Sunday, June 15, 2014

ഞാൻ വെറും നിസ്സഹായാൻ - നളിനാക്ഷൻ ഇരട്ടപ്പുഴ



ഭൂമിയെ പ്രണമിക്കാൻ സൂര്യൻ ഉദയം ചെയ്യുമ്പോഴും 
ഹൃദയത്തിൽ നൊമ്പരത്തിൻ കൂരിരുൾ പടരുന്നു.
പുലരിയുടെ വെളിച്ചമെത്തുന്നത് 
ഒരു വിളിപാടിൻറെ ഓർമ്മപ്പെടുത്തലായി,
ഒരു കദനത്തിൻ തീരാ വേദനയോടെ.
അന്നപാനത്തിനായി നാടുകടത്തപ്പെട്ട മാലാഖമാർ 
മാനം നഷ്ടപെട്ട കണ്ണീരിൻറെ പുഴ ഒഴുക്കുന്നു.
മജ്ജയും മാംസവും മുറ്റിയ കാട്ടാളർ 
രാത്രിയുടെ കരിനിഴൽ പരത്തുന്നു. 
കാട്ടാള ഹൃദയം പേറുന്ന മർത്ത്യർക്ക് 
എല്ലാം മായായെങ്കിൽ ഞാൻ വെറും നിസ്സഹായാൻ.
എല്ലാം ഇരുട്ട് എന്ന് സമർത്ഥപെടുന്ന 
ഈ കാലത്തിൻ ഞാൻ വെറും നിസ്സഹായാൻ.




.


Wednesday, March 19, 2014

മഴ - നളിനാക്ഷൻ ഇരട്ടപ്പുഴ


മഴ
     നളിനാക്ഷൻ ഇരട്ടപ്പുഴ 

നിനചിരിക്കാതിരിക്കാതെ 
ഒരതിഥിയായി 
കടന്നു വന്ന 
മഴയ്ക്ക് 
എന്തോ ഒരു പരിഭവം 
ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. 

അല്ലെങ്കിൽ 
വീശിയാടിയ 
കാറ്റിന്റെ കൂടെ 
ഈ സംഹാര താണ്ഡവം  
ആടി 
തിമിർക്കില്ലയിരുന്നു.

അത് 
ഒരു പക്ഷെ 
വരാൻ പോകുന്ന 
ഒരു പെരുമഴയെ കുറിച്ചുള്ള 
ഓർമപെടുത്തലായിരിക്കാം.

അല്ലെങ്കിൽ 
സൂര്യൻ ഉച്ചിയിൽ 
എത്തിയിട്ടും 
അണപൊട്ടിയ പോലെ  
കണ്ണീർ  
പൊഴിക്കുമായിരുന്നോ?

Saturday, November 16, 2013

ഗാഡ്ഗിൽ റിപ്പോർട്ട്‌

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം വായിച്ചു ഇതിൽ എന്താണ് ജനങ്ങൾക്ക് ദോഷകരമെന്നു ഇതിനെതിരെ സമരം നടത്തുന്നവർ പറയുക.  പ്രകൃതിയെ സംരക്ഷിക്കാനുള്ള ഈ റിപ്പോർട്ട്‌ പൊതുജനങ്ങൾക്ക്  എതിരല്ല. പാറ പൊട്ടിക്കുന്നവർക്കും, മണൽ മാഫിയകൾക്കും മാത്രമേ ഈ റിപ്പോർട്ട്‌  ദോഷമുള്ളു. കള്ള പ്രചാരങ്ങൾ നടത്തുന്നവരെ ജനങ്ങൾ ഒറ്റപെടുത്തുക

താഴെ പറയുന്ന കാരണങ്ങളാല്‍ പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി വിദഗ്ദ്ധസമിതി കാണുന്നു.
1) ജൈവവൈവിധ്യ മൂല്യം: ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം.
2) ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ 6 സംസ്ഥാനങ്ങളില്‍ ആയുള്ള 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യാനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പസ്ചിമാഘട്ടത്തിനെയാണ്.

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി ചെയ്തത്
പാനല്‍ യോഗങ്ങള്‍ 15
നിയോഗിക്കപ്പെട പ്രത്യേക ഗവേഷണ പ്രബന്ധങ്ങള്‍ 42
ബൗധികാതിഷ്ടിത ചര്‍ച്ചകള്‍ 7
വിദഗ്ധ കൂടിയാലോചനാ യോഗം 1
സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനാ യോഗം 8
സന്നദ്ധ സംഘടനകളുമായുള്ള കൂടിയാലോചന 40
പ്രാദേശിക സന്ദര്‍ശനങ്ങള്‍ 14.
വിദഗ്ധസമിതി ചെയ്തത്
പശ്ചിമഘട്ട മേഖലയിലെ അശാസ്ത്രീയ വികസന പദ്ധതികള്‍ മൂലം വര്‍ധിച്ചു വരുന്ന വെല്ലുവിളികള്‍ പരിഗണിച്ച്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തിക്കൊണ്ടുള്ള ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനു ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയമായ ഒരു തീരുമാന സഹായ സംവിധാനം വികസിപ്പിച്ചു.
പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍

1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)

2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)

3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.

4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.

(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)

5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.

(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)

6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.

7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.

(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)

8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.

10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.

11. ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )

12. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.

13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.

14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.

(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)

15. രാസകൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.

16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.

17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)

18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.

19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20. സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,

സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,

സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.

സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.

22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.

24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)

അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.

(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)

25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.

26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.

27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.

28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.

29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.

30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.

31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.

32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).

33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).

34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .

35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ). പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര). നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ). കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല). 30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള). സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39. തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച് അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.

Thursday, September 12, 2013

വേദന


ആർത്തിരമ്പുന്ന കടൽ
എൻ ഹൃദയത്തെ
വല്ലാതെ നോവിക്കുന്നു.

അത്
തീവ്രമായ ഒരു കടന്നു
കയറ്റമായി ഞാനനുഭവിക്കുന്നു.

അവ
പരിശുദ്ധ പാത പിന്തുടരുന്ന
എന്നിൽ കനൽ വഴി ഒരുക്കുന്നു.

എന്നിൽ നില നില്ക്കുന്ന വിശ്വാസത്തെ
ആരോ ചവിട്ടിമെതിക്കുന്നു.

എന്നിലെ സ്നേഹം
എന്നിലെ പ്രണയം
എല്ലാം ഒരു ചോദ്യമായ് നില്ക്കുന്നു.

എന്റെ ആകുലതകൾ ,
എന്റെ ജീവിത സുഖത്തിന്റെ
നഷ്ടപെടൽ മാത്രമായ് തുടരുന്നു.

അതെല്ലാം എന്റെ ദുഃഖമായ് ,
എന്റെ വേദനയായ് പിൻ തുടരുമ്പോഴും
പലതും മൌനമായ് നില്ക്കുന്നു?

Wednesday, March 6, 2013

പ്രവാസഭൂമിയില്‍ നിന്ന് - നളിനാക്ഷന്‍ ഇരട്ടപ്പുഴ

പ്രവാസഭൂമിയില്‍ നിന്ന്......

                                      നളിനാക്ഷന്‍ ഇരട്ടപ്പുഴ

ആഗ്രഹങ്ങളും, സ്വപ്നങ്ങളും, മോഹങ്ങളും പേറി സ്വന്തം നാടുകളില്‍ നിന്ന് എല്ലാ ബന്ധങ്ങളോടും യാത്രപറഞ്ഞു, ബാല്യം പിച്ചവെച്ച കളിമുറ്റവും കൌമാരം സൂക്ഷിച്ച കിനാക്കളും മടക്കിവെച്ചു യാഥാര്‍ത്ഥ്യങ്ങളുടെ വന്‍ തിരമാലകളും കടലുകളും നീന്തി കടന്നു പുതിയ ലോകത്ത് എത്തിയ പ്രവാസി ഇന്നും ദുരിതകയതിന്റെ അഗാധ ഗര്‍ത്തത്തിന്റെ നീര്‍ചുഴിയില്‍ അകപെട്ടിരിക്കയാണ്. പ്രവാസത്തിന്റെ എരിയുന്ന കനലുകളില്‍ നിന്നും ചിലര്‍ വെളിച്ചം തേടുമ്പോള്‍ ചിലര്‍ ആ കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു.

