ഓർമകളിൽ ഇന്നും
നളിനാക്ഷൻ ഇരട്ടപ്പുഴ
സ്നേഹം ചാലിച്ച്
പിഞ്ചു കൈപിടിച്ച്
ജീവിതത്തിന്റെ നല്ലവഴികളിലൂടെ
നടത്തിയ എൻ മാതൃഹൃദയമേ
ചലനമറ്റു കിടക്കുന്ന
നിന്റെ നെറുകയിൽ
ഞാനൊന്ന് ചുംബിച്ചോട്ടെ.
നൊന്തു പ്രസവിച്ച
മാതൃഹൃദയത്തെ
നോവിച്ച നോവുകൾ
തിരകൾ പോലെയെൻ
ആത്മാവിൽ വിങ്ങവേ,
വ്രണിത ഹൃദയവുമായി
ഈ ലോകത്തോട്
വിടചൊല്ലിയ അമ്മേ
ഞാനെന്ത് പ്രായശ്ചിത്തമാണ്
നിന്നോട് ചെയ്യുക.
നിൻ ആത്മാവിലെ
വേദനകളൊക്കെ
ചിതയിൽ പൂർണ്ണമായ്
കത്തിയെരിയുമ്പോഴും
നോവിൻ ഓർമ്മകൾ
എൻ ഹൃദയത്തിൽ
ഒരു വിങ്ങലായ്
നീറി കൊണ്ടിരിക്കുന്നു.
ചന്ദനമണം തൂകും
കാറ്റുകളിൽ
അമ്മയെന്ന
സ്നേഹ സൗരഭ്യം
പരക്കുമ്പോഴും
ഓർമകളിൽ ഇന്നും
മാതൃഹൃദയത്തെ
നോവിച്ച നിഷേധത്തിന്റെ
ചെരാതുകൾ മങ്ങി കത്തുന്നു.
No comments:
Post a Comment