പടിഞ്ഞാറ് വള്ളക്കാർ മീനുമായി വന്നത്തിന്റെ ഒച്ചയും ബഹളവും കാതിൽ മുഴങ്ങി കൊണ്ടിരുന്നു. കടലിൽ പോവാത്തവർ കറിക്കുള്ള മീൻ വാരുന്നത് തടയുന്നതും, അവരോട് കാതിനെ നാണിപ്പിക്കുന്ന തരത്തിലുള്ള സ്രാങ്കിന്റെ തെറിവിളിയും പൊടിപൊടിക്കുന്നു.
തിരകൾ ഒഴുകി പോയ തീരത്ത് കൂടെ കാലടികൾ പതിച്ച് നടക്കുമ്പോൾ പ്രതീക്ഷയുടെ തിരകൾ വീണ്ടും ഓടിയെത്തുന്നു.
കടപ്പുറത്ത് ഞാൻ വരുന്നത് അച്ഛന് ഒരിക്കലും ഇഷ്ടമില്ലായിരുന്നു. എന്തായാലും കടപ്പുറം ഞങ്ങളുടെ ജീവിതത്തിന് ഒരു താളവും കണ്ടെത്താൻ കഴിയാത്തത് കൊണ്ടാണോ അതോ അച്ഛന് എത്തിപ്പെടാൻ പറ്റാത്ത വിദ്യാഭ്യാസം മക്കൾക്ക് അന്യമാവതിരിക്കാനാവാം കടപ്പുറത്ത് എന്നെ കാണുന്നത് നിരുൽസാഹപ്പെടുത്തുന്നത്. എങ്കിലും ഞാൻ എത്തിയാൽ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം തിരഞ്ഞെടുത്ത മീനുകൾ അച്ഛൻ ഒരു പാളയിൽ വെച്ച് എന്റെ കയ്യിൽ തരും. അത് ആരും കാണാതെ ഏതെങ്കിലും വഞ്ചിയിടുക്കുകളിൽ വെച്ച് നേരെ തിരിച്ച് വന്ന് വലിയ നീളം കൂടിയ വഞ്ചി വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറ്റാൻ പാടുപെടുന്നവരുടെ കൂടെ കൂടും. അച്ഛന് ഒരു താങ്ങ് സഹായം ആയിക്കോട്ടെ...
പ്രായം തലയിൽ നിര കയറിയിട്ടും കഷ്ടപ്പാടുകളുമായുള്ള ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനായി അച്ഛൻ പാടുപെടുമ്പോൾ എന്നെ കൊണ്ട് പറ്റുന്നത് അച്ഛനെ സഹായിക്കാനാണ് ഞാൻ കടപ്പുറത്ത് പോവുന്നതും, പരിചിതമല്ലാത്ത വേലയിൽ പങ്കാളിയാവുന്നതും.
കുതിർന്ന നനുത്ത മണലിലൂടെ നടക്കാൻ ഏറെ പണിപ്പെട്ടു. ഞാൻ വരുന്നുണ്ടോ എന്നോ എന്ന് ഇടയ്ക്കു തിരിഞ്ഞു നോക്കും. അച്ഛൻ നേരെ കയറിയത് കൃഷ്ണേട്ടന്റെ ചായകടയിലയിരുന്നു. ഞാൻ അനുസരണയുള്ള കുട്ടിയെ പോലെ കടയുടെ പുറത്തു കാത്തു നിന്നു.
അവനു ഒരു ചായയും, ഒരു കഷ്ണം പുട്ടും കൊടുക്ക് കൃഷ്ണാ...
മോഹനാ... എന്ന് അച്ഛൻ ഉച്ചത്തിൽ വിളിച്ചു. വേഗം കഴിച്ചോളൂ. ഒരു ശാസനാ രൂപത്തിൽ പറഞ്ഞു.
വീട്ടിൽ നിന്ന് അരി വറുത്തിട്ട ചായയാണ് ദിവസവും കാലത്ത് ഞങ്ങളുടെ പാത്രങ്ങളിൽ നിറയുന്നത്. പല ദിവസങ്ങളിലും അര പട്ടിണിയാണ്. ചോറും കറിയും ഞങ്ങൾക്ക് ഒരു പലഹാരമാണ്.
ആർത്തിയോടെ അത് കഴിക്കുമ്പോൾ വിശപ്പിന്റെ വിറയൽ ശരീരമാകെ ആകെ അനുഭവപ്പെട്ടു.
