മെസ്സഞ്ചർ അക്കൗണ്ടിൽ നിന്നായിരുന്നു.

അപ്പോഴേക്കും ജെയിസൽ അവളിൽ അഡിക്റ്റ ആയി കഴിഞ്ഞിരുന്നു. ബിസിനസ്സിൽ ശ്രദ്ധകേന്ദ്രീകരിക്കാതായി. സോണിയുമായി അകൽച്ചയായി. ഫ്‌ളാറ്റിൽ എപ്പോഴെങ്കിലും പോവുന്നത് ഒരു പതിവായി മാറി.

കുറെ നാളുകൾക്ക് ശേഷം ഒലീവയുടെ മെസ്സേജുകൾ ഒന്നും വരാതായി. പുതിയ മെസഞ്ചറും ഫേസ്ബുക്കും വീണ്ടും ഡീആക്ടിവേറ്റ് ആക്കി.

മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു മെസ്സേജ്. പഴയ മെസ്സഞ്ചർ അക്കൗണ്ടിൽ നിന്ന്.

'എന്നെ കൈവിടരുത്. അമ്മയുടെ ഓപ്പറേഷൻ വിജയിച്ചില്ല. ഫ്ലോറിഡയിലെ മായോ ക്ലിനിക്കിൽ കൊണ്ടുപോകണം. എനിക്ക് 
ഒരു ലക്ഷം ഡോളർ കൂടി വേണം'. 

ജയ്‌സൽ ബിസ്സിനസ്സ് ആകെ തകർന്ന അവസ്ഥയിലാണ്. സാമ്പത്തിക മാന്ദ്യം കാര്യമായി ബിസ്സിനസ്സിനെ ബാധിച്ചു. ബാങ്ക് ഓവർ ഡ്രാഫ്റ്റ് തരാതായി.

ഒരു ഗതിയുമില്ലാതായപ്പോൾ പലിശക്ക് കൊടുക്കുന്ന മാർവാടിയുടെ അടുത്തുപോയി. കാര്യം പറഞ്ഞു. അയാൾ പൈസ തരാമെന്നു പറഞ്ഞു. പക്ഷെ എന്നോട് പലതരം തട്ടിപ്പുകളെ കുറിച്ച് പറഞ്ഞു തന്നു. ഇതുപോലെ പലരും ചതിയിൽ പെട്ട കഥ പറഞ്ഞു, 

'അവരുടെ ആദ്യം അയച്ച ബാങ്ക് അക്കൗണ്ടും ആളിനെയും കുറിച്ച് അന്വേഷിക്കൂ '.

വെർസോ ബാങ്കിലായിരുന്നു അക്കൗണ്ട്. ഇപ്പൊ ആ അക്കൗണ്ട് ബ്ലോക്ക് ആണ്. അളവിൽ കൂടുതൽ ട്രാൻസാക്ഷൻ നടന്ന അക്കൗണ്ട് നിരീക്ഷണത്തിലാണ് എന്ന മറുപടി ബാങ്കിൽ നിന്നു കിട്ടി. ആളെ കുറിച്ചോ മറ്റു രേഖകളോ അവർ കൈമാറിയില്ല.

ഇതിൽ ചതിയുണ്ടോ? ഒലിവിയ എന്നെ ചതിക്കുമോ? ജെയ്‌സൽ സങ്കടവും ദേഷ്യവും കൊണ്ട് ഒരു ഭ്രാന്തനെപോലെയായി.

ചിലന്തിവല പോലെ ഇരയെ തേടി തുറന്നിരിക്കയായിരുന്നു ഒലിവിയ. ആഴിയെ കണ്ടു അറച്ചു നിന്ന മനുഷ്യൻ ആകാശത്തെയും കീഴടക്കിയ ഈ കാലത്തു ഒളിയിടത്തിലിരുന്ന് അവളുടെ അമ്പെയ്തു എന്നെ തകർക്കുകയായിരുന്നു. എന്റെ ജീവിതം ഹാക്ക് ചെയ്ത വിശ്വവലയായിരുന്നു അവളെന്നു ഞാൻ അറിഞ്ഞിരുന്നില്ല.

ഇനി തെറ്റിനെയും ശരിയേയും കുറിച്ച് ഒരന്വേഷണം നടത്തിയിട്ടു കാര്യമില്ല. എല്ലാം വഴിവിട്ട ജീവിതത്തിൽ എനിക്ക് പറ്റിയ അബദ്ധങ്ങളായിരുന്നു. ചലനമറ്റ ശരീരവും മരവിച്ച ഹൃദയവുമായി ഇനി എത്ര നാൾ മുന്നോട്ടു പോവുമെന്നറിയില്ല. 

അപൂർണ്ണ ജീവിതം - കഥ

എല്ലാവരുടെയും വിലക്കുകളെയും എതിർപ്പുകളെയും അവഗണിച്ചു കൊണ്ടാണ് ഞങ്ങൾ രണ്ടു പേരും വിവാഹത്തിന് തയ്യാറായത്. ഞാനും ജിഷിതയും രണ്ടു  മതക്കാരായതിനാൽ ഞങ്ങളുടെ കുടുംബക്കാർക്ക് ഈ ബന്ധം നടക്കുന്നതിനോട് തീരെ ഇഷ്ടമില്ലായിരുന്നു.

മതങ്ങൾക്കപ്പുറമാണല്ലോ രണ്ടുമനസ്സുകൾ തമ്മിലുള്ള പൊരുത്തം. അതിനു വഴങ്ങുന്ന തരത്തിൽ ഞങ്ങളുടെ മനസ്സുകൾ എന്നേ പാകപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് എല്ലാ പ്രതിബന്ധങ്ങളെയും തട്ടിയെറിഞ്ഞു ആ സാഹസത്തിന് -"രജിസ്റ്റർ മാര്യേജ്"- മുതിർന്നത്.

കല്യാണം കഴിഞ്ഞു എട്ടു മാസമായി കാണും. ജിഷക്ക് നിർത്താതെയുള്ള ഛർദിയും തലകറക്കവും. രണ്ടുപേരും ഗുരുവായൂർ ജെമിനിയിലാണ് വർക്ക്‌ ചെയ്യുന്നത്. മാനേജരെ വിളിച്ചു ജിഷയ്ക്കുള്ള അസുഖത്തെ കുറിച്ച് പറഞ്ഞു. 

"ഇന്നത്തേക്ക് ഒരു ദിവസത്തെ ലീവ് വേണം സാറേ. ഞങ്ങൾ ഡോക്ടറെ കണ്ടിട്ട് നാളെ വരാം". 

"കൺഗ്രാജുലേഷൻസ്"

"ആ, ആ.. പോയി വാ.., വരുമ്പോൾ ലഡുവുമായി പോരെ". മാനേജർ പറഞ്ഞു. 

എനിക്ക് സന്തോഷംകൊണ്ടു എന്തുചെയ്യണമെന്ന് അറിയാതെ തുള്ളിച്ചാടുകയായിരുന്നു. വീട്ടുകാരും കുടുംബക്കാരും ഉപേഷിച്ചതിൽപിന്നെ ഞങ്ങൾക്ക് ഉറ്റവരും ഉടയവരുമായി ഒരു അഥിതികൂടി വരുന്നത് ഒരു ഉത്സവമായിരുന്നു.

ഡോക്ടർ ഒന്നുരണ്ടു ടെസ്റ്റിന് എഴുതി. റിസൾട്ട് വാങ്ങി ഓടി ഡോക്ടർ പോകുന്നതിനുമുന്നെ ക്യാബിന്റെ മുന്നിലെത്തി. 

"എങ്ങനെയെങ്കിലും ഇന്ന് ഈ റിസൾട്ട് ഡോക്ടറെ കാണിക്കണം. നാളെ വീണ്ടും ലീവ് ചോദിച്ചാൽ ഇന്ന് പറഞ്ഞപോലെയായിരിക്കില്ല മാനേജരുടെ മറുപടി".

"ജിഷ"

നേഴ്‌സിന്റെ വിളികേട്ടാണ് ആലോചനയിൽ നിന്ന് ഉണർന്നത്.

എന്റെ വെപ്രാളം കണ്ടുകൊണ്ടിട്ടാവണം ഡോക്ടർ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു - "കുഴപ്പമില്ലടോ... താങ്കൾ ഒരച്ഛനാകാൻ പോകുന്നു".

എന്റെ സന്തോഷം അണപൊട്ടിയൊഴുകി. ഡോക്ടറും നേഴ്സുമാരും നോക്കി നിൽക്കെത്തന്നെ ഞാൻ ജിഷയുടെ നെറുകയിൽ ഉമ്മവെച്ചു.

പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു. മാസംതോറുമുള്ള ചെക്കപ്പു തുടരുന്നുണ്ടായിരുന്നു. മൂന്നാം മാസം സ്കാനിങ്ങിന് എഴുതി തന്നു.

"ഇപ്പൊ കുഞ്ഞിനെ വേണ്ടാന്ന് വെക്കുന്നതായിരിക്കും നല്ല തീരുമാനം. ജിഷയുടെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ ചുമക്കാനുള്ള ശേഷി ഇല്ല". ഡോക്ടറുടെ ഈ വെളിപ്പെടുത്തൽ ഞങ്ങളിൽ അതുവരെയുണ്ടായിരുന്ന സന്തോഷത്തിന് മങ്ങൽ വീണു.

"എന്തുവന്നാലും ഞാനിതിന് സമ്മതിക്കില്ല. എന്റെ ഉദരത്തിൽ മൊട്ടിട്ട ആ ജീവനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല" ജിഷ അലറിക്കരഞ്ഞു.

