Sunday, August 30, 2015

കുട - നളിനാക്ഷൻ ഇരട്ടപ്പുഴ


എന്നും 
ഒരു തണലായ്‌ 
എനിക്കൊരു കുടയുണ്ട്.

ദുരിതം വിതക്കും
പെരുമഴയിലെനിക്ക് 
ഒരു തുണയായ്‌ 
എനിക്കൊരു കുടയുണ്ട്.

ദിശ തെറ്റി വരുന്ന 
കാറ്റിലും കോളിലും 
ഒരു തടയായ്‌ 
എനിക്കൊരു കുടയുണ്ട്.

വറുതിയിൽ തിരിയും 
പെരുവയറിനെ 
ഒരു മറയാക്കാൻ 
എനിക്കൊരു കുടയുണ്ട്.

എല്ലാ
സുഖ ദുഃഖങ്ങളിലും 
എന്നും നിഴൽ പോൽ  
ഇണയായെനിക്കൊരു കുടയുണ്ട്.

വിഷമവൃത്തം - നളിനാക്ഷൻ ഇരട്ടപ്പുഴ

ഇരയെ പിടിക്കാൻ 
ചെറുമീനിനെ കൊളുത്തി 
വാ പിളർന്ന 
ഒരു ചൂണ്ടയുണ്ട് പിറകിൽ...
തെളി നീരിൽ വിഷം ചേർത്ത് 
കുടി നീരിൽ മായം ചേർത്ത് 
ഭീതിയുടെ കരിമ്പടം വിരിച്ചു 
ഒരു വലവീശുകാരനുണ്ട് പിറകിൽ... 
യുവ മനസ്