മുകളിലേക്ക് നോക്കിയാൽ ഓല പഴുതിലൂടെ കണ്ണിലേക്കു തറക്കുന്ന സൂര്യ കിരണങ്ങൾ കഷ്ടപ്പാടിന്റെ തീവ്രത ഭീകരമായി തുറിച്ചു നോക്കുന്നു. മഴക്കാലത്ത് ഓല കീറിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ ആദ്രമായ വേദനയുടെ കണ്ണീർ പൊഴിക്കുന്നു. വറുതിയുടെ ഇല്ലായ്മയിൽ പുര കെട്ടി മേഞ്ഞിട്ടു വർഷം രണ്ട് കടന്നു പോയത് എല്ലാവരും മറക്കാൻ തുടങ്ങി. ഈ വെയിലും മഴയും പരിചിതമായ കാലത്തിലൂടെ നടന്നു പോവാൻ കുടുംബം ശീലിച്ചിരിക്കുന്നു.
2
ഡൈനിങ്ങ് ടേബിളിൽ വെച്ച കൂജയിൽ നിന്ന് ഒരു കവിൾ വെള്ളവും കുടിച്ചു മോഹനൻ പത്രക്കാരൻ പയ്യന് അലസമായി വലിച്ചെറിഞ്ഞ പത്രവുമായി തിണ്ണയിൽ ഇരുന്നു.
സൂര്യന്റെ കിരണങ്ങൾ കോലായിൽ പതിച്ചു തുടങ്ങി. പൊടി കാറ്റ് കോലായിൽ പൊടി പടലങ്ങൾ വിതറിയിരിക്കുന്നു.
ചാണകം മെഴുകിയ തറ പൂർണ്ണമായും തകർന്നിരിക്കുന്നു.
'എന്റെ ദൈവമേ എന്നാണാവോ എനിക്ക് ഒരു അടചോറപ്പുള്ള പൊരേല് കേടന്നോറങ്ങാൻ പറ്റ്വാ'?
'അല്ലെങ്കിലും എന്റെ വിധി. എവിടന്നൊക്കെ അനേവ്ഷണം വന്നതായിരുന്നു'.
'എന്റെ ആങ്ങിളമാർക്ക് ഈ ആണോരുത്തനെ പിടിച്ചുള്ളൂ'.
അമ്മ, ഈ ദുരിതത്തെ അച്ഛന്റെ തലയിൽ കെട്ടിവെച്ച് ഒച്ചയും ബഹളവും വെച്ച് കൊണ്ടിരുന്നു.
ഇത് ഒരു പതിവ് പരിപാടിയായത് കാരണം അച്ഛൻ ചെവി കൊടുക്കാറില്ല.
ഇന്നത്തെ പത്രത്തിൽ തിരുവനന്തപ്പുരത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു കണക്കെഴുത്തുകാരന്റെ ജോലിയുണ്ടെന്നു കണ്ടു. അപേക്ഷ അയക്കാൻ ഒരു സംഖ്യതന്നെ വേണം. സർട്ടിഫിക്കറ്റ് കോപിക്ക് കൊടുക്കണം വലിയ തുക. കടപ്പുറത്ത് വലിയ മെച്ചം ഒന്നും ഇല്ലാത്ത കാരണം അച്ഛനോട് എങ്ങനെ ചോദിക്കും?
ഇടയ്ക്ക് അച്ഛൻ എന്റെ തലയിണ അടിയിൽ ഞാൻ അറിയാതെ എനിക്ക് വേണ്ടി വെക്കുന്ന തുക മിക്കവാറും ലോട്ടറിക്കാരന്റെ കയ്യിലേക്കാണ് പോവാറ്.
അവിടെയും എന്റെ പരീക്ഷണം നടത്തുകയാണ്. "ഭാഗ്യ പരീക്ഷണം"?.
കഷ്ടപ്പാട് രാശിയിൽ ജനിച്ചവർക്ക് എന്ത് ഭാഗ്യം. വെറും നിര്ഭാഗ്യം!
'കാറ്റിന്റെ കൂടെ ചൂട് അതിശക്തിയോടെ പതിക്കുന്നുണ്ട്. പണ്ടാരം ഒരു മഴ പെയ്തൂടെ? എന്തോരു ചൂട്. എങ്ങിനെ ഈ മനുഷ്യര് ഭൂമീല് ജീവിക്കും....' അമ്മ പിറു പിറുത്തു കൊണ്ടിരുന്നു...
'കഴിഞ്ഞ കൊല്ലം ഇങ്ങനല്ലാര്ന്നു'
ചൂടായിരിക്കുന്ന ഈ അവസ്ഥയിൽ അമ്മയോട് ചോദിച്ചിട്ടു കാര്യമില്ല. എന്തായാലും ഭാസ്കരേട്ടന്റെ പീട്യേല് ഒന്ന് പോയി നോക്കട്ടെ..
ഞാൻ ഷർട്ടും എടുത്തിട്ട് നടന്നു.