ഞാൻ അവളെ നന്നേ പാടുപ്പെട്ടു ഒന്നു സമാധാനിപ്പിക്കാൻ.

"മോളുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ തന്നെയാവട്ടെ". അവളെ സമാധാനിപ്പിച്ചു.

ഒടുവിൽ എന്റെയും അവളുടെയും പിടിവാശിക്കുമുന്നിൽ നിസ്സഹാനായ ഡോക്ടർ ഒന്നുംപറഞ്ഞില്ല.

അവൾക്കു ഗർഭപാത്രത്തിൽ കാൻസറാണ്  എന്ന വിവരം എന്നെ ധരിപ്പിക്കാൻ ഡോക്ടർ മറന്നില്ല. ഇപ്പോൾ മതിയായ സംരക്ഷണമാണ് വേണ്ടത്. ഗർഭിണിയായതുകൊണ്ട് മറ്റു ചികിത്സകൾക്ക് സാധ്യമല്ല. രോഗിയെ പരമാവധി അറിയിക്കാതിരിക്കാൻ ശ്രമിക്കുക എന്നായിരുന്നു ഡോക്ടറുടെ ഉപദേശം.

ദിവസം ചെല്ലുംതോറും അവളുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നു. ഏഴാം മാസം നടത്തിയ സ്കാനിങ്ങിൽ "കുഞ്ഞിനും അമ്മയ്ക്കും തീരെ പ്രതീക്ഷ വേണ്ട...പിന്നെയെല്ലാം ദൈവത്തിന്റെ അത്ഭുതങ്ങളായിരിക്കും" - എന്നാണ് ഡോക്ടർ പറഞ്ഞു

വേദനയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയത് പുറത്തേക്കു കാണിക്കാതിരിക്കാൻ അവൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. എനിക്ക് അതൊന്നും താങ്ങാൻ പറ്റില്ല എന്നവൾക്കറിയാം. ഞാനെന്തെങ്കിലും ചോദിച്ചാൽ അവൾ തടഞ്ഞുനിർത്തിയ അണ  പൊട്ടിയൊഴുകുമെന്നറിയാവുന്നതു കൊണ്ട് അവൾക്ക് നേരെ ഞാനും  മുഖം കൊടുക്കില്ല. എന്റെ വേദനയും സങ്കടങ്ങളും എന്റെ മനസ്സിൽ ഒതുക്കി തീർക്കും.

പരീക്ഷണങ്ങൾ നടത്തുന്ന ദൈവത്തിന്റെ വികൃതികളോട് വെറുപ്പാണ് ഇപ്പോൾ തോന്നുന്നത്. അനുഗ്രഹിക്കേണ്ടിടത്തു നിഗ്രഹമായാലോ: - "എന്തിനാണീ നരകതുല്ല്യമായ ജീവിതം".

"കഴിഞ്ഞുപോയ ജന്മത്തിലെ പാപങ്ങൾക്ക് എന്തിനാണ് ഞങ്ങളെ ശിക്ഷിക്കുന്നത്? ഈ ജന്മത്തിൽ ഞങ്ങൾ ചെയ്യുന്ന പുണ്ണ്യങ്ങളെ നിനക്ക് കണ്ണ് തുറന്നു കണ്ടുകൂടെ?" ഈറനണിഞ്ഞ കണ്ണുകളുമായി ഹോസ്പിറ്റലിലെ ചില്ലുകൂട്ടിലിരിക്കുന്ന ദൈവങ്ങളോട് രാജേഷ് കേണപേക്ഷിച്ചു.

വളരെ പ്രതീക്ഷയോടെയായിരുന്നു ജീവിതത്തിന്റെ ഊടുംപാവും തീർത്തത്. എല്ലാം ഇത്രപെട്ടെന്ന് തകിടംമറിയുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ഒരേ താളത്തിലായിരുന്നു ഞങ്ങൾ ഇഴയടുപ്പത്തോടെ ജീവിതത്തിന്റെ നൂൽനൂറ്റിരുന്നത്. അതിന്റെ സന്തോഷത്തിൽ മതിമറന്നിരിക്കുമ്പോഴും ഞങ്ങളറിയുന്നില്ല "കട്ടപിടിച്ചു കിടന്നിരുന്ന ആ ദുർഭൂതത്തെ".

അവളുടെ ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ പ്ലസും മൈനസും ചേർന്നുള്ള പൂജ്യത്തെ കുറിച്ച് ഞങ്ങൾ അജ്ഞരായിരുന്നു.

"ചേട്ടാ എനിക്ക് ഭയങ്കര വയറു വേദന"

"സഹിക്കാൻ പറ്റുന്നില്ല" അവൾ അലറികൊണ്ടിരുന്നു.