എഴുപതുകളിലാണ്‌ ഗള്‍ഫ് നാടുകളിലേയ്ക്ക് ഭാഗ്യം തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്. പ്രതീക്ഷകള്‍ വറ്റാത്ത മനസും എന്തിനേയും എതിരിട്ട് തോല്പ്പിക്കാനുള്ള ചങ്കൂറ്റവുമുള്ളവരായിരുന്നു പ്രവാസത്തിന്റെ സ്വര്‍ഗീയ ഭൂമിക തേടി പറന്നുയര്‍ന്നത്. പുരോഗതിയിലേയ്ക്ക് കുതിച്ച് കൊണ്ടിരുന്ന മനുഷ്യ രാശിയുടെ മുഖ്യധാരയില്‍ നിന്നും ഒരു നൂറു കൊല്ലമെങ്കിലും പിന്നില്‍ നടന്നിരുന്ന കേരളീയരെ ലോക ജനത്യ്ക്ക് ഒപ്പമെത്തിക്കുന്നതില്‍ ഗള്‍ഫ് പ്രവാസം വഹിച്ച പങ്ക് വളരെ വലുതാണ്‌. കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ സമൃദ്ധിക്കും കാരണം ഒരുവേള പ്രവാസിയുടെ വിയര്‍പ്പാണ്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രവാസികള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്‌. എന്നാല്‍ പ്രവാസിയുടെ നാടിനോടുള്ള സ്നേഹത്തെയും, ത്യാഗമനോഭാവത്തെയും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി സമൂഹം യഥേഷ്ടം ചൂഷണം ചെയ്യപെടുകയാണ്.

ചുട്ടുപഴുത്ത മണലാരണ്യത്തിനു നടുവിലെ കൃത്രിമമായ ഒരു പറുദീസയില്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള മഹാനിധിയുണ്ടെന്ന് മനസിലാക്കിയുള്ളതാണ്‌ പ്രവാസിയുടെ ദേശാടനം. ആകാശവും ഭൂമിയും കൈവിട്ട ലോകം. പുഴകളും പാടങ്ങളും മരങ്ങളും കിളിയൊച്ചയുമില്ലാത്ത നാട്. ശീതീകരിച്ച മുറിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ സൂര്യന്‍ ചൂടുകൊണ്ട് നക്കിക്കൊല്ലുമെന്ന അവസ്ഥ. ഇതിലൊക്കെയുപരിയാണ് നാടും കുടുംബവും നഷ്ടപ്പെട്ടതിന്റെ വേദനയും കുടുംബത്തത്തെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠയും.

ജീവതാളം ക്രമപെടുത്താന്‍ ജീവന്‍ പണയം വെച്ച് ശ്രമിക്കുമ്പോള്‍ പ്രവാസിയുടെ മുന്നില്‍ വിജയപരാജയങ്ങളുടെ അളവു കോലുമായി, ഇത്രയും കാലം നീ എന്തുണ്ട്ടാക്കിയെന്നതു ഒരു ചോദ്യം ചോദ്യമായി നില നില്‍ക്കുന്നു , സമ്പാദ്യങ്ങള്‍ മുഴുവന്‍ മറ്റുള്ളവര്‍ക്കായി ചിലവഴിച്ചിട്ടും അതിന്റെ ഉപഭോക്താക്കള്‍ തന്നെ ഏതൊരു പ്രവാസിക്ക് നേരെയും ഒരു കൂസലുമില്ലാതെ തിരിഞ്ഞു നിന്ന് ചോദിക്കും .

എന്നാല്‍ ധനം എന്ന സമ്പത്തില്‍ കണ്ണുവച്ച് ഗള്‍ഫുനാടുകളിലേക്കു പറക്കുന്ന ഈ പ്രവാസി അവനു വേണ്ടി ഒന്നും സമ്പാദിക്കുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഭൂരിഭാഗം പ്രവാസികളും അവരുടെ മോഹങ്ങളും സ്വപ്നങ്ങളും പൂവണിയാതെ വേദനയുടെയും ദുഃഖങ്ങളുടെയും നേരിപോടില്‍ ഉരുകിതീരുകയാണ് . ധനസമ്പാദനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ആരോഗ്യസമ്പത്ത് ക്ഷയിച്ചിട്ടുണ്ടാവും. കൈ നിറയെ കടവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത്.