ഹോ, സർക്കീട്ടിനു നേരായി...
ഞാൻ പോവുന്നത് കണ്ടപ്പോൾ അമ്മ പറയാൻ തുടങ്ങി.
എന്റെ മോനും നാടും നാട്ടാരും പാർട്ടീം മതി.
അവര് വീട്ടീലെ ചെലവിന് ഇപ്പോ എറക്കും.
ചുട്ടുപ്പൊള്ളുന്ന ചൂട് പുറത്തും ഹൃദയ കവാടത്തിൽ എന്തെന്നില്ലാത്ത ഒരു നീറ്റലും തോന്നി. കണ്ണിൽ വേദനയുടെ തുള്ളി നിറയാൻ വെമ്പൽ കൂട്ടി.
കഷ്ടപപാടുമായുള്ള ജനനം എന്റെ കുറ്റമല്ല. എന്നാൽ ഇനിയുള്ള ജീവിതവും കഷ്ടപ്പടോടെ ആയിരിക്കുന്നത് എന്റെതായിരിക്കുമെന്നു ഞാൻ തിരിച്ചറിയുന്നുണ്ട്.
കടയിൽ തിരക്ക് കുറവായിരുന്നു.
ഭാസ്കരേട്ടാ ...,
'കാശുണ്ടെങ്കിൽ എനിക്ക് ഒരു അമ്പത് രൂപ തരണം. കൊച്ചീലേക്ക് ഒരു അപേക്ഷ അയക്കാനാ'.
അതിനെന്താ മോഹനാ നീ പേടിക്കണേ... വൈന്നേരവുമ്പോ ഞാൻ അങ്ങട് വരാം. ഇപ്പൊ പെട്ടിലൊന്നും വീണിട്ടില്ല കുട്ടീ..
നീ ധൈയിര്യായിട്ടു പൊയ്ക്കോളൂ.
മ്മക്ക് നാളെ അയക്കാലോ..
ഭാസ്കരേട്ടൻ നാട്ടിലെ ഒരു ദയാലുവായ മനുഷ്യനാണ്. പറ്റ് വാങ്ങുന്ന സാധനങ്ങൾക്ക് ആർക്കും കയ്യും കണക്കുമില്ല. കൊടുത്താൽ കൊടുത്തു. അല്ലെങ്കിൽ ഗോവിന്ദ!!!
അയാളുടെ ലോല ഹൃദയത്തെ എല്ലാവരും മുതലെടുക്കും.
പണ്ട് ഒരു കാറപകടത്തിൽ ഭാര്യയും രണ്ട് ആണ്മക്കളും നഷ്ടപ്പെട്ടു.
മോളും ഭാസ്കരേട്ടനും ആ തീരാവേദന കടിച്ചമർത്തി ജീവിക്കുന്നു.
മലായിൽ നിന്ന് സമ്പാദിച്ച സ്വത്തുക്കൾ ഇപ്പോഴും ഒരു മൂന്ന് തലമുറക്കു ജീവിക്കാനുണ്ട്.
അതിന്റെ അഹംഭാവമൊ,അഹങ്കാരമോ മറ്റോ ലവലേശമില്ല. സൌമ്യനും മൃദുഭാഷിയുമാണ് ഭാസ്കരേട്ടൻ.
മകൾ രാധിക പ്രീ-ഡിഗ്രി ക്ക് പഠിക്കുന്നു. അച്ഛന്റെ പോലെ തന്നെയാണ് മകളും. മനുഷ്യ സ്നേഹിയാണ് അവൾ. അവളെ ഒറ്റ നോട്ടത്തിൽ ആരും ആകർഷിച്ചു പോവും.
ഭാസ്കരേട്ടന്റെ സാന്ത്വനം നിറഞ്ഞ വാക്കുകൾ എനിക്ക് ഒരാശ്വാസമായി.
പടിഞ്ഞാറ് സ്ത്രീകളുടെ കരച്ചിലും ബഹളവും കേൾക്കുന്നുണ്ട്. ഞാൻ കടയിൽ നിന്ന് ധൃതിയിൽ അങ്ങോട്ട് പോയി.
തുപ്രങ്ങോട്ടുകാരുടെ കുളത്തിലായിരുന്നു ബഹളം. തുപ്രങ്ങോട്ടു തറവാട്ട് കാരണവർ രാരുവേട്ടന് നാല് ആണ്‍മക്കൾ. അയാളുടെ മരണ ശേഷം സ്വത്തുക്കൾ ഭാഗം വെച്ചിട്ടും കുളം പൊതു സ്വത്താക്കി നിർത്തി.
കുടുംബത്തിലുള്ള എല്ലാവരുടെയും നനയും കുളിയും അവിടെ നിന്നാണ്.