"വെറുതെയല്ല വയറുവേദന വല്ല കണ്ടതും പിടിച്ചതും വാരി വലിച്ചു തിന്നുമ്പോൾ ഓർക്കണം" ഞാൻ അവളുടെ അസുഖം അവളെ അറിയിക്കാതെ വിഷമം കടിച്ചൊതുക്കി ഒച്ചവെച്ചു,

"മറ്റുള്ളവർ എന്ത് വിചാരിക്കും രാജേഷേട്ടാ, നമ്മൾ ഇങ്ങനെയൊക്കെയാണന്നല്ലേ ആൾക്കാർ വിചാരിക്കൂ"

അവൾക്ക് എന്തെങ്കിലും വരുമ്പോൾ എനിക്ക് വിഷമം കൊണ്ടു ഒരുതരം ദേഷ്യം വരുന്നത് സ്വാഭാവികമാണ് അതവൾക്കറിയാം. എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അതുകാണിക്കുന്നത് അവൾക്കിഷ്ടമില്ല.

"വേദന കൊണ്ട് അവൾ കണ്മുന്നിൽ കിടന്ന് പിടയുമ്പോൾ എത്ര നേരം നോക്കി നിൽക്കും. കാലം ഇത്രയായിട്ടും അവളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ പോലും നൊന്തുപോകുന്ന ഒരു മനസ്സായിരുന്നു എന്റേത്.

നേഴ്‌സുമാർ വന്നു എമർജൻസി സെക്ഷനിലേക്കു കൊണ്ടുപോയി. കൂടെ ഞാനും പോയി.

"ഇത്തിരി സീരിയസാണ്. ഇനി കാക്കാൻ പറ്റില്ല. എത്രയും പെട്ടെന്ന് ഓപ്പറേഷന് കയറ്റണം" ഡോക്ടർ പറഞ്ഞു,

അടുത്തിരുന്ന എന്റെ കരങ്ങളിൽ അവൾ മുറുകെ പിടിക്കുന്നുണ്ടായിരുന്നു. വേദനയുടെ തേങ്ങൽ എന്റെ കരളു പിടഞ്ഞു. അവളെ കൂടുതൽ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു.

അവളുടെ മുഖത്ത് നോക്കുമ്പോൾ ആകെ വിഷമമാണ്. ഗർഭിണിയായിരിക്കുമ്പോൾ തടിച്ചുതുടുത്തുവരേണ്ട ശരീരം ഒരസ്ഥികൂടം പോലെയായിരിക്കുന്നു. നല്ലകണ്ണുകളും അഴകാർന്ന മുടിയും ഉണ്ടായിരുന്ന അവളെ തിരിച്ചറിയുന്നില്ല.  

ഓപ്പറേഷൻ ഇത്തിരി സീരിയസാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ എല്ലാ മുൻകരുതലുകളും ഹോസ്പിറ്റലിൽ എടുത്തിട്ടുണ്ട്.  എന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി  ഡോക്ടർ ഓപ്പറേഷന് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു തന്നിട്ടുണ്ട്.

അവൾ വേദന കൊണ്ട് എന്തൊക്കൊയോ പറയുന്നുണ്ട്.

"ജീവിതം എന്നതിന് ഒരു നിർവ്വചനം നീ പറയാറുണ്ടല്ലോ? നീയും ഞാനും ഒരു നിഴലായ് നിൽക്കുമ്പോൾ മാത്രമാണ് സംഭവിക്കുന്ന ഒരു പ്രക്രിയ അല്ലെ? ഇനി അവിടം പ്രകാശം നഷ്ടപ്പെട്ടു ഇരുട്ടു കയറുകയാണോ?"

"സൂര്യൻ ഒരു കുഞ്ഞുപൊട്ടുപോലെ കടലിലേക്ക് മറഞ്ഞു പോകുന്നപോലെ എല്ലാം അവസാനിക്കുകയാണോ ചേട്ടാ...?"

"എന്റെ ചേട്ടൻ പാവമാണ്"

"ആ പാവം ജോലി ഉപേക്ഷിച്ചാണ് എനിക്കുവേണ്ടി ഈ കാവൽ നിൽക്കുന്നത്".

ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ആരും കാണാതെ അവൾ  ഓപ്പറേഷൻ തിയ്യറ്ററിൽ കിടന്നു തുടച്ചു കളഞ്ഞു... 

"ഈ മരുന്ന് വാങ്ങണം".

നേഴ്സ് ഒരു കുറിപ്പു കൊണ്ടുവന്നു പറഞ്ഞു.

അമല ഹോസ്പിറ്റലിന്റെ പടിയിറങ്ങി സുബോധം നഷ്ടപ്പെട്ട പോലെ രാജേഷ്  നടന്നു.  തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും ജനങ്ങളും ഒന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. അപ്രതീക്ഷതമായി പെയ്ത മഴയിൽ നനഞ്ഞു കുതിർന്നുവെങ്കിലും അതിനെ ഗൗനിച്ചില്ല. മഴക്ക് പിന്നെയും ശക്തികൂടുകയാണ്. നനഞ്ഞു കുതിർന്നു മരുന്നുമായി അവിടെയെത്തുമ്പോഴേക്കും സിസേറിയൻ കഴിഞ്ഞിരുന്നു, 

"രാജേഷ്?"
"ആൺകുഞ്ഞു പിറന്നിരിക്കുന്നു" - നേഴ്സ് കുട്ടിയുമായി വന്നു പറഞ്ഞു.