ഓരോ പ്രവാസിയും തിരിച്ചെത്തുമ്പോള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്. വൈകാരികമായ അകല്‍ച്ച തോന്നും. സ്വന്തം ഉടപിറന്നോര്‍ക്ക് പോലും പൊരുത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥ. നാടിനെയും വീടിനെയും കുടുംബത്തെയും നന്നാക്കിയെങ്കിലും പ്രവാസി തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കാത്ത അപരിചിതനാണ്. അതാണ് ഒരു പ്രവാസ ജീവിതത്തിന്റെ യാഥാര്‍ഥ്യം.

*****

Tuesday, February 19, 2013

നിഗൂഡത - നളിനാക്ഷന്‍ ഇരട്ടപ്പുഴ



നിഗൂഡത - നളിനാക്ഷന്‍ ഇരട്ടപ്പുഴ


പ്രതീക്ഷയോടെയുള്ള യാത്രയുടെ അവസാനം
സ്നേഹത്തിന്റെ മൂട് പടമണിഞ്ഞവര്‍,
യാത്രയിലുടനീളം അനിയന്ത്രിതമായ കാറ്റ് വിതച്ചു,
ആര്‍ക്കും അറിയാത്ത ഒരു നാളെയുടെ
വഴികള്‍ സ്നേഹവും ദുഃഖവും നിറഞ്ഞതെന്നു
ഒര്മ്മ പെടുത്തുന്നു.

സ്നേഹത്തിന്‍ അവധൂതന്മാരായവര്‍
പിശാചിന്‍ ക്രീഡകള്‍ കാട്ടി
വിശുദ്ധന്റെ മേലങ്കിയണിഞ്ഞു
സമൂഹ മദ്ധ്യേ വിലസുന്നു.

പ്രതിരോധത്തിന്‍ ശബ്ദമുയര്‍ത്തും യുവത
നിയമത്തിന്‍ കെട്ടുപാടില്‍
പിറകോട്ടു പോവുന്നു.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള യാത്രയില്‍
സത്യവും നീതിയും നിഷേധിക്കുന്നു.
സാക്ഷികളെന്നും കൂറുമാറുമ്പോള്‍
നീതിയിവിടെ കൊല്ലപെടുന്നു.

എന്തോ
ഈ ലോകം മുഴുവന്‍ നിഗൂഡതയില്‍ നിറഞ്ഞിരിക്കുന്നു
ജീവിതം നാം അറിഞ്ഞ കല്ലറക്കപുരമായിരുന്നുവെങ്കില്‍
നാം എന്തിനാണ് മരണത്തില്‍ കേഴുന്നത്?

Tuesday, September 25, 2012

പ്രകൃതി - നളിനാക്ഷന്‍ ഇരട്ടപ്പുഴ






അര്‍ക്കന്‍ അമ്പിളിയുടെ പ്രകാശത്തെ വെറുക്കുമായിരുന്നെങ്കില്‍
എനിക്കും നീയുമായുള്ള ചങ്ങാത്തം ഒഴിവാക്കാമായിരുന്നു.
ആകാശത്ത് നക്ഷത്രങ്ങള്‍ എത്രയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ നിന്നെ ഒരു വട്ടം പോലും നോക്കുമായിരുന്നില്ല.
കടല്‍ തിരകളുടെ ശബ്ദം നിയന്ത്രിചിരുന്നെങ്കില്‍
എന്റെ ഓര്‍മ്മചെപ്പില്‍ നിന്ന് നിന്നെ മായ്ച്ചു കളഞ്ഞേനെ.
ചെടികള്‍ ജലപാനമില്ലാതെ ജീവിച്ചിരുന്നെങ്കില്‍
എനിക്കും ജീവിക്കാമായിരുന്നു നിന്നെ കൂടാതെ.
എന്റെ ഉറക്കം കണ്പോള പൂട്ടാതെയായിരുന്നെങ്കില്‍
നിന്നെ കൂടാതെയുള്ള സ്വപ്നം എനിക്കു കാണാമായിരുന്നു.
ജീവന്റെ കണിക നിലനില്‍ക്കുവാന്‍ ശുദ്ധവായു ഇല്ലായിരുന്നെങ്കില്‍
എനിക്ക് പോവാമായിരുന്നു നിന്നെ കൂടാതെ.
വേര്‍പെടുത്താനാവാത്ത ഈ സ്നേഹബന്ധത്തെ
എന്റെ ജീവന്റെ ജീവനാം പ്രകൃതി ഞാന്‍ എന്ത് വിളിക്കും?

