Monday, January 30, 2017

നാരങ്ങ മിഠായി





നാരങ്ങ മിഠായി
         നളിനാക്ഷൻ ഇരട്ടപ്പുഴ 

ഓർമകളിൽ നിന്ന് 
പുഞ്ചിരി തൂകി 
മധുരം നുണഞ്ഞു 
മാടി വിളിക്കുന്നു 
നാരങ്ങ മിഠായി.
സമ്മതമില്ലാതെ 
അച്ഛന്റെ കീശയിൽ നിന്ന് 
തട്ടിയെടുത്ത 
പത്തു പൈസ തുട്ടും, 
മോഷണ ശ്രമം 
അറിഞ്ഞാലുള്ള 
ചൂരൽ കഷായത്തിന്റെ 
തീ പാറും വേദനയുടെ 
നിമിഷങ്ങളും കടന്നു 
ഭരണിയിൽ 
നിന്നെന്നെ നോക്കി 
കുണുങ്ങി ചിരിക്കുന്നു 
നാരങ്ങ മിഠായി.
പത്തു പൈസക്ക് 
രണ്ടെണ്ണമെന്നു കരുതി 
മഞ്ഞയും ചുവപ്പും  
നിറത്തിൽ പത്തെണ്ണം 
ഒളിപ്പിക്ക വയ്യാതെന്നെ 
കരയിച്ച നാരങ്ങ മിഠായി
നിനക്ക് മധുരത്തേക്കാളേറെ 
കയ്പായിരുന്നോ അന്ന്.

അധികാര ബിംബം



അധികാര ബിംബം 
          നളിനാക്ഷൻ ഇരട്ടപ്പുഴ 

രാത്രിയുടെ ഇരുളാഴങ്ങളിൽ 
അപരിചിതമായ ഭാഷയിൽ 
ഹൃദയ താളത്തിനു വേഗം 
കൂട്ടികൊണ്ടു 
ഭയാനകമായ വെളിപ്പെടുത്തലാൽ  
ഭയചികിതരാക്കുന്നു നമ്മെ.

കാട്ടാള രോദനത്തിൻ 
അതിഭീകരമായ പ്രകമ്പനവും 
അതെ തുടർന്നുള്ള നിശബ്ദതയും 
ഭീതി പരത്തി വാൾമുനയിൽ 
കുത്തി നിറുത്തുകയാണ് നമ്മെ.

ഊറ്റി ഉരുക്കി 
കരുതലായ് വെച്ചതെല്ലാം 
കടലാസ്സിൻ വില പ്രഖ്യാപിക്കുന്ന 
ദുർഭൂതങ്ങൾ.

പിശാചുക്കളേക്കാൾ പേടി 
പെടുത്തും വിധം 
പുതിയ പുതിയ 
പ്രഖ്യാപനങ്ങളെ കുറിച്ച് 
ആവലാതിയുടെ വേവലാതിയിൽ 
ഉരുകി തീരുന്ന നമ്മൾ.

ഇന്ന് 
തലയ്ക്ക് മീതെ നൂതന നിയമത്തിന്റെ 
വാളുകൾ തൂക്കി കഴുകൻ കണ്ണുമായ് 
അധികാര ബിംബങ്ങളുടെ 
നിരീക്ഷണത്തിലാണ് നമ്മൾ.

പിന്നെ പിന്നെ ഇതെല്ലം 
സ്വന്തം അസ്ഥിത്വത്തിലേക്ക് 
സ്വകാര്യത നഷ്ടപ്പെടും വിധം 
അധികാര ഭീകരതയുടെ 
കടന്നു കയറ്റമെന്നു 
തിരിച്ചറിയുന്നു നാം.

സ്മൃതിനാശം




സ്മൃതിനാശം 
          നളിനാക്ഷൻ ഇരട്ടപ്പുഴ 

വാക്കുകളെന്നും മുതൽക്കൂട്ടെന്ന് 
ഓതി തരുമെന്നച്ഛൻ 
നിത്യവും 
ഒരു വാക്കെന്ന
ഉപദേശ പെരുമഴയാലച്ഛൻ 
വാക്കിന്റെ മൂർച്ചയും 
വാക്കിന്റെ ഈണവും 
വാക്കിന്റെ താളവും 
സമന്വയിച്ചതാണച്ഛൻ. 
ഘോരമായ വാക് ധോരണികൾ 
ഘോരമായ വാക് ശരങ്ങളിൽ 
നിറഞ്ഞു തുള്ളിയ കാലം.
കാലക്രമത്തിൽ വാക്കുകൾ 
പൊടിപിടിച്ച മാറാല പോലെ 
ഓർമ്മകൾക്കു ശൂന്യതയുടെ 
ക്ലാവ് പിടിച്ചു.
എല്ലാം വെട്ടിപ്പിടിക്കാൻ 
കാണിച്ച കൂർമ്മത 
തകർന്നടിഞ്ഞു   
കൊള്ളിമീൻ കണക്കെ.
പിന്നെ പിന്നെ വാക്കുകളും,
വാക്യങ്ങളും,  ക്രമേണ 
ഞാനും കുടുംബവും 
ഏതേതെന്നറിയാത്ത വിധം 
അകവും പുറവും ബോധമില്ലാത്ത 
കഠിന ദുര്യോഗത്തിൽ 
ഓർമ്മയ്ക്ക്  മറവിയുടെ 
കരിമ്പടത്തിന്റെ പുതപ്പ്‌ വീണു.