"എന്റെ ജിഷിത"

"ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ. പിന്നെ എല്ലാം ദൈവം തീരുമാനിക്കും" - നേഴ്‌സിന്റെ പറച്ചിൽ കേട്ട് അയാൾ സ്തബ്ധനായി.

ബ്രേക്കി തെറാപ്പിയാണ് പ്രതിവിധിയെന്നു ഡോക്ടർ പറയുന്നത്. ഓങ്കോ സ്പെഷ്യലിസ്റ് ഇന്ന് ലീവിലാണ്. അദ്ദേഹം വന്നാലേ ഇത് നടക്കൂ, അദ്ദേഹം ഇന്ത്യയിലെ പ്രമുഖനാണ്. ഡോക്ടറെ എടുക്കാനായി ആംബുലൻസ് തിരിച്ചിട്ടുണ്ട്.സിസ്സേറിയൻ കഴിഞ്ഞ ഉടനെ ഇത് സാധ്യമാണോ എന്നറിയില്ല.

മഴകൊണ്ട് ഇറ്റിവീഴുന്ന മഴത്തുള്ളികളോടൊപ്പം അയാളുടെ  കണ്ണീരും ഒഴുകി കൊണ്ടിരുന്നു. ഒരദൃശ്യ ശക്തി എന്തൊക്കെ അയാളിൽ നിന്ന് അടർത്തി മാറ്റുന്ന പോലെ തോന്നി.

മരവിച്ച ഹൃദയവുമായി രാജേഷ് ഗ്ലാസ്സിലൂടെ അവളുടെ ഒരു നോക്ക് കാണാൻ കൊതിച്ചു നിന്നു.

."ജീവിച്ചു കൊതിതീർന്നിട്ടില്ല ചേട്ടാ,  ദുർഗന്ധം വമിക്കുന്ന ഈ ശരീരവുമായി ഇനി അതിനു കഴിയുമെന്ന് തോന്നുന്നില്ല.നമ്മൾ കുറച്ചെങ്കിലും ജീവിച്ചല്ലോ? അടയാളമായി ഞാൻ നമ്മുടെ മോനെ ഏൽപ്പിക്കുന്നു". 

"ഇനി മിനിറ്റുകൾ ഇടവിട്ടു ഐ.സി.യു.വിന്റെ ഗ്ലാസ് ഡോറിൽ വന്നുനിന്നു  നോക്കേണ്ട. എല്ലാം ഏകദേശം തീരുമാനമായീന്നാ തോന്നണേ. നഴ്‌സുമാരുടെയും  ഡോക്ടർമാരുടെയും  ചർച്ച ആ വഴിക്കാണ് പോണത്. കാത്തു നിൽക്കേണ്ട. നീ എനിക്കായ് തന്നിരുന്ന ചൂടുള്ള ചുംബനങ്ങൾ സമ്പാദ്യമായി ഞാൻ കൊണ്ടുപോകാണ്"

പൊടുന്നനെ മോണിറ്ററിൽ ഏറിയും കുറഞ്ഞും നിന്നിരുന്ന ഗ്രാഫുകൾ ഒരു നേർരേഖയായി മാറി. എഴുതി തീരാത്ത കഥയിലെ താളുകളെ പോലെ, അപൂർണമായ ആ ജീവിതം നിശ്ചലമായി..

അഞ്ഞൂറും ആയിരവും - കഥ

'ഇത് ഞാൻ ആരുടേയും മോഷ്ടിച്ചതല്ല'  എല്ലാവരോടും കല്യാണി ആണയിട്ടു പറഞ്ഞു.

എന്നാൽ സ്നേഹാലയത്തിലെ ആരും അത് വിശ്വസിക്കാൻ തയ്യാറല്ലാത്തതുപോലെ. വാർഡനും, മാനേജരും ശകാരത്തിന്റെ വാളുയർത്തി സംസാരിച്ചു കൊണ്ടിരുന്നു.

എല്ലാവരുടെയും സംശയം ഇത്രയും കാശ് എന്റെ കയ്യിൽ എങ്ങനെ വന്നുചേർന്നുവെന്നായിരുന്നു.

ഈ നശിച്ച നോട്ടു നിരോധനം വന്നില്ലായിരുന്നെങ്കിൽ ഞാൻ എന്റെ പൊന്നുമക്കൾക്ക് കരുതി വെച്ച ഈ അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടുകൾ ആരെയും കാണിക്കില്ലായിരുന്നു - കല്യാണി മന്ത്രിച്ചു.