Thursday, September 20, 2012

എമെര്‍ജിംഗ് ഗള്‍ഫ്‌ മലയാളി - നളിനാക്ഷന്‍ ഇരട്ടപ്പുഴ



ഗള്‍ഫ്‌ മലയാളിയുടെ സ്വപ്ന പദ്ധതിക്ക് ചിറകു മുളചിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം വിമാന സര്‍വ്വീസായ 'എയര്‍ കേരള' തുടങ്ങുന്നതിനുള്ള തീരുമാനം ഏത് മലയാളിക്കും അഭിമാനവും പ്രത്യേകിച്ച് ഗള്‍ഫ്‌ മലയാളിക്ക് ആശ്വസവുമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി കാലതാമസമില്ലാതെ അതിന്റെ സാധ്യതകളും സാങ്കേതിക വശങ്ങളും പഠിക്കാന്‍ സിയാല്‍ എംഡി പി ജെ കുര്യനെ നിയമിച്ചതും വളരെ പ്രതീക്ഷയോടെയാണ് പ്രവാസിസമൂഹം നോക്കിക്കാണുന്നത്.




എയര്‍ ഇന്ത്യ പെലറ്റ് സമരവും അമിതമായ നിരക്ക് വര്‍ധനയും സാധാരണ പ്രവാസികളുടെ യാത്രാദുരിതം പതിന്മടങ്ങ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ‍ കേരളത്തിന്‍െറ സ്വന്തം വിമാന കമ്പനി എന്ന ആശയം വരുന്നതും, അതിന്റെ ഭാഗമായി കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് സിയാലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു സ്വന്തമായ ഒരു വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആശയം ഉയര്‍ന്നുവന്നതും. തുടര്‍ന്ന് 2005ല്‍ എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എല്‍ ഡി എഫ് ഭരണം വന്നതോടെ പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ പദ്ധതി യുഡിഎഫ് ഗവര്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ യാഥാര്‍ത്യമായിരിക്കയാണ്.

എയര്‍ കേരളയുടെ 26 ശതമാനം ഓഹരി കേരള സര്‍ക്കാരിനും സിയാലിനും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ്. 74 ശതമാനം പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കും. പ്രവാസികള്‍ ഉള്‍പ്പെടുന്ന നിക്ഷേപകരില്‍ നിന്നായി കുറഞ്ഞ നിക്ഷേപമായി പതിനായിരം രൂപ വീതം സമാഹരിച്ചു പദ്ധതി നടപ്പാക്കുക വഴി ജനകീയ വിമാന കമ്പനി എന്ന മുഖം ലഭിക്കുകയാണ്. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 200 കോടി സമാഹരിക്കും.

ആഭ്യന്തര സര്‍വീസാണ് തുടക്കത്തില്‍ ഉണ്ടാവുകയെങ്കിലും പിന്നീട് ഗള്‍ഫിലേക്കും മറ്റും സര്‍വീസ് ആരംഭിക്കുമെന്നതിനാല്‍ എയര്‍ കേരള പദ്ധതി ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ അനുഗ്രഹമാകും. പ്രവാസിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മെച്ചപെട്ട സേവനവും, കുറഞ്ഞ നിരയ്ക്കും, അധിക ലഗേജും, സമയബന്ധിത സര്‍വീസുമാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ ഈ സ്വപ്ന പദ്ധതി ശരാശരി ഗള്‍ഫ്‌ മലയാളിക്ക് ഗുണകരമാവു. വര്‍ഷങ്ങളോളം നാട്ടില്‍ പോവാന്‍ കഴിയാതിരിക്കുന്നവര്‍ക്ക് പത്തു ശതമാനം ടിക്കറ്റ്‌ റിസര്‍വ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം വളരെ സ്വഗതാര്ഹമാണ്.

അന്താരാഷ്ട്ര സര്‍വീസീനായി അനുമതി ലഭിക്കാന്‍ അഞ്ച് വര്‍ഷം ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തിയിട്ടുള്ള പരിചയവും 20 വിമാനങ്ങളും സ്വന്തമായി വേണമെന്ന കേന്ദ്ര നയത്തില്‍ മാറ്റമുണ്ടാക്കിയാലേ ഇതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് എത്രയും വേഗം ലഭിക്കുകയുള്ളൂ.

എന്നാല്‍ ഇതിനെ മറികടക്കാന്‍ കേരളത്തില്‍ നിന്നുള്ള എല്ലാ ജനപ്രതിധികളും മന്ത്രിമാരും കക്ഷി ഭേദമന്യേ വ്യോമയാന നിയമത്തില്‍ ഇളവു വരുത്തുന്നതില്‍ സമ്മര്‍ദം ചൊല്ത്തിയാല്‍ മാത്രമേ ഏത് വിലക്കുകളും നീക്കാന്‍ കഴിയുകയുള്ളൂ. എങ്കില്‍ മാത്രമേ മുപ്പതു ലക്ഷത്തോളം വരുന്ന ഗള്‍ഫ്‌ മലയാളികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. മാത്രവുമല്ല രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പിടിച്ചു നിര്തുന്നവര്‍ എന്ന് പ്രവാസികളെ കുറിച്ച് വാക്കിനു നൂറു വട്ടം പറയുന്നവര്‍ ഈ വിഷയത്തിലെങ്കിലും അല്മാര്‍ത്ഥമായി പരിശ്രമിക്കുകയും അങ്ങിനെ ഗള്‍ഫ്‌ മണലാരണ്യത്തില്‍ കഴിയുന്ന പ്രവാസി സമൂഹത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുകയും വേണം. അപ്പോഴാണ് ഗള്‍ഫ്‌ മലയാളിയും എമെര്‍ജു ചെയ്യുന്നത്.

Sunday, September 16, 2012

ജീവിത യാത്ര - നളിനാക്ഷന്‍ ഇരട്ടപ്പുഴ




പവിത്രമാം വരണമാല്യം
എന്‍ കഴുത്തില്‍ ചാര്ത്തിയിട്ട്,
ഒരു വഴി കാട്ടിയായ് അങ്ങ്
എന്‍ ജീവിതത്തില്‍ വന്നിട്ട്,
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന്‍ നാഥ...
ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി
ചുട്ടു പൊള്ളുന്ന മരുഭൂവില്‍
എരിയുന്ന മനസ്സുമായി
സ്വപ്ന സൌധങ്ങള്‍
കെട്ടിപടുക്കുവാന്‍ യാത്രയായിട്ട്
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന്‍ നാഥ...


എങ്കിലും നാം
സമ്പത്ത് നേടി, സന്താനങ്ങളെ നേടി,
സ്നേഹ ബന്ധങ്ങള്‍ക്ക് ദൃഡത നേടി
ജീവിതം മാത്രം ബാക്കിയായി.
ഇനിയും കാല ചക്രം തിരിയും
നിലാവും രാത്രിയും വന്നിടും
പൂക്കളും കായ്കളും കായിചിടും
ജീവിതത്തിന്‍ തേന്‍ നുകരുവാന്‍
ഈ ശലഭമിനി
എത്ര നാള്‍ കാത്തിരിക്കും?

Friday, September 7, 2012

പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള-നളിനാക്ഷന്‍ ഇരട്ടപ്പുഴ


പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള-
നളിനാക്ഷന്‍ ഇരട്ടപ്പുഴ




കേരളം വളരെയധികം പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള എന്ന നിക്ഷേപക സംഗമ പരിപാടിയെ അടിസ്ഥാന രഹിതമായ വിവാദങ്ങളു ണ്ടാക്കി പിന്നോട്ടടിപ്പിക്കുന്ന സമീപനം വികസനത്തിന് വേണ്ടി കാത്തിരിക്കുന്ന ജനതയോടുള്ള വെല്ലു വിളിയാണ്. കേരളത്തെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങളും പദ്ധതികളുമാണ് ഇവിടെ മുന്നോട്ടു വെക്കുന്നത്. മാത്രവുമല്ല കേരളത്തിലെ നിക്ഷേപ സാധ്യതകളും അവസരങ്ങളും സംസ്ഥാനത്തിന് പുറത്തുള്ളവരെ ബോധ്യപ്പെടുത്തുകയുമാണ് എമെര്ജിംഗ് കേരള കൊണ്ട് ലക്ഷ്യമിടുന്നത്.

ഉമ്മന്ചാണ്ടി സര്ക്കാരിന്റെ വികസന പദ്ധതികളെ വിവാദത്തില്പ്പെടുത്തി നിശ്ചലമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അവകാശികള് തങ്ങള് മാത്രണെന്ന മട്ടിലുള്ള ഒരു പിന്തിരിപ്പന് സമീപനമാണ് ഇവര് പുലര്ത്തുന്നത്. വികസനം എന്നവാക്കിനു പരിസ്ഥിതി നാശം എന്ന അര്ത്ഥം കല്പ്പിച്ച് നാടിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനത്തെ ചെറുത്തു തോല്പിക്കണം.

നാടിനും ജനങ്ങള്ക്കും ഇണങ്ങുന്ന വിധത്തില് വികസിത കേരളം കെട്ടിപ്പടുക്കാനുള്ള ചുമതലാബോധത്തോടെയുള്ള മുന്നേറ്റമാണ് ഉമ്മന്ചാണ്ടി സര്ക്കാരിന്റെ ലക്ഷ്യം. റോഡുകളും, തുറമുഖവും, തീവണ്ടിപ്പാതകളും, ടൂറിസം വികസനവും, ഐടി - സയന്സ് മേഖലകള് നല്കുന്ന സാധ്യതകളുടെ വിപുലീകരണവും, പെട്രോളിയം അനുബന്ധ വ്യവസായ മുന്നേറ്റവും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ സമഗ്രവികസനവുമെല്ലാം എമെര്ജിംഗ് കേരളയുടെ ലക്ഷ്യങ്ങളാണ്.

ജനങ്ങളുടെ പ്രതീക്ഷയ്ക്കും താല്പര്യങ്ങള്ക്കും മങ്ങലേല്ക്കാതെ തികച്ചും സുതാര്യമായ രീതിയില് നടപ്പിലാക്കുന്ന ഏത് പദ്ധതിയായാലും അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് അല്ലാതെ വരട്ടു വാദങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്ന വികസന വിരോധികളെ തിരിച്ചറിയണമെന്ന് ഈ അവസരത്തില് ആവശ്യപെടുകയാണ്.





Wednesday, August 8, 2012

"ക്വിറ്റ് ഇന്ത്യ''

"ക്വിറ്റ് ഇന്ത്യ'' - ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ ഭാഗമാണ് ഈ മുദ്യാവാക്യം. 1942 ഓഗസ്റ്റ് ഒന്‍പതിനാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ആ മഹാ സമരത്തിന്‍റെ എഴുപതാം വാര്‍ഷിക ദിനമാണ് ഇന്ന്.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് സമരം നയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു. ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. മുബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്.


ഇന്ത്യ വിടുകയെന്ന് ബ്രിട്ടീഷ്കാരോട് ആവശ്യപ്പെടുന്നതിനൊപ്പം ഇന്ത്യക്കാരുടെ മനസാക്ഷിയെ ഉണര്‍ത്താനും കോണ്‍ഗ്രസിനെ നയിച്ച മഹാത്മാ ഗാന്ധി ഉറപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അതേവേദിയില്‍ മറ്റൊരു മുദ്രാവാക്യം കൂടിയുണ്ടായി - "പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക''. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനായി ഉടലെടുത്ത പ്രധാന സമര പ്രഖ്യാപനങ്ങളിലൊന്നുകൂടിയാണിത്.

സമരപ്രഖ്യാപനം നടത്തിയതിന് അടുത്ത ദിവസം തന്നെ(ഓഗസ്റ്റ് 9) ബ്രിട്ടീഷധികാരികള്‍ ഗാന്ധിജിയെയും പ്രമുഖ നേതാക്കളെയും അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അധികാരികള്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചതോടെ ഗാന്ധിജിയുടെ ‘അഹിംസ' മറന്ന ജനത തീവ്രമായി തിരിച്ചടിച്ചു. രാജ്യം മുഴുവന്‍ അക്രമത്തിന്‍റെ പാതയിലൂടെ സമരക്കാര്‍ ബ്രിട്ടീഷ് നയങ്ങളെ എതിര്‍ത്തു.

പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പകച്ച ബ്രിട്ടീഷ് ഭരണകൂടം ജയിലിനുള്ളിലുള്ള നേതാക്കള്‍ക്കു നേരെ തിരിഞ്ഞു. അന്യായമായി ജയിലില്‍ തടഞ്ഞുവച്ച നേതാക്കളുടെ മോചനത്തിനായി ഗാന്ധിജി 21 ദിവസം ജയിലിനുള്ളില്‍ നിരാഹാരസമരം നടത്തി. 1943 മാര്‍ച്ച് മൂന്നിന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഗാന്ധിജിയുടെ പുത്തന്‍ സമരമാര്‍ഗത്തിനു മുന്നില്‍ ബ്രിട്ടീഷുകാര്‍ തോല്‍വി വഴങ്ങി.
 
ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നടത്തിയത് അത് അഹിംസമാര്‍ഗത്തില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹത്തോടെയായിരുന്നു. സമരങ്ങള്‍ അക്രമത്തിലേക്ക് നീങ്ങിയത് ഗാന്ധിജിയെ പ്രതിക്കൂട്ടിലാക്കി. എന്നാലും ഇന്ത്യ സ്വതന്ത്രമാകുന്ന നിമിഷം വരെ ദേശസ്നേഹികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആ മുദ്രാവാക്യം വിളിച്ചു - ‘ക്വിറ്റ് ഇന്ത്യ’

Tuesday, April 3, 2012

എന്റെ പ്രിയ നാടെ - നളിനാക്ഷന്‍ ഇരട്ടപ്പുഴ

എന്റെ പ്രിയ നാടെ - നളിനാക്ഷന്‍ ഇരട്ടപ്പുഴ






ഞാന്‍ നടന്ന വഴികള്‍
ഞാന്‍ നീരാടിയ
കുളങ്ങള്‍, തോടുകള്‍
എല്ലാം അന്യമായിരിക്കുന്നു.
ഇന്നലത്തെ നാട്ടു വഴികള്‍
ഇന്ന് ടാറിട്ട റോഡുകള്‍
കുളങ്ങള്‍, തോടുകള്‍
ഇന്ന് വഴി മാറി
കോണ്‍ക്രീറ്റ് സൌധങ്ങള്‍.
എന്റെ കളി കൂട്ടുകാര്‍
പഴയ സൌഹൃദങ്ങള്‍ക്ക്
വിട നല്‍കി
ഇന്റര്‍ നെറ്റുമായി
പരിണയിക്കുന്നു.
കൂട്ട് കുടുംബങ്ങള്‍
കലഹ പ്രിയരായി
സ്വത്തുപകുത്തു നല്‍കുന്നതില്‍
യദുകുലമായി തീരുന്നു.
മതവും ജാതിയും
മന്ത്രിയെ നിയമിക്കുന്നതിലും
തന്ത്രിയെ കുരുക്കുന്നതിലും
പ്രാവീണ്യം നേടിയിരിക്കുന്നു.
എങ്കിലും എന്റെ നാട്,
നല്ല നാട്
ദൈവത്തിന്റെ സ്വന്തം നാട്?