കുളത്തിന് രണ്ട് കടവുകളുണ്ട്. കാരണോംമാരായി രണ്ട് പേർക്ക് വീതം ഓരോ കടവും ഭാഗിച്ചു നല്കിയിട്ടുണ്ട്. കുട്ടിക്കാനുള്ള വെള്ളത്തിനായി ഓരോ കടവിലും ഈരണ്ട് കുഴികൾ കുഴിച്ചിട്ടുണ്ട്. ആർക്കും ആരെയും വിശ്വാസമില്ല. കുടിക്കുന്ന വെള്ളത്തിൽ പോലും കൈവിഷം ചേർക്കും പരസ്പരം പഴിചാരാറ്. രാത്രിയിൽ പോലും ആരെങ്കിലും കുഴിക്ക് കാവലിരിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്.
തെങ്ങിന് നനക്കാനായി വെള്ളം വാശിയോടെ കോരി കോരി വറ്റിയപ്പോൾ മണ്ണ് എടുക്കുന്നതിനെ ചൊല്ലിയാണ് തല്ല്. സീത അമ്മായിയും കമലമ്മായിയും വിട്ടു കൊടുക്കാൻ ഭാവമില്ല.
എടീ ഇയയ് വല്ല്യ ശീലാവതി ആവണ്ടടി. കണ്ണികണ്ട ഡ്രൈ വറുമാരുടെ കൂടെ കിടന്നിട്ട് മോടക്കാച്ചരക്കയപ്പോൾ എന്റെ അന്യേന്റെ തലേല് നിന്റെ അമ്മ ദാക്ഷായണി കെട്ടി വെക്കായിരുന്നല്ലോ നിന്നെ. ഇപ്പോൾ അവള് ഒരു പരിഷ്കാരി...
പോടീ എന്റെ ആണിനെ കിട്ടാതായപ്പോൾ തുപ്രങ്ങോട്ടുകാരുടെ സ്വത്തു കണ്ടു മഞ്ഞളിച്ചല്ലേ ഇല്ലാത്ത ഗർഭം പറഞ്ഞ് നീ പൊരേല് കേറ്യേത്. കമലമ്മയി ഉച്ചത്തിൽ അലറി കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.
തുപ്രങ്ങോട്ടെ പെണ്ണുങ്ങളുടെ മഹിമ നാട്ടിൽ പാട്ടാണ്. ആരും അവരെ കുറിച്ച് കമാന്നൊരു അക്ഷരം മിണ്ടില്ല. നാടുവാഴികളാണ് അവരുടെ കുടുംബങ്ങളായിട്ടു.
'നീ എവ്ടാർന്നട'
അമ്മ എന്നോട് ചോദിച്ചു.
'കണ്ണികണ്ട തുപ്രങ്ങോട്ടെ പെണ്ണുങ്ങളുടെ താടക നൃത്തം കാണാൻ പോയതാവും'
'പണീം ത്വോരെ ഇല്ലേല് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്ക്യാ'
ഞാൻ ഒന്നും പറയാതെ കിഴക്കേ മാവിന്റെ ചുവട്ടിൽ പോയി ഇരുന്നു.
'ഇവിടെ ഇരിക്കുമ്പോൾ ചൂടിനു ഇത്തിരി ശമനമുണ്ട്. കൂടെ മനസമാധാനവും'!!!.
'മോഹനാ മോനെ നീ എവിടെ' അമ്മൂമ വിളിച്ച് ചോദിച്ചു കൊണ്ടിരുന്നു.
'നീ അത് കാര്യാക്കണ്ട അവളേ മനസ്സിലെ വെഷമം കുറെ പറഞ്ഞാൽ തീരും'.
എനിക്കറിയാം അമ്മയ്ക്ക് എന്നോടുള്ള ദേഷ്യമല്ല ഈ കോപവും മറ്റും. മനസില്ലുള്ള വീർപ്പ് മുട്ടലുകൾ ഇങ്ങനെ പറഞ്ഞ് തീർക്കും. അല്ലെങ്കിലും ആറ്റുനോറ്റ് ഉണ്ടായതായാണ് ഈ ആണ്‍ത്തരി എന്ന് അമ്മ അഭിമാനത്തോടെ പറയും. അമ്മക്ക് എന്നെ പറ്റി ആരെങ്കിലും കുറ്റം പറയുന്നത് കേട്ടാൽ കളിപ്പാണ്.
അമ്മൂമക്കും എന്നെ വലിയ കാര്യമാണ്. ആർക്കും ഒരു ശല്യവുമില്ല. ഇടയ്ക്കിടയ്ക്ക് അമ്പലത്തിൽ പോവും. ആരെങ്കിലും കൊടുക്കുന്ന പൈസ കൊണ്ട് ഓരോരോ അമ്പലങ്ങളിലും എന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി തീർക്കും.
'മോഹനാ, നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് കുട്ട്യേ'
'ആരാ അമ്മൂമേ'
'നിക്ക് നിശ്യല്ല്യ ന്റെ പാർട്ടിക്കാരാ'
ചന്ദ്രേട്ടനും, ഹമീദ് ഹാജീം...
എന്താ ചെയ്യാ...
ആദ്യായിട്ടാ ഇവരൊക്കെ എന്നെ തിരഞ്ഞ് എന്റെ വീട്ടിൽ വന്നത്.
ഇരിക്കാനും മറ്റും കസേരയും മറ്റും ഇല്ല.
അമ്മൂമ വിരുന്നുകാർക്ക് ഇരിക്കാനായി പൊതിഞ്ഞ് കെട്ടി വെച്ച പുല്ലായി എടുത്ത് കൊണ്ട് വന്നു.
'ഇരിക്കൂ...'
അവരോട് അമ്മൂമ പറഞ്ഞു.
'ഞങ്ങൾ ഇവിടെ നിന്നോളം അമ്മേ.'
ഞാൻ ഷർട്ട് എടുത്തിട്ട് അകത്തു നിന്ന് വന്നു.
'കുറെ നാളായല്ലോ മോഹനാ നിന്നെ പാർട്ടി ഓഫീസിലും ഫീൽഡിലും കണ്ടിട്ട്'. ചന്ദ്രേട്ടൻ പറഞ്ഞു.
പാർട്ടിക്ക് തന്റെ പൂർണ്ണ സമയ പ്രവർത്തനം ആവശ്യമാണെന്നാണ് ബ്ളോക്ക് കമ്മിറ്റി യോഗത്തിന്റെ തീരുമാനം. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എങ്ങിനെയെങ്കിലും ഈ വാർഡ് തിരിച്ച് പിടിക്കണം.
'മോഹനൻ വിചാരിച്ചാൽ അത് നടക്കൂന്നാ കമ്മിറ്റിയിൽ മൊത്തം പേരുടെയും അഭിപ്രായം' ഹമീദ് ഹാജി പറഞ്ഞു.
'വിദ്യാർത്ഥി രാഷ്ട്രീയം മാത്രം പോരാ മോഹനൻ ഭാവിയുള്ള ഒരു പ്രവർത്തകനാണ് '
രണ്ടു പേരും വാചാലമായി കൊണ്ടിരുന്നു.
'മോഹനൻ ഒന്നും പറഞ്ഞില്ല' ചന്ദ്രേട്ടൻ
'നിങ്ങൾ രണ്ടുപേരും പറയുന്നത് മനസിലാവുന്നുണ്ട്. എന്റെ വീടിന്റെ അവസ്ഥ പാർട്ടിക്കറിയാവുന്നതല്ലെ? അച്ഛൻ മാത്രം വിചാരിച്ചാൽ ഞങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ട് പോവാൻ വളരെ പ്രയാസാണ്. എന്റെ ഒരു താങ്ങ് അവർ പ്രതീക്ഷിക്കുന്നുണ്ട്.'
'എത്രയും പെട്ടന്ന് ഒരു ജോലി തരപ്പെടുത്തണം. എന്നിട്ട് ജോലിയും ഒപ്പം പാർട്ടിയും കൂടെ കൊണ്ട് പോവണന്നാ എന്റെ ആഗ്രഹം'
'അതിന് പാർട്ടി വേണ്ടത് ചെയ്യോല്ലോ' ചന്ദ്രേട്ടനും ഹാജിയും പറഞ്ഞു.
'എന്തായാലും ഞാൻ പറയാം'
'മോഹനൻ എന്തായാലും പാർട്ടി ഓഫീസുമായി ബന്ധപെട്ട് പ്രവർത്തിക്കണം'
ഞങ്ങൾ ഇറങ്ങാണ് .
അച്ഛൻ?
'വന്നിട്ടില്ല. കടപ്പുറത്താണ് '
എന്താ നിങ്ങൾ വന്ന കാലിൽ നില്ക്കണേ? അമ്മ ചോദിച്ചു കൊണ്ട് അകത്തു നിന്ന് വന്നു.
ഇല്ല ചേച്ചി. ഞങ്ങൾ കുറെ നേരായി വന്നിട്ട് ഇരിക്ക്യാർന്നു. ഞങ്ങൾ ഇറങ്ങാണ്.
'ചായ'
അമ്മ പകുതി ചോദിച്ചും ചോദിക്കാതെയുമായി ചോദിച്ചു.
ഇല്ല ചേച്ചി അടുത്ത തവണ.
ഹമീദ്ഹാജി എന്റെ തോളിൽ തട്ടി ഇറങ്ങി.