ഭർത്താവ് മരണപ്പെട്ടതിൽ പിന്നെ മകനും മരുമകളും കൂടി കല്യാണിയെ സ്നേഹാലയത്തിലാക്കി. 

'അവർക്കു ഞാൻ ബാധ്യതയായിയെന്ന തോന്നലായിരിക്കാം എന്നെ ഇവിടെ ഉപേക്ഷിച്ചത് എന്ന് കല്ല്യാണി അന്തേവാസികളോട് ഇടയ്ക്കിടെ പറയുമായിരുന്നു.

'എങ്കിലും എന്റെ മോൻ പാവമാണ്'. 

'അവന് ബുദ്ധിയില്ലാണ്ടാ ഇങ്ങനെ പെരുമാറുന്നേ'.

എങ്കിലും ഇടയ്ക്കിടെ അവർ എത്തിനോക്കാറുണ്ടെന്നത് കല്യാണിക്കു ഒരാശ്വാസമാണ്. വരുമ്പോഴൊക്കെ എന്തെങ്കിലും പോക്കറ്റ് മണിയായി കൊടുക്കാറുമുണ്ട്.

തനിക്ക് സമ്മാനമായി കിട്ടുന്ന പൈസ കല്യാണി തുണി ഭാണ്ഡങ്ങളുടെയിടയിൽ തിരുകി ആ പഴയ ബാഗിലാണ് വെക്കാറ്.

'എല്ലാവരും  എന്നെ  കള്ളിയെ പോലെയാണ് നോക്കുന്നത്'.

അവർ പരസ്പരം പറയുന്നുണ്ട് - 'കണ്ടാൽ പറയില്ല ഇതരക്കാരിയെന്ന്'.

അവരിങ്ങനെ നോക്കുമ്പോഴും, പറയുമ്പോഴുമൊക്കെ കല്ല്യാണിക്ക് തോന്നി - 'ഞാൻ കള്ളിയാണോയെന്നു'?

കഴിഞ്ഞ ആഗസ്തിലായിരുന്നു കല്യാണിയെ മകനും മരുമകളും കൂടി ഈ  സ്നേഹാലയത്തിൽ കൊണ്ടുവന്നാക്കിയത്. 

'ഒട്ടും താല്പര്യമില്ലായിരുന്നു എന്റെ മകനെയും പേരകുട്ടികളെയും വേർപിരിഞ്ഞു കഴിയാൻ'.

അവൻ വളർന്നു വലുതായിട്ടും കല്യാണി അവനെ പായയിൽ മൂത്രമൊഴിക്കുന്ന ആ പഴയ കൊച്ചുകുട്ടിയെ പോലെയാണ് കാണുന്നത്.

പേരകുട്ടികളുടെ ജീവനായിരുന്നു അച്ഛമ്മ.

കല്യാണിക്കു ആരെങ്കിലും ബന്ധപ്പെട്ടവർ സ്നേഹത്തോടെ കൊടുക്കുന്ന കാശെല്ലാം പേരക്കുട്ടികൾക്ക് മിട്ടായിയും, വളയും, പൊട്ടും വാങ്ങികൊടുത്തായിരുന്നു അവ ചെലവാക്കിയിരുന്നത്. അത്  കല്യാണിയുടെ ഒരു സന്തോഷവും വിനോദവുമായിരുന്നു.

ഭർത്താവ് മരിച്ച ശേഷം  കല്യാണി ആകെ അസ്വസ്‌ഥയായിരുന്നു. എന്നാൽ മകൻ എന്നും ഒരാശ്വാസവും ജീവവായുവുമായിരുന്നു അവർക്കു.

അച്ഛന്റെ വേർപാട് അമ്മയ്ക്കുണ്ടാക്കിയ ആ ശൂന്യതയിൽ നിന്ന്  .അമ്മയെ മോചിപ്പിച്ചിരുന്നത് മകന്റെ സ്നേഹവാത്സല്യമായിരുന്നു.

അമ്മയ്ക്ക് സങ്കടം വരുമ്പോൾ ആശ്വസിപ്പിക്കാൻ പൊന്നോമന മകൻ കൂടെയുണ്ടായിരുന്നു.

കല്യാണിക്കു മകൻ വിവാഹം ചെയ്യുന്നതിൽ തീരെ താൽപര്യമില്ലായിരുന്നു. കരുതലുകൾ നഷ്ടപ്പെടുമെന്നുള്ള വിഷമം കല്യാണിയെ അലട്ടിയിരുന്നു.

മകന് ജോലി ചെയ്യുന്നിടത്തെ ഒരു പെൺകുട്ടിയുമായുള്ള സ്നേഹമൊക്കെ കല്യാണിക്കു അറിയാമായിരുന്നു.ആരൊക്കെ എതിർത്താലും അവൻ അതിൽ നിന്ന് പിന്തിരിയില്ല.