ഏകാന്തത



ഏകാന്തത 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഏകാന്തതയുടെ കാട്ടിൽ 
ചുറ്റും മൗനത്തിന്റെ കടലിൽ 
ഒരു കൊച്ചു ദ്വീപായ്‌ ചുരുങ്ങിയ 
പഥികയാണവൾ.
ഇന്നിനെ നോക്കി ചിരിക്കുന്ന തിരകൾക്ക് 
നാളെയെ കുറിച്ചുള്ള ഭീതിയേതുമില്ല 
ഒരിക്കലന്നു കടൽക്കരെ 
തിരയെടുത്ത പകുത്ത തീരവും 
ഹുങ്കാരഭാവത്തോടെ 
കാറ്റ് താണ്ഡവമാടി 
ഭയന്നലർന്ന വേളയും 
തിരകൾക്കിടയിൽ 
കഴിഞ്ഞകാലത്തിന്റെ 
കാലടികൾ മായാതെ കിടപ്പുണ്ട്.
പാറക്കമുറ്റിയോർ, പറന്നകന്നവർ 
 പലതുമോർമ്മയിൽ 
മരിച്ചടിഞ്ഞു പോയത് 
സ്വപ്നവും മഴവില്ലുമൊക്കെയായ് 
ഏകാന്തതയുടെ കാട് 
മറവിലേക്ക്‌ ആഴ്ന്നു പോവുന്നു 
ഈ നിശബ്ദ തീരത്തിൽ.

സ്നേഹം



സ്നേഹം 
             നളിനാക്ഷൻ ഇരട്ടപ്പുഴ 

നിന്നിൽ നിന്നുള്ള 
നന്മ തുളുമ്പുന്ന 
പ്രതീക്ഷയുടെ കിരണമാണ് 
സ്നേഹം.

ആഗ്രഹിക്കുമ്പോൾ 
ലഭിക്കാത്തതും 
ആവശ്യപ്പെടുമ്പോൾ 
നല്കപ്പെടുന്നതുമല്ലലോ 
സ്നേഹം. 

ഹൃദയത്തിൽ നിന്ന് 
ഹൃദയത്തിലേക്കുള്ള 
അകലം കുറക്കലല്ലേ 
സ്നേഹം.

ജ്വല്പനങ്ങളിൽ നിന്ന് 
യാഥാർഥ്യത്തിലേക്കുള്ള 
നാഴികയുടെ അകലമാണ് 
സ്നേഹം.

മറ്റുള്ളവർക്ക് നൽകേണ്ടതും 
സ്വന്തമായി ഉണ്ടാവേണ്ടതും 
അടിച്ചേൽപ്പിച്ചു നൽകേണ്ടാത്തതും 
ഇന്ന് സ്വന്തമായില്ലാത്തതുല്ലേ 
സ്നേഹം.

ഖർബാൻ




ഖർബാൻ 
    നളിനാക്ഷൻ ഇരട്ടപ്പുഴ 

പടച്ചു വെച്ച
പല കഥകളും 
പറഞ്ഞു ഫലിപ്പിക്കാൻ
പല കിങ്കരന്മാരും
നമ്മുക്ക് ചുറ്റും
വലയം ചെയ്യും.
പല വർണ്ണങ്ങളിൽ
വിരിഞ്ഞ പൂക്കൾ
തേൻ നുകരാനുള്ള
ശലഭത്തെ
ആകർഷിക്കും പോലെ
നമ്മെ കീഴ്‌പ്പെടുത്തും.
വിഷലിപ്തമായി
നാം നുകർന്നതു
മധുവെന്ന് പറഞ്ഞു
നമ്മെ ധരിപ്പിക്കും.
പീഡനത്തിരയാവുന്ന
കുഞ്ഞുപൈതങ്ങളുടെ
നിലവിളിയെ
ഹൃദയ സംഗീതമെന്നും
പട്ടിണി കിടന്നു
ശോഷിച്ച കോലത്തെ
ഡയറ്റിങ്ങെന്ന്
പറഞ്ഞു ഫലിപ്പിക്കാൻ
ശ്രമിച്ചു കൊണ്ടേയിരിക്കും.
 ഉരുണ്ട ഭൂമിയെ
പരന്ന ഭൂമിയെന്നും പറഞ്ഞു
ആത്മാവിന്റെ നിയന്ത്രണം
ഖർബാനാക്കുന്നു നമ്മിൽ ...

പ്രണയം


പ്രണയം 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

പേരറിയാത്ത നൊമ്പരത്തിന്റെ 
ഒരു നോവായ് മനസ്സിൽ 
എന്നും ഒരു നനുത്ത ഓർമ്മയായ്‌ 
കടന്നു വന്നതാണ് പ്രണയം.

ഞാനെന്നെ അറിയുന്നതിനെക്കാൾ 
നിന്നെ അറിയുന്നുവെന്ന് 
നടിക്കുന്നതാണ് പ്രണയം.

മിന്നിയും മങ്ങിയും 
വീണ്ടും ജ്വലിക്കുന്ന 
മിന്നാമിനുങ്ങായ്  പ്രണയം.

മഴയായ് പെയ്തും 
കനലായ് എരിഞ്ഞും 
തണലായ്‌ പടർന്നതും പ്രണയം.

മോഹസ്വപ്നങ്ങൾ രചിച്ചും 
നിറമുള്ള പൂക്കൾ വിരിയിച്ചും 
കിരണങ്ങളില്ലാത്ത സ്ഫുരണമായ് തീരുന്ന 
മുറിവുകളുടെ വസന്തമാണ് പ്രണയം.

നിറഭേദങ്ങൾ


നിറഭേദങ്ങൾ 
            നളിനാക്ഷൻ ഇരട്ടപ്പുഴ 

'അമ്മ എനിക്കായ് 
പകർന്നു നൽകിയ 
ഹൃദയത്തിൽ 
പൊതിഞ്ഞ സ്നേഹലാളനത്തിന് 
നിറഭേദങ്ങളേതുമേയുണ്ടായിരുന്നില്ല.

അച്ഛനദ്ധ്വാനത്തിൻ വിയർപ്പിൽ 
ഒരുംകൂട്ടിയ അന്നത്തിന് 
വർണ്ണങ്ങളേതുമേയുണ്ടായിരുന്നില്ല.

ജന്മനാലെന്നിൽ ഊട്ടിയുറപ്പിച്ച 
വിശ്വാസത്തിൽ കലർപ്പുകലർന്നൊരു 
ബാഹ്യ വിലക്കുകളേതുമേയുണ്ടായിരുന്നില്ല.

പിന്നെ, പിന്നെ,  
സ്നേഹലാളനങ്ങൾക്കു 
കൃത്രിമ രൂപവും ഭാവവും 
കണ്ടു തുടങ്ങി.

പട്ടിണി മാറ്റുന്ന അന്നപാനങ്ങൾ
നാടും നാട്ടാരും തീരുമാനിക്കും
വിധത്തിൽ കാലമാകെ 
മാറ്റി മാറിച്ചു.

ഒടുവിൽ 
കണ്ടതും കേട്ടതുമായെൻ 
വിശ്വാസത്തിൻ 
അടിത്തറ തകർത്തെറിഞ്ഞ 
മൂഢമാമൊരു 
പുത്തൻ വിശ്വാസവും'.

കവിത



കവിത

         നളിനാക്ഷൻ ഇരട്ടപ്പുഴ

നഷ്ട സ്വപ്നങ്ങളുടെ 
വേദനയിൽ നിന്നു ഞാൻ 
കോർത്തിണക്കിയ
അക്ഷരമണികളാണെൻ  
കവിത.

സ്നേഹത്തിൻ നിറ 
സൌരഭ്യം  പടർത്തും  
അക്ഷര വർണ്ണ പൂക്കളാൽ 
കോർത്തിണക്കിയതാണെൻ  
കവിത. 

പീഡിത ഹൃദയങ്ങൾക്ക്‌ 
സാന്ത്വനമേകും, 
മർദ്ദിത ജനങ്ങൾക്ക് 
തണലായി നില്ക്കും 
ഒരു മരമാണെൻ  
കവിത. 

മതവും മനുഷ്യനും 
പരസ്പരം കലഹിച്ചിടുമ്പോൾ 
മനമോടെ മനതാരിൽ 
സ്നേഹം വിളയിക്കുമാണെൻ
കവിത.