3
'മോഹനേട്ടൻ ഉണ്ടോ അമ്മൂമേ'
രാധിക.
ഭാസ്കരേട്ടന്റെ മകൾ.
അവളുടെ ചോദ്യം കേട്ട് ഞാൻ അകത്ത് നിന്ന് വന്നു.
'എന്താ വല്യ ഉദ്യോഗത്തിന് പോണൂന്ന് പറേണെ കേട്ട്'
ഇല്ല രാധികേ ഒരപേക്ഷ അയക്കാനാ. ഇത് പോലെ എത്ര എണ്ണം അയച്ചതാ. ഒരു ശ്രമം അത്ര മാത്രം. ബാക്കിയെല്ലാം ഉടയ തമ്പ്രാൻ വിചാരിക്കെണ്ടേ?
അവൾ ഭാസ്കരേട്ടൻ കൊടുത്തയച്ച പൈസ തന്നു കൊണ്ട് പറഞ്ഞു:
'അച്ഛൻ 50 ഉറുപ്പ്യ തന്നേൽപ്പിച്ചിട്ടുണ്ട് . ജോല്യൊക്കെ കിട്ടിയാൽ നമ്മളെയൊക്കെ മറക്കോ'?
'അതെന്താ രാധികേ'
എനിക്ക് അങ്ങിനെ പറ്റുമോ. ഈ നാടും നാട്ടാരും വീട്ടുകാരും കൂടിയതല്ലേ എന്റെ ജീവിതം. അതില്ലെങ്കിൽ എന്റെ ജീവിതത്തിന്റെ ഘടികാരം നില്ക്കും. പേരിന്റെ കൂടെ എന്റെ ഗ്രാമത്തിന്റെ പേര് വെക്കുന്നത് നിനക്കറിയാലോ. ഞാൻ എന്റെ ഗ്രാമത്തെ ഊണിലും ഉറക്കത്തിലും നെഞ്ചോടു ചേർക്കുകയാണ്.
'മോഹനചന്ദ്രൻ കൂട്ടുങ്ങൽ'
'എന്താ രാധോ കുറെ നാളായല്ലോ കണ്ടിട്ട് '
സുമിത്രേച്ചി മുടി തലയിൽ പൊക്കി കെട്ടികൊണ്ട് അടുക്കളയിൽ നിന്ന് വന്നു.
'കുട്ടിടെ തടി ആകെ കുറഞ്ഞല്ലോ'
ആരെ കണ്ടാലും സ്നേഹം കൂടുതൽ പ്രകടിപ്പിക്കാൻ ഇത്തരം ചോദ്യങ്ങൾ സുമിത്രേച്ചി ചോദിക്കും. പത്താം ക്ലാസ്സ് പാസ്സായിട്ടും കോളേജിൽ പോവാൻ വീട്ടിലെ പ്രാരാബ്ധം തടസ്സമായി. 'ഞാൻ പഠിച്ചില്ലേലും എന്റെ ഉണ്ണ്യേള് പഠിച്ച് വല്ല്യോരായ മതി. അപ്പൊ അവർ ഈ ചേച്ചിനെ നോക്കിക്കോളും'. ചേച്ചി സങ്കടത്തോടെ തന്റെ നഷ്ട സ്വപ്നങ്ങളെ ലളിത വല്ക്കരിക്കും. ഉള്ളിന്റെ ഉള്ളിൽ നീറുന്ന ഹൃദയത്തെ ആർക്കാണ് വായിച്ചെടുക്കാൻ കഴിയാത്തത്.
'ആ അവിടെ സൊറ പറഞ്ഞ് ഇരുന്നോ. വെയില് കായിണേ മൂന്ന്-നാല് കുടം വെള്ളം കോരി ഒഴിക്കണം'.
'തെങ്ങിന്റെ പട്ട പഴുത്തു വീഴാൻ തുടങ്ങീർക്ക്ണു. അതുള്ളോണ്ടാ അരചൂട്ടാൻ കഴ്യേണെ'
അമ്മ ബഹളം വെച്ച് കൊണ്ടിരുന്നു.
'കുട്ടി എപ്പ വന്നു'?
രാധിക വന്നത് അമ്മ കണ്ടിട്ടില്ലായിരുന്നു.
ഉടുത്ത തുണികൊണ്ട് വിയർപ്പ് തുടച്ച് കൊണ്ട് ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് അമ്മ വന്നു.
'കുട്ടീനെ അവിടെ നിന്റെ അച്ഛൻ തിരക്ക്നുണ്ട് കടേല്'. ഫതിമ്ത്ത കടയിൽ നിന്ന് പോണ വഴി പറഞ്ഞു.
അത് കേട്ട പാടെ അവൾ ഞങ്ങളോട് കൂടുതലൊന്നും പറയാൻ നില്ക്കാതെ ഓടി.
'വാ മക്കളെ, എല്ലാരും കൂടെ പത്ത് തെങ്ങിന്റെ കട നനക്കാ'
അമ്മടെ കൂടെ ഞങ്ങൾ കുടവുമായി പോയി. ഞങ്ങളുടെ കുളം ആറാള് അടി തഴച്ചയാണ്. അവിടെ നിന്ന് വെള്ളം കോരി നന കഴിയുമ്പോഴേക്കും ആകെ അവശതയായിട്ടുണ്ടയിരിക്കും.
ചേച്ചിയും ഞാനും ക്ഷീണം അറിയാതിരിക്കാൻ ഓരോരോ കഥകൾ പറഞ്ഞ് കുടം കൈമാറി, കൈമാറി കോരി കൊണ്ടിരിന്നു. ഞാനായിരിക്കും കുളത്തിൽ ചേച്ചിയുടെ കയ്യിൽ വെള്ളവുമായി കുടം എത്തിക്കുക. ചേച്ചി അമ്മയ്ക്കും കൊടുക്കും. അമ്മ തെങ്ങിൽ തടത്തിൽ ഒഴിച്ച് കൊടുക്കും. ഞങ്ങൾ ഒഴിച്ചാൽ അമ്മക്ക് തൃപ്തിയാവില്ല.
ഇതിനൊക്കെ ഒരു വശം വേണന്നാണ് അമ്മയുടെ കമന്റു.
അത് ശെരിയാണ് ഞങ്ങൾ എത്ര ഒഴിച്ചാലും ഒഴിച്ചതായി കാണില്ല.
'അതെല്ലടാ നീ ആ രാധേട്ട് എന്താ ഒരു ചുറ്റികളി ഉള്ളപോലെ'
സുമിത്രേച്ചി എന്നെ ഒന്ന് ആകെ ചുഴറ്റി നോക്കി കൊണ്ട് ചോദിച്ചു.
'നിന്റെ ആ കൊഞ്ചി കൊണ്ടുള്ള സംസാരവും നോട്ടവും അങ്ങിട് ഒരു പിടീം കിട്ടുന്നില്ല മോനെ'
'ചേച്ചി എന്താ പറെണെ? പെങ്ങാമാരെ പോലെ കാണേണ്ട കുട്ട്യേളെ അങ്ങിനെ പാടുണ്ടോ?'
എന്നാലും എനിക്ക് അവളോട് എന്തോ ഒരു 'ഇത്' തോനുന്നുണ്ട്.
'ഉം ഉം'
'പൂച്ച പാല് കുടിക്കണത് ആരും കാണീലാന്ന വിചാരം'
'നടക്കട്ടെ, നടക്കട്ടെ'
ചേച്ചി എന്നെ കളിയാക്കി കൊണ്ടിരുന്നു.
ചിലപ്പോഴൊക്കെ ഞാനും അവളെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. അവളുടെ നോട്ടവും മറ്റും എന്നെ അറിയാതെ ഇക്കിളി പെടുത്താറുണ്ട്. അവളുടെ പുഞ്ചിരിക്കുവേണ്ടി ഇടക്കൊക്കെ കടയിൽ പോവുന്ന സമയങ്ങളിൽ കാത്ത് നില്ക്കാറുണ്ട്.
അവളെ കുറിച്ച് സ്വപ്നം നെയ്യാൻ ആർക്കാണ് കഴിയാത്തത്. അവൾ എനിക്ക് വേണ്ടി മാത്രം ദൈവം ഭൂമിയിലേക്ക് അയച്ചതാണ് ആഗ്രഹിക്കും. ഗോതമ്പിന്റെ നിറമുള്ള അവളുടെ ശരീരം, പാൽ നിറമുള്ള പുഞ്ചിരി, കുളിച്ചു ഈറനായി തലയിൽ തുളസി കതിർ ചൂടി നില വിളക്കുമായി വരുന്നതുമെല്ലാം മനസ്സിൽ ഞാൻ അറിയാതെ ചിത്രം വരച്ചിരുന്നു. എന്തോ എന്നിലും അല്ലാ അവളിലും ഒരു പ്രണയ പൂമഴ പെയ്തിരുന്നു. പക്ഷെ ഞങ്ങളുടെ പ്രണയം ഇണകുരുവികളെ പോലെ പാറി പറന്നു നടക്കാതെ മനസുകളിൽ മാത്രം ഒതുങ്ങി നിന്നു.
4
നന കഴിഞ്ഞു.
ഒന്ന് കുളിച്ചിട്ടു വേണം ചാവക്കാട് അപേക്ഷ അയക്കാൻ പോവാൻ.
അതിന് നന കഴിഞ്ഞപ്പോൾ കുളത്തിലെ വെള്ളവും വറ്റി. അഞ്ചാള് ആഴത്തിലുള്ള കുളമാണെങ്കിലും പത്തു തെങ്ങിന് നനക്കുമ്പോഴേക്കും വെള്ളം പാടെ വറ്റിയിരിക്കും. പിന്നെ മണിക്കൂറ് ഒന്ന് കഴിയണം മേല് ഒഴിക്കാനുള്ള വെള്ളം കിട്ടണമെങ്കിൽ. ചൂടിന്റെ കാഠിന്യം നീരുറവയെ ബാധിചൂന്നാണ് അച്ഛനും അമ്മൂമയും പറേണ്.
'എന്റെ ഓർമ ശരിയാണെങ്കിൽ പത്തു വർഷം മുൻപാണെന്നു തോന്നുന്നു. 1965ലൊ മറ്റൊ ഇത് പോലെ വെന്തുരുകണേ ചൂട് ഉണ്ടായിട്ടുള്ളത്. സൂര്യാഘാതത്തിൽ എത്രേ പേർക്കാ പൊള്ളിയെ' അച്ഛമ്മ പഴയ കഥ പറഞ്ഞു കൊണ്ടിരുന്നു.
'അച്ഛമ്മ പറയ് ഞാൻ ഒന്ന് മുങ്ങിയിട്ട് വരാം' എന്ന് പറഞ്ഞു തോർത്തും സോപ്പുമായി കുളത്തിലേക്ക് ഓടി.
കുളി കഴിഞ്ഞു.
ചവക്കാട്ടേക്ക് പോവാനായി തയ്യറാവുന്നതിനിടെ പാളയിൽ പൊതിഞ്ഞ മീനുമായി അച്ഛൻ കടപ്പുറത്ത് നിന്ന് വന്നു.
'എന്തായട നിന്റെ ജോലി അന്വേഷണവും മറ്റും' അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ ആ ചോദ്യം. പ്രതീക്ഷയുടെ ദിവസങ്ങൾ ഓരോന്നും നഷ്ടസ്വപ്നങ്ങളായി കൊഴിഞ്ഞ് പോയി കൊണ്ടിരിക്കുന്നു. ജീവിതം നിര കയറികൊണ്ടിരിക്കുന്നു. എന്റെ ഒരു താങ്ങ് അച്ഛൻ പ്രതീക്ഷിക്കുന്നുണ്ട് എന്ന് എനിക്കറിയാം.
ജീവിതത്തിൽ തളർച്ച നേരിടുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന വിഷമത നിറഞ്ഞതായിരുന്നു ആ ചോദ്യത്തിൽ മുറ്റി നിന്നത്. പല വിഷമഘട്ടങ്ങളിലും എന്തെങ്കിലും സഹായത്തിനായി കൈ നീട്ടുമ്പോൾ അയൽവാസികൾ പലരും അപരിചിതരാവുന്നതും ബന്ധുക്കൾ പലരും മുഖം തിരിക്കുന്നതും അച്ഛൻ കണ്ടു മടുത്തു. പലപ്പോഴും ഞങ്ങൾ കാണാതെ അച്ഛൻ കരയാറുണ്ട്. ഈ വേദനയും കഷ്ടപ്പാടും ഞങ്ങൾക്ക് വേണ്ടി മാത്രമാണ്.
'ഇന്ന് ഒരു അപ്പ്ളിക്കേഷൻ അയക്കാൻ പോവുന്നുണ്ട്. എന്തെങ്കിലും പെട്ടന്ന് ശെരിയാവാൻ പ്രാർഥിക്കുന്നുണ്ട് '. ഞാൻ പറഞ്ഞു.
'ഉം. പോയി അയചോളൂ. അവിടേം ഇവിടേം തട്ടി നില്ക്കേണ്ട. ചൂട് കനക്കണ മുന്നേ പോയി പോന്നോളൂ'.
'അമ്മേ ഞാൻ പോവാണ് '
അച്ഛന്റെ ചോദ്യവും, മനസ്സിലെ ദുഖവും, വീട്ടിലെ കഷ്ടപ്പാടുകളും ഓർത്തു കാലി വണ്ടിയിൽ ഒന്നും കയറാതെ കണ്ണംമൂട് വഴി പോവാൻ കാട്ടിലെ പള്ളിയുടെ മുന്നിലൂടെ പോവുന്ന വഴിയിലൂടെ നടന്നു. തിരിച്ചു പോണ വണ്ടിയായാലും ഒരു രൂപ കൊടുക്കണം. ഓസിനുള്ള യാത്ര ശീലവുമില്ല.