Thursday, February 2, 2017

ഒരു കുമ്പസാരം





ഒരു കുമ്പസാരം  
        നളിനാക്ഷൻ ഇരട്ടപ്പുഴ 

ശരിയാണ് 
നിന്നെ നിന്നിൽ നിന്ന് 
പിഴുതെറിഞ്ഞതാണ് 
ഇന്നിന്റെ വലിയ പാപം.
നിന്റെ ഛായകളെന്നു 
നിനച്ചു 
ജീവൻ നഷ്ടപ്പെട്ട കാഴ്ചകൾ. 
ഇന്നലെകളിൽ നിന്നെ  
തകർത്തെറിയാൻ  
തുനിഞ്ഞവർ തിരിച്ചറിയുന്നുണ്ട്
വെള്ളത്തിനും വായുവിനും 
വേണ്ടിയാചിക്കുമെന്ന്. 
ജീവന്റെ ശ്വാസം 
നിലനിർത്തുവാനായി 
നീ മാത്രമേയുള്ളൂ 
അനുഗ്രഹിപ്പാൻ.
മഴയില്ലാ മാനത്തു 
കാർമേഘമില്ല 
തണുവാർന്ന കാറ്റില്ല 
കല്ലോലിനിയില്ല.
മണ്ണ് വരണ്ടും 
കടല് തിളച്ചും 
എങ്ങും വെയിൽ പക്ഷി 
മുരളുന്ന മേടകൾ മാത്രം.
മുറ്റത്തും പാടത്തും 
പെയ്ത മഴയുമില്ല, 
മഞ്ഞും മാരിവില്ലുമില്ല 
തീപാറും വെയിലിന്റെ 
തീക്കനൽ മാത്രം.
കരകവിഞ്ഞൊഴുകിയ 
പുഴകളുമില്ല, തോടുകളുമില്ല 
നട്ടുനനച്ചു ചെടികളിൽ 
ഒരുമയിൽ വിളഞ്ഞൊരു 
കായ്‌ഫലവുമില്ല. 
മധുര ശബ്ദം പൊഴിക്കും 
കിളികളുമില്ല, പറവകളുമില്ല.
നന്മ നശിച്ചും തിന്മ നിറഞ്ഞും
പച്ച നിറഞ്ഞ മണ്ണിൽ നിന്നും 
പച്ചയടർന്ന മരുകാടായ്‌ 
ചുറ്റും താളം പിഴച്ചു  
താണ്ഡവമാടുന്ന 
ദുരിത കാലം.

No comments: