Tuesday, September 25, 2012

പ്രകൃതി - നളിനാക്ഷന്‍ ഇരട്ടപ്പുഴ






അര്‍ക്കന്‍ അമ്പിളിയുടെ പ്രകാശത്തെ വെറുക്കുമായിരുന്നെങ്കില്‍
എനിക്കും നീയുമായുള്ള ചങ്ങാത്തം ഒഴിവാക്കാമായിരുന്നു.
ആകാശത്ത് നക്ഷത്രങ്ങള്‍ എത്രയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ നിന്നെ ഒരു വട്ടം പോലും നോക്കുമായിരുന്നില്ല.
കടല്‍ തിരകളുടെ ശബ്ദം നിയന്ത്രിചിരുന്നെങ്കില്‍
എന്റെ ഓര്‍മ്മചെപ്പില്‍ നിന്ന് നിന്നെ മായ്ച്ചു കളഞ്ഞേനെ.
ചെടികള്‍ ജലപാനമില്ലാതെ ജീവിച്ചിരുന്നെങ്കില്‍
എനിക്കും ജീവിക്കാമായിരുന്നു നിന്നെ കൂടാതെ.
എന്റെ ഉറക്കം കണ്പോള പൂട്ടാതെയായിരുന്നെങ്കില്‍
നിന്നെ കൂടാതെയുള്ള സ്വപ്നം എനിക്കു കാണാമായിരുന്നു.
ജീവന്റെ കണിക നിലനില്‍ക്കുവാന്‍ ശുദ്ധവായു ഇല്ലായിരുന്നെങ്കില്‍
എനിക്ക് പോവാമായിരുന്നു നിന്നെ കൂടാതെ.
വേര്‍പെടുത്താനാവാത്ത ഈ സ്നേഹബന്ധത്തെ
എന്റെ ജീവന്റെ ജീവനാം പ്രകൃതി ഞാന്‍ എന്ത് വിളിക്കും?

Thursday, September 20, 2012

എമെര്‍ജിംഗ് ഗള്‍ഫ്‌ മലയാളി - നളിനാക്ഷന്‍ ഇരട്ടപ്പുഴ



ഗള്‍ഫ്‌ മലയാളിയുടെ സ്വപ്ന പദ്ധതിക്ക് ചിറകു മുളചിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം വിമാന സര്‍വ്വീസായ 'എയര്‍ കേരള' തുടങ്ങുന്നതിനുള്ള തീരുമാനം ഏത് മലയാളിക്കും അഭിമാനവും പ്രത്യേകിച്ച് ഗള്‍ഫ്‌ മലയാളിക്ക് ആശ്വസവുമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി കാലതാമസമില്ലാതെ അതിന്റെ സാധ്യതകളും സാങ്കേതിക വശങ്ങളും പഠിക്കാന്‍ സിയാല്‍ എംഡി പി ജെ കുര്യനെ നിയമിച്ചതും വളരെ പ്രതീക്ഷയോടെയാണ് പ്രവാസിസമൂഹം നോക്കിക്കാണുന്നത്.




എയര്‍ ഇന്ത്യ പെലറ്റ് സമരവും അമിതമായ നിരക്ക് വര്‍ധനയും സാധാരണ പ്രവാസികളുടെ യാത്രാദുരിതം പതിന്മടങ്ങ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ‍ കേരളത്തിന്‍െറ സ്വന്തം വിമാന കമ്പനി എന്ന ആശയം വരുന്നതും, അതിന്റെ ഭാഗമായി കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് സിയാലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു സ്വന്തമായ ഒരു വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആശയം ഉയര്‍ന്നുവന്നതും. തുടര്‍ന്ന് 2005ല്‍ എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എല്‍ ഡി എഫ് ഭരണം വന്നതോടെ പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ പദ്ധതി യുഡിഎഫ് ഗവര്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ യാഥാര്‍ത്യമായിരിക്കയാണ്.

എയര്‍ കേരളയുടെ 26 ശതമാനം ഓഹരി കേരള സര്‍ക്കാരിനും സിയാലിനും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ്. 74 ശതമാനം പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കും. പ്രവാസികള്‍ ഉള്‍പ്പെടുന്ന നിക്ഷേപകരില്‍ നിന്നായി കുറഞ്ഞ നിക്ഷേപമായി പതിനായിരം രൂപ വീതം സമാഹരിച്ചു പദ്ധതി നടപ്പാക്കുക വഴി ജനകീയ വിമാന കമ്പനി എന്ന മുഖം ലഭിക്കുകയാണ്. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 200 കോടി സമാഹരിക്കും.

ആഭ്യന്തര സര്‍വീസാണ് തുടക്കത്തില്‍ ഉണ്ടാവുകയെങ്കിലും പിന്നീട് ഗള്‍ഫിലേക്കും മറ്റും സര്‍വീസ് ആരംഭിക്കുമെന്നതിനാല്‍ എയര്‍ കേരള പദ്ധതി ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ അനുഗ്രഹമാകും. പ്രവാസിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മെച്ചപെട്ട സേവനവും, കുറഞ്ഞ നിരയ്ക്കും, അധിക ലഗേജും, സമയബന്ധിത സര്‍വീസുമാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ ഈ സ്വപ്ന പദ്ധതി ശരാശരി ഗള്‍ഫ്‌ മലയാളിക്ക് ഗുണകരമാവു. വര്‍ഷങ്ങളോളം നാട്ടില്‍ പോവാന്‍ കഴിയാതിരിക്കുന്നവര്‍ക്ക് പത്തു ശതമാനം ടിക്കറ്റ്‌ റിസര്‍വ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം വളരെ സ്വഗതാര്ഹമാണ്.

അന്താരാഷ്ട്ര സര്‍വീസീനായി അനുമതി ലഭിക്കാന്‍ അഞ്ച് വര്‍ഷം ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തിയിട്ടുള്ള പരിചയവും 20 വിമാനങ്ങളും സ്വന്തമായി വേണമെന്ന കേന്ദ്ര നയത്തില്‍ മാറ്റമുണ്ടാക്കിയാലേ ഇതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് എത്രയും വേഗം ലഭിക്കുകയുള്ളൂ.

എന്നാല്‍ ഇതിനെ മറികടക്കാന്‍ കേരളത്തില്‍ നിന്നുള്ള എല്ലാ ജനപ്രതിധികളും മന്ത്രിമാരും കക്ഷി ഭേദമന്യേ വ്യോമയാന നിയമത്തില്‍ ഇളവു വരുത്തുന്നതില്‍ സമ്മര്‍ദം ചൊല്ത്തിയാല്‍ മാത്രമേ ഏത് വിലക്കുകളും നീക്കാന്‍ കഴിയുകയുള്ളൂ. എങ്കില്‍ മാത്രമേ മുപ്പതു ലക്ഷത്തോളം വരുന്ന ഗള്‍ഫ്‌ മലയാളികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. മാത്രവുമല്ല രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പിടിച്ചു നിര്തുന്നവര്‍ എന്ന് പ്രവാസികളെ കുറിച്ച് വാക്കിനു നൂറു വട്ടം പറയുന്നവര്‍ ഈ വിഷയത്തിലെങ്കിലും അല്മാര്‍ത്ഥമായി പരിശ്രമിക്കുകയും അങ്ങിനെ ഗള്‍ഫ്‌ മണലാരണ്യത്തില്‍ കഴിയുന്ന പ്രവാസി സമൂഹത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുകയും വേണം. അപ്പോഴാണ് ഗള്‍ഫ്‌ മലയാളിയും എമെര്‍ജു ചെയ്യുന്നത്.

Sunday, September 16, 2012

ജീവിത യാത്ര - നളിനാക്ഷന്‍ ഇരട്ടപ്പുഴ




പവിത്രമാം വരണമാല്യം
എന്‍ കഴുത്തില്‍ ചാര്ത്തിയിട്ട്,
ഒരു വഴി കാട്ടിയായ് അങ്ങ്
എന്‍ ജീവിതത്തില്‍ വന്നിട്ട്,
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന്‍ നാഥ...
ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി
ചുട്ടു പൊള്ളുന്ന മരുഭൂവില്‍
എരിയുന്ന മനസ്സുമായി
സ്വപ്ന സൌധങ്ങള്‍
കെട്ടിപടുക്കുവാന്‍ യാത്രയായിട്ട്
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന്‍ നാഥ...


എങ്കിലും നാം
സമ്പത്ത് നേടി, സന്താനങ്ങളെ നേടി,
സ്നേഹ ബന്ധങ്ങള്‍ക്ക് ദൃഡത നേടി
ജീവിതം മാത്രം ബാക്കിയായി.
ഇനിയും കാല ചക്രം തിരിയും
നിലാവും രാത്രിയും വന്നിടും
പൂക്കളും കായ്കളും കായിചിടും
ജീവിതത്തിന്‍ തേന്‍ നുകരുവാന്‍
ഈ ശലഭമിനി
എത്ര നാള്‍ കാത്തിരിക്കും?

Friday, September 7, 2012

പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള-നളിനാക്ഷന്‍ ഇരട്ടപ്പുഴ


പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള-
നളിനാക്ഷന്‍ ഇരട്ടപ്പുഴ




കേരളം വളരെയധികം പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള എന്ന നിക്ഷേപക സംഗമ പരിപാടിയെ അടിസ്ഥാന രഹിതമായ വിവാദങ്ങളു ണ്ടാക്കി പിന്നോട്ടടിപ്പിക്കുന്ന സമീപനം വികസനത്തിന് വേണ്ടി കാത്തിരിക്കുന്ന ജനതയോടുള്ള വെല്ലു വിളിയാണ്. കേരളത്തെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങളും പദ്ധതികളുമാണ് ഇവിടെ മുന്നോട്ടു വെക്കുന്നത്. മാത്രവുമല്ല കേരളത്തിലെ നിക്ഷേപ സാധ്യതകളും അവസരങ്ങളും സംസ്ഥാനത്തിന് പുറത്തുള്ളവരെ ബോധ്യപ്പെടുത്തുകയുമാണ് എമെര്ജിംഗ് കേരള കൊണ്ട് ലക്ഷ്യമിടുന്നത്.

ഉമ്മന്ചാണ്ടി സര്ക്കാരിന്റെ വികസന പദ്ധതികളെ വിവാദത്തില്പ്പെടുത്തി നിശ്ചലമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അവകാശികള് തങ്ങള് മാത്രണെന്ന മട്ടിലുള്ള ഒരു പിന്തിരിപ്പന് സമീപനമാണ് ഇവര് പുലര്ത്തുന്നത്. വികസനം എന്നവാക്കിനു പരിസ്ഥിതി നാശം എന്ന അര്ത്ഥം കല്പ്പിച്ച് നാടിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനത്തെ ചെറുത്തു തോല്പിക്കണം.

നാടിനും ജനങ്ങള്ക്കും ഇണങ്ങുന്ന വിധത്തില് വികസിത കേരളം കെട്ടിപ്പടുക്കാനുള്ള ചുമതലാബോധത്തോടെയുള്ള മുന്നേറ്റമാണ് ഉമ്മന്ചാണ്ടി സര്ക്കാരിന്റെ ലക്ഷ്യം. റോഡുകളും, തുറമുഖവും, തീവണ്ടിപ്പാതകളും, ടൂറിസം വികസനവും, ഐടി - സയന്സ് മേഖലകള് നല്കുന്ന സാധ്യതകളുടെ വിപുലീകരണവും, പെട്രോളിയം അനുബന്ധ വ്യവസായ മുന്നേറ്റവും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ സമഗ്രവികസനവുമെല്ലാം എമെര്ജിംഗ് കേരളയുടെ ലക്ഷ്യങ്ങളാണ്.

ജനങ്ങളുടെ പ്രതീക്ഷയ്ക്കും താല്പര്യങ്ങള്ക്കും മങ്ങലേല്ക്കാതെ തികച്ചും സുതാര്യമായ രീതിയില് നടപ്പിലാക്കുന്ന ഏത് പദ്ധതിയായാലും അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് അല്ലാതെ വരട്ടു വാദങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്ന വികസന വിരോധികളെ തിരിച്ചറിയണമെന്ന് ഈ അവസരത്തില് ആവശ്യപെടുകയാണ്.





Wednesday, August 8, 2012

"ക്വിറ്റ് ഇന്ത്യ''

"ക്വിറ്റ് ഇന്ത്യ'' - ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ ഭാഗമാണ് ഈ മുദ്യാവാക്യം. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ആ മഹാ സമരത്തിന്‍റെ എഴുപതാം വാര്‍ഷിക ദിനമാണ് ഇന്ന്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു. ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.


ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടിയുണ്ടായി - "പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസം തന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. 1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.
 
ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത് അത് അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശസ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു - ‘ക്വിറ്റ് ഇന്ത്യ’

Tuesday, April 3, 2012

എന്റെ പ്രിയ നാടെ - നളിനാക്ഷന്‍ ഇരട്ടപ്പുഴ

എന്റെ പ്രിയ നാടെ - നളിനാക്ഷന്‍ ഇരട്ടപ്പുഴ






ഞാന്‍ നടന്ന വഴികള്‍
ഞാന്‍ നീരാടിയ
കുളങ്ങള്‍, തോടുകള്‍
എല്ലാം അന്യമായിരിക്കുന്നു.
ഇന്നലത്തെ നാട്ടു വഴികള്‍
ഇന്ന് ടാറിട്ട റോഡുകള്‍
കുളങ്ങള്‍, തോടുകള്‍
ഇന്ന് വഴി മാറി
കോണ്‍ക്രീറ്റ് സൌധങ്ങള്‍.
എന്റെ കളി കൂട്ടുകാര്‍
പഴയ സൌഹൃദങ്ങള്‍ക്ക്
വിട നല്‍കി
ഇന്റര്‍ നെറ്റുമായി
പരിണയിക്കുന്നു.
കൂട്ട് കുടുംബങ്ങള്‍
കലഹ പ്രിയരായി
സ്വത്തുപകുത്തു നല്‍കുന്നതില്‍
യദുകുലമായി തീരുന്നു.
മതവും ജാതിയും
മന്ത്രിയെ നിയമിക്കുന്നതിലും
തന്ത്രിയെ കുരുക്കുന്നതിലും
പ്രാവീണ്യം നേടിയിരിക്കുന്നു.
എങ്കിലും എന്റെ നാട്,
നല്ല നാട്
ദൈവത്തിന്റെ സ്വന്തം നാട്?

Tuesday, March 20, 2012

ദൈവത്തിന്റെ സ്വന്തം നാട് - നളിനാക്ഷന്‍ ഇരട്ടപ്പുഴ


ദൈവത്തിന്റെ സ്വന്തം നാട് - നളിനാക്ഷന്‍ ഇരട്ടപ്പുഴ



സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ ഏറെ
വേദനിക്കുന്നതോ വേറൊരു ജീവന്‍
മര്‍ത്ത്യന്‍ വിരഹിക്കും ഈ ലോകത്ത്
വേദനയുടെ ഭാണ്ട കെട്ടുകള്‍ ഏറെയും...
അഴുക്കു ചാലില്‍ തള്ളി വിടുന്ന പഴകിയ
ഭക്ഷണതിനായ് കടിപിടി കൂടുന്ന
നായ കൂട്ടങ്ങളില്‍ നിന്ന് ചുളിവില്‍
തട്ടിയെടുക്കുന്നു നാടോടി മങ്ക...
ഒരു നേരത്തെ അന്നം
കരസ്ഥമാക്കിയ സന്തോഷം
ചന്ദ്ര ബിംബം പോലെ പ്രകാശിക്കുന്നു,
വറുതിയില്‍ ചുളുങ്ങിയ
ആ വ്രണിതമായ മുഖം...
അമ്മയേതെന്നു അച്ഛനേതെന്നു അറിയാതെ
അമ്മ തൊട്ടിലില്‍ അഭയം തേടി കഴിയുന്നു
ശപിക്കപെട്ട കുരുന്നു ബാല്യങ്ങള്‍...
മഞ്ഞലോഹത്തിന്‍ അതിഭ്രമം മൂത്ത ലോകത്ത്
മംഗല്യം അന്ന്യമായ സോദരിമാരുടെ രോദനങ്ങള്‍ ...
പാര്‍ടിയാപ്പീസ്സിലും തൊഴിലിടങ്ങളിലും
ബസ്‌ സ്റ്റോപ്പിലും എന്തിനേറെ സ്വന്തം വീട്ടിലും
പീടിപ്പിക്കപെടുന്നു മലയാളി മങ്കമാര്‍
തേടുന്നു അഭയം റയില്‍വേ പാളത്തില്‍ ...
അമ്മയേതെന്നു മക്കളേതെന്നു തരംതിരിവില്ലാതെ
പ്രാപിക്കുന്നു മനുഷ്യ ഭ്രാന്തന്മാര്‍ ....
എന്നിട്ടും എന്റെ കേരളമേ
നീ എത്ര സുന്ദരം ?
ദൈവത്തിന്റെ സ്വന്തം നാടെ!!!


Sunday, February 26, 2012

സ്പന്ദനം - നളിനാക്ഷന്‍ ഇരട്ടപ്പുഴ



മറക്കില്ല ഞാന്‍,
നിന്നെ മറക്കില്ല ഞാന്‍
പേരൊന്നും ചൊല്ലാതെ
വിട ചൊല്ലിയെന്നാലും
ഓര്മ തന്‍ വിരഹ ചെപ്പില്‍
കാത്തു വെക്കും നിന്‍ രൂപം...
ചന്ദ്ര ബിംബം വിണ്ണില്‍ മാറി
മാറിയുമ്പോഴും
മിന്നി മറയുന്നു നിന്‍ കിരണങ്ങള്‍
എന്‍ മാനസ ഭൂവില്‍...
അസ്തമയ സൂര്യനെ നോക്കി
പോയ കാലത്തെ തിരകളെണ്ണുമ്പോള്‍
വന്നു പോകുന്ന തിരകളും ഓളവും
പറയുന്നു നിന്നെ കുറിച്ച് മാത്രം...
ആദ്രമായ ഹൃദയത്തിന്‍ തുടിപ്പുക്കള്‍
ക്ലാവ് പിടിച്ച ഓര്‍മകളെ തട്ടിയുണര്‍ത്തുമ്പോഴും
ഇനിയും കാണുമെന്നു മിടിച്ചിരുന്നു
ഇനിയും കാണുമെന്നു മിടിച്ചിരുന്നു...











Thursday, February 23, 2012

അമ്മ - നളിനാക്ഷന്‍ ഇരട്ടപ്പുഴ


സ്നേഹ സാഗരമാണമ്മ
സ്നേഹ നിധിയാണമ്മ....
അമൃത് ചൊരിയും കടലാണ് എന്‍ അമ്മ
അമ്മിഞ്ഞപാലിന്‍ മാധുര്യം നല്‍കും
സ്നേഹ വല്ലരിയാണമ്മ....


അനുഗ്രഹ സാഗരമാണ് എന്‍ അമ്മ
അമ്മ നല്‍കിയ താരാട്ട് പാട്ടുകള്‍
അമ്മ പകര്‍ന്നു നല്‍കിയ ആദ്യാക്ഷരങ്ങള്‍
അതാണെന്‍ ലോകത്തെ സൌഭാഗ്യം...


എന്നിലുള്ള വാത്സല്യം, എന്നിലുള്ള നന്മ
പകര്‍ന്നു തന്നതാണ് എന്‍ അമ്മ
അതാണെന്‍ നിധി
സ്നേഹ സമ്പാദ്യത്തിന്‍ നിധി
മാതൃത്വത്തിന്‍ അമൂല്യ നിധി....
നമിക്കുന്നു ഞാനെന്‍ അമ്മയെ,
നമിക്കുന്നു ഞാനെന്‍ അമ്മയെ....

Friday, February 17, 2012

ഇന്ത്യാ ഫെസ്റ്റ് – 2012 : ഒന്നാം സമ്മാനം നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക്

ഇന്ത്യാ ഫെസ്റ്റ് – 2012 : ഒന്നാം സമ്മാനം നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക്

അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന് മൂന്ന് ദിവസം ഉത്സവ രാവുകള്‍ സമ്മാനിച്ച് ഇന്ത്യാഫെസ്റ്റ് കൊടിയിറങ്ങി. സമാപന ദിവസം രാത്രി നടന്ന ഷെഹനായ് സംഗീതവും ഗുജറാത്തി നൃത്തവും ഭംഗ്ട നൃത്തവും മാജിക് ഷോയും ഈജിപ്ഷ്യന്‍ നൃത്തവും സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത കലാവിരുന്നായി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചാണ് ഈ വര്‍ഷം ഇന്ത്യാഫെസ്റ്റിന് കൊടിയിറങ്ങിയത്. മൂന്ന് ദിവസങ്ങളിലായി 30,000ത്തോളം സന്ദര്‍ശകര്‍ ഫെസ്റ്റിന് എത്തിയതായി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് വി. പണിക്കര്‍ പറഞ്ഞു. വന്‍ജനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടായിട്ടും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ചിട്ടയായ സംവിധാനത്തിലൂടെ ഇന്ത്യാഫെസ്റ്റിനെ വന്‍ വിജയമാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞതാണ് പ്രത്യേകത. വ്യാപാര മേളയില്‍ പങ്കെടുത്ത ബിസിനസ് സമൂഹവും ഭക്ഷണശാലകളും തട്ടുകടകളും ഒരുക്കിയ അമേച്വര്‍ സംഘടനകളും ഇന്ത്യാ ഫെസ്റ്റിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന് മാത്രം സാധ്യമാവുന്ന അംഗബലവും സംഘാടക മികവും ഇന്ത്യാ ഫെസ്റ്റിനെ ചരിത്ര വിജയമാക്കുകയായിരുന്നു. സമാപന സമ്മേളനത്തില്‍ പ്രസംഗിച്ച അതിഥികളും സ്‌പോണ്‍സര്‍മാരും ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിച്ചു.


ശനിയാഴ്ച രാത്രി 12ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ നിസ്സാന്‍ സണ്ണികാര്‍ അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകനായ നളിനാക്ഷന്‍ ഇരട്ടപ്പുഴയ്ക്കാണ് ലഭിച്ചത്. കൂടാതെ 50- ഓളം വിലപിടിപ്പുള്ള സമ്മാനങ്ങളും ഭാഗ്യവാന്മാര്‍ക്ക് ലഭിച്ചു.

സമാപന ചടങ്ങില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ അധ്യക്ഷനായി. യു.എ.ഇ.യിലെ ശ്രീലങ്കന്‍ അംബാസഡര്‍ ശരത് വിജെസിംഗെ, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വൈസ് ചെയര്‍മാനും എന്‍.എം.സി. ഗ്രൂപ്പിന്റെ സി.ഇ.ഒ.യും ആയ ഡോ. ബി.ആര്‍. ഷെട്ടി, ഇന്ത്യാ ഫെസ്റ്റിന്റെ മുഖ്യ പ്രായോജകരായ ജമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി. കെ.പി.ഗണേഷ് ബാബു, ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗം ഇന്‍ ചാര്‍ജ് അനൂജാ ചക്രവര്‍ത്തി, അല്‍മസൂദ് ഓട്ടോമൊബൈല്‍ അസി. ജനറല്‍ മാനേജര്‍ ഹുമയൂണ്‍ ആലം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ ചെയ്തു. ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലാം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.എസ്. ജേക്കബ് നന്ദിയും പറഞ്ഞു.























Wednesday, January 25, 2012

ആ മണി മുഴങ്ങി കൊണ്ടേയിരിക്കും - നളിനാക്ഷന്‍ ഇരട്ടപ്പുഴ






സാധാരണക്കാരന്റെ നാവു തന്റെ നാവാക്കി തീപൊരി പോലുള്ള വാക്കുകളും ചാട്ടുളി പോലുള്ള വിമര്‍ശനങ്ങളും കൊണ്ട് അര നൂറ്റാണ്ടുകാലതോളം കേരളത്തിന്റെ സാംസ്കാരിക സാമൂഹിക നഭസില്‍ പ്രഭ ചൊരിഞ്ഞ പണ്ഡിത ശ്രേഷ്ടനായിരുന്നു സുകുമാര്‍ അഴീക്കോട്. ഒരു ജനതയുടെ വിചാരങ്ങളെ പ്രചോദിപ്പിച്ച്, മുന്നില്‍ വിളക്കുമായി നടന്ന വര്‍ത്തമാനകാലത്തെ പ്രവാചകനാണ് ഇവിടം വിട്ടുപോയത്. മാനവികതയ്‌ക്കെതിരായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ വാക്കുകളെ പരിചയാക്കിയ ആ ശബ്ദം സമകാലികജീവിതത്തിലെ കാപട്യങ്ങളെ പരിഹസിക്കുന്ന ജാഗ്രതയുടെ നാവായി. സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്‌ക്കെതിരായ ശബ്ദമായിരുന്നു അത്.


വാക്കുകളിലായാലും ജീവിതത്തിലായാലും കാപട്യങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്ക് മെതിരെ മുഖം നോക്കാതെയുള്ള ആഞ്ഞടിക്കുന്ന പ്രകൃതമായിരുന്നു അദേഹതിന്റേതു. രാഷ്ട്രീയമൂല്യവ്യവസ്ഥകള്‍ അതിരുകള്‍ ഭേദിക്കുമ്പോള്‍ ആ ശബ്ദം കേരളത്തിന് അപായസൂചനകള്‍ നല്‍കി. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഋഷിയുടെ സംയമനവും പോരാളിയുടെ രോഷവും ഗുരുവിന്റെ വിവേകവും വൈജ്ഞാനികന്റെ ഗരിമയും ആ വാക്കുകളില്‍ പ്രകാശിച്ചു. പറയുന്നതാണ് വാക്കെങ്കില്‍ യഥാര്‍ഥമായ കല പ്രഭാഷണമാണെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു


ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുട നീളം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. ഗാന്ധിസത്തിന്റെ സത്യാന്വേഷണ ത്വരയും ധാര്‍മികമായ അക്ഷോഭ്യതയും അഗാതമായി അദേഹത്തില്‍ സ്വാധീനിച്ചിരുന്നു.


സാഹിത്യത്തെ അഗാധവും തീവ്രവുമായി സ്നേഹിക്കുകയും വൈകാരികമായ തീഷണതയോടെ ആവിഷ്കരിക്കുകയും ചെയ്തു. അറിവിന്റെ ആഴങ്ങളില്‍ പിറവിയെടുത്ത മുത്തുകളാണ് അദേഹത്തിന്റെ രചനകള്‍.


കേരളത്തിന്റെ രാഷ്ട്രീയവിചാരങ്ങളുടെ സംവാദശാലയില്‍ എന്നും അഴീക്കോട് മാഷ് നായകനായിത്തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് പുറപ്പെട്ട് ഗാന്ധിയന്‍ ഇടതുപക്ഷക്കാരനായി അദ്ദേഹം ജനപക്ഷത്തു നിലയുറപ്പിച്ചു. ഇന്ന് ആ മണിമുഴക്കം കേള്‍ക്കുന്നില്ലെങ്കിലും അത് അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ, അദേഹത്തിന്റെ രചനകളിലൂടെ മുഴങ്ങി കൊണ്ടേയിരിക്കും.

Monday, January 23, 2012

കിളികൊന്ചെല്‍ - നളിനാക്ഷന്‍ ഇരട്ടപ്പുഴ



ഒരു കുഞ്ഞു പൈതലിന്‍ കിളികൊന്ചെല്‍
കേള്‍ക്കാനായ്‌ കാത്തിരിക്കുമച്ചന്‍....
ഒരു കുഞ്ഞു പൈതലിന്‍ മധുരസ്വരമെന്നും 
ഹൃദയ ചെപ്പില്‍ സൂക്ഷിക്കുമച്ചന്‍...

ഒരു യുഗം തപസിരുന്നു ഒന്ന് കണ്ട
ആ കുഞ്ഞികാലടി
ഈ വിരഹയാധനയില്‍
സ്നേഹദീപത്തിന്‍ പ്രഭ ചൊരിയും...

പാതി മയങ്ങും വേളയില്‍
മൃദുലമാം കുഞ്ഞി കൈ കൊണ്ട്
കവിളിണ തഴുകുന്നതും,
മൂകമാമനസ്സില്‍ ധാരയായ്‌ ഒഴുകിവരും....

അമ്മയുടെ മുലപാലിനായ്
പമ്മി പമ്മി വന്നു നില്‍ക്കുന്നതും
ഈ നൊമ്പരത്തിന്‍ അറയില്‍
ഒരു തേന്‍ കണംപോല്‍
എന്നുള്ളില്‍ നിറയും .....

