ഒരിടമെനിക്കു വേണം
നളിനാക്ഷൻ ഇരട്ടപ്പുഴ
ഇന്നലകളിലെ ഓർമയിൽ
ജ്വലിച്ചു നിന്നിരുന്ന,
സൗഹൃദങ്ങൾ സുകൃതമായ,
അതിർ വരമ്പുകളില്ലാത്ത
ഒരിടമെനിക്കു വേണം.
നാട്ടിൻപുറത്തെ ചായക്കടകളിൽ
സ്നേഹത്തിൻ കുശലം പറയുന്ന,
കശുമാവിൻ തണലിൽ
കിളിർത്തു തളിർക്കുന്ന
കപടതയില്ലാത്തൊരിടം വേണം.
ജാതിയും മതങ്ങളും
സ്ത്രീയും പുരുഷനും
കറുത്തവനും വെളുത്തവനും
തോളോടുതോൾ ചേർന്നു
സ്നേഹ ഗംഗയായ്
ഒഴുകുന്നൊരിടം വേണം.
ഹൃദയങ്ങളെ തമ്മിൽ
പകുത്തു നിർത്തുന്ന
മതിലുകളില്ലാത്ത,
സ്നേഹ സൗഹൃദം മാത്രം
തുളുമ്പുന്നൊരിടമെനിക്കു വേണം.
No comments:
Post a Comment