'കല്യാണം കഴിച്ചാലും അമ്മയ്ക്കു കരുതലായ്, താങ്ങായ്, തണലായ്‌ ഈ മകൻ എന്നും കുടെയുണ്ടാവും' എന്ന് മകൻ ആണായിട്ടുപറയുമായിരുന്നു.

അണ്ടിയോടു അടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളി അറിയൂ. കല്യാണ ശേഷം അവന്റെ മട്ടും, ഭാവവും ആകെ മാറിയിരുന്നു.അവൻ സ്നേഹം അഭിനയിക്കാൻ തുടങ്ങിയെന്ന സത്യം 'അമ്മ കാലങ്ങൾക്കു ശേഷം തിരിച്ചറിഞ്ഞിരിക്കുന്നു.

'എന്റെ മോന്  ബുദ്ധിയില്ലാത്തോണ്ടാ അവൻ ഇങ്ങനെ പെരുമാറുന്നത്' - കല്യാണി പറയും.മോൻ എന്നും അമ്മയുടെ ജീവനായിരുന്നു.

അന്യന്റെ വേദനകളിൽ സുഖമനുഭവിക്കുന്ന ഒരു പ്രകൃതമായിരുന്നു മകന്റെയും മരുമകളുടെയും സ്വഭാവം.  

അന്യന്റെ വേദന സ്വന്തം വേദനയാക്കി കൊണ്ടാണ്  കല്യാണി വളർന്നതും ജീവിച്ചതും. അതുകൊണ്ടു തന്നെ മകന്റെയും മരുമകളുടെയും കുറ്റപ്പെടുത്തലുകളിൽ കല്യാണിക്ക് ഒന്നും തോന്നാറില്ല.

സന്ധ്യാനാമം കഴിഞ്ഞു കുട്ടികൾക്ക് കഥ പറഞ്ഞും കവിത പാടിയും കല്യാണി ദിവസവും സന്തോഷത്തിന്റെ പൊടിപൂരം പൊടിക്കും.

അതായിരുന്നു കല്യാണിയുടെ പതിവ് പരിപാടി.

ഇന്നും ഇവിടെയെത്തിയിട്ടും  കല്യാണിയുടെ മനസ്സും ശരീരവും  ആ  തറവാട്ടു മുറ്റവും, വീടും, പേരക്കുട്ടികളെയും  തേടുകയായിരുന്നു.

അതുകൊണ്ടു തന്നെയാണ്  എന്നെങ്കിലും തിരിച്ചുപോയാൽ പേരക്കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി ഒരുംകൂട്ടി വെച്ചിരിക്കുന്ന ഈ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ.

അത് വാര്ഡന്റെയും മാനേജരുടെയും ഭാഷയിൽ മോഷണം.

'എത്ര കാലമായടി നീ ഈ പണി തുടങ്ങീട്ട്'.

'കുറച്ചു പഴയ ഡ്രെസ്സുമായല്ലോടി നിന്നെ ഇവിടെ പിണ്ഡം വെച്ചത്. നീ എത്ര തവണയാടി ഓഫീസ് റൂമിൽ കയറിയത്. നിന്നെ ഇന്ന് ശെരിയാക്കുന്നുണ്ട്' - വാർഡൻ ആക്രോശിച്ചു.

'ഇത് എനിക്ക് മകനും ബന്ധുക്കളും തന്നതാണ്. എന്ന്  ആണയിട്ട്  പറഞ്ഞിട്ടും അവർ വിശ്വസിക്കുന്നില്ല'. 

'നിന്റെ മകനും ബന്ധുക്കളും .............'

'സത്യമായിട്ടും അവർ തരുന്നതാണ്'.

' അതൊക്കെ പറയുമ്പോൾ അവർ പുച്ഛത്തോടെ എന്നെ കള്ളിയെന്ന ഭാവത്തിലായിരുന്നു നോക്കിയിരുന്നത്'.

'എത്രയും പെട്ടന്ന് ഈ രാത്രി തന്നെ ഇവിടെ നിന്ന് ഇറങ്ങിക്കോളണം' - എന്ന വാർഡന്റെ ആജ്ഞ കല്യാണിയെ  വിഷമത്തിലാക്കി.

ഇനി എന്റെ മകൻ എന്നെ സ്വീകരിക്കാൻ വരുമോ? വരില്ലെങ്കിൽ എവിടെ പോകും എന്ന ചിന്ത കല്യാണിയെ അസ്വസ്ഥയാക്കി.

'എന്റെ ഭാണ്ഡകെട്ടിൽ നോട്ടുകൾ കണ്ടത് വാർഡനോട് അറിയിച്ച റസിയാത്തായും റൂമിലെ മറ്റു അന്തേവാസികളും ഓഫീസ്‌റൂമിൽ നിന്ന് ഓരോരുത്തരായി പിറകെ, പിറകെ റൂമിലേക്ക് പോയി. പോകുമ്പൊഴേക്കോ അവരുടെയെല്ലാം നോട്ടം ഞാൻ കള്ളിയായിരിക്കും എന്ന വിധത്തിലായിരുന്നു'.

ഒരു കമഴ്ന്ന ഇല മലർത്തിയിടുന്ന ശീലം കല്യാണിക്കില്ല. അന്യന്റെ മുതലിനോട് ഒരാഗ്രഹവുമില്ല. നമ്മുക്ക് അർഹതപ്പെട്ടതു വന്നു ചേരുമെന്നാണ് വിശ്വാസം.

അങ്ങിനെയാണ് മാതാപിതാക്കൾ അവരെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.

എന്നിട്ടും കൂടപ്പിറപ്പുകളെ പോലെ കരുതിയിരുന്ന അന്തേവാസികളാരും വിശ്വസിക്കാത്തതിലുള്ള വിഷമം കല്യാണിയിൽ വേദനയുടെ ആഴം കൂട്ടി.

'വീട്ടിലും മക്കളുടെ മൊതല് മോഷ്ടിക്കുന്നതോണ്ടാവും ഇങ്ങോട്ട് കെട്ടുകെട്ടിച്ചത്' - വാർഡൻ പരിഹാസത്തോടെ പറഞ്ഞു.

'ഇയാളുടെ മക്കളെ വിവരം അറിയിച്ചോ'?  മാനേജർ വാർഡനോട് ചോദിച്ചു.

അറിയിച്ചു.

'അല്ല, ഇവളെ ഇവിടെ വെച്ച് പൂജിക്കാനല്ലേ? നാശം എങ്ങിനെയെങ്കിലും ഇവിടെ നിന്ന് ഒഴിഞ്ഞു കിട്ടിയാൽ മതി'.

'ഇവൾടെ എല്ലാ കെട്ടും ഭാണ്ഡവുമൊന്നു വിശദമായി പരിശോധിക്കൂ മാഡം. എല്ലാ മുക്കും മൂലയും അരിച്ചു പെറുക്കാൻ മിടുക്കിയല്ലേ മാഡം ' - മാനേജർ വാർഡനോട്  എന്തോ അർത്ഥം  വെച്ച് പറഞ്ഞു.

'ഹോസ്റ്റലിലെ എന്തൊക്കെ സാധനങ്ങളാണ് ഇവൾ അടിച്ചുമാറ്റിയത് എന്നറിയില്ല'.

'ഇനി വല്ലതും അടിച്ചോടി'?

വാർഡൻ ചോദിച്ചു.

ആരുടേയും ഒരു സാധനത്തിനോടും ആർത്തിയോ ആഗ്രഹമോ ഒട്ടും ഒരു കാലത്തും ഉണ്ടായിട്ടില്ല. അർഹതയില്ലാത്ത ഒന്നിനും ഒരാഗ്രഹവും തോന്നിയിട്ടില്ല.

എന്നിട്ടും കള്ളിയെന്ന അവരുടെ ആക്ഷേപം ഈ രാത്രി വേദനയുടെ കണ്ണീരിൽ അപമാനത്തിന്റെ കടലിൽ മുങ്ങിതാണു.

രാത്രി ഏറെ വൈകി. വാർഡനും മാനേജരും കിടക്കാനായി അവരുടെ റൂമിലേക്ക് പോയി.

കല്യാണി ഓഫീസ് റൂമിൽ നിലത്തു കൂനികൂടിയിരുന്നു.

ഓഫീസിലെ ഇരുട്ടുമാത്രം കല്യാണിക്ക് തുണയായി.

തറവാട്ടിലേക്ക് ഇനിയും ഒരു തിരിച്ചുപോക്ക് സാധിക്കുമോ? ഈയൊരവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട എന്നെ സ്വീകരിക്കാൻ അവർ വരുമോ? ഇവിടെ നിന്ന് ഇറങ്ങിയാൽ ഇനി എങ്ങോട്ടു എന്ന് ചിന്തിച്ചു കണ്ണടച്ചിരുന്നു.

അവർ വരുമെന്ന പ്രതീക്ഷ കല്യാണിയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നീർത്തുള്ളികൾ പൊടിഞ്ഞു. പേരക്കുട്ടികളുമായുള്ള സന്തോഷനിർഭരമായ നിമിഷങ്ങൾ കല്യാണിയുടെ മനസ്സിൽ പോയി മറഞ്ഞു.

നേരം വെളുത്തത് കല്യാണി അറിഞ്ഞിരുന്നില്ല. ചിന്തയുടെ ലോകത്തു സ്വപനങ്ങൾ നെയ്തു വിദൂരതയിൽ കണ്ണുംനട്ട് കല്യാണി ഇരുന്നു. പ്രഭാതത്തെ തേടിയുള്ള സൂര്യോദയം പോലെ.