ഇനി കാണാമെന്നു വിട ചൊല്ലി പിരിയുമ്പോള്‍
പടിവാതില്‍ പാതി ചാരി
മിഴി പാകി നില്‍ക്കുമ്പോള്‍
അറിയാതെ ഉള്ളം പിടയാറുണ്ട്
അറിയാതെ ഉള്ളം പിടയാറുണ്ട് .....
         ****

Thursday, January 19, 2012

നോവ്‌ - നളിനാക്ഷന്‍ ഇരട്ടപ്പുഴ



മഞ്ഞു പുതച്ചു കിടക്കുന്ന സഹ്യന്റെ മാറില്‍
ഒന്ന് തലോടനായി കൊതിക്കുന്നു,
കളകളാരവം പൊഴിക്കും പുഴകളില്‍
നീന്തി തുടിക്കുവാന്‍ മോഹം,
മധുര സംഗീതത്തില്‍ തോരാതെ പെയ്യുന്ന
മഴയെ പുണരുവാന്‍ ആര്‍ത്തി !!!
ഇല്ല ഞാനില്ല -  
കാലം മായ്ക്കാതെ
ആ ഞെട്ടല്‍ എന്നെ പിന്തുടരുന്നു
അന്നത്തെ തോരാത്ത മഴ,
ഇടിമിന്നലിന്റെ സംഹാര താണ്ടവം,
സുന്ദരി പശുവിന്റെ ദീനരോദനം,
നടുക്കുന്നു ആ പിശാചിന്റെ ഭീകര രൂപം,
കട വരാന്തയില്‍ അലറിവിളിക്കും
അര്‍ദ്ധ നഗ്നയാം നാടോടി പെണ്‍കൊടി ?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ദൈവത്തിന്റെ സന്തതികളെ,
പച്ച മംസതിന്നായി
കഴുകന്മാര്‍ പിച്ചി ചീന്തി,
സഹ്യന്റെ മാറില്‍ ഭീതി വിതച്ചു
കേരളം വളരുന്നു, കേരളം വരളുന്നു?

Wednesday, January 11, 2012

അന്നും ഇന്നും - നളിനാക്ഷന്‍ ഇരട്ടപ്പുഴ


                                          



ചാണകം മെഴുകിയ കുടിലില്‍ നിന്നും,
അര്‍ദ്ധ പട്ടിണിയുടെ ഭാണ്ടവും പേറി
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍
നിലാവ് മാത്രം പെയ്തിറങ്ങിയ
മേല്‍ക്കുരയില്‍ നോക്കി നെയ്തെടുത്ത
ജീവിത സ്വപ്നങ്ങള്‍ പെട്ടിയില്‍ നിറച്ച് . . .
ഉറ്റവര്‍, ഉടയവര്‍ കണ്ണീര്‍ തന്‍ മഴയില്‍
മാതാപിതാക്കളെ വന്ദിച്ചു പടിയിറങ്ങി . . .
ശര വേഗത്തില്‍ പായുമീ വീമാനത്തിലെ
അര്‍ദ്ധ മയക്കത്തില്‍ നൊമ്പരങ്ങലെന്നില്‍
ആതിയുടെ തീ കനല്‍ തീര്‍ത്തു. . .
എന്റെ മോഹങ്ങള്‍ക്ക് ചിറകു വിരിക്കുമോ?
അതോ മലര്‍പൊടിക്കാരന്റെ സ്വപ്നമോ?
ഇന്നന്റെ ആശക്ക്‌ ചിറകു വെച്ചു
ഇന്നെന്റെ വീട്ടിന്‍ മഹിമ വന്നു
ഇന്നെന്റെ വീട്ടില്‍ സമൃതി വന്നു
അന്നെന്നെ തള്ളി പറഞ്ഞവര്‍
ഇന്നെന്റെ മിത്രങ്ങളും,
ഇന്നിന്റെ സുഖത്തില്‍ നീന്തിടുമ്പോഴും
നാളെകള്‍ എന്നെ നൊമ്പരത്തിലാഴ്ത്തിടുന്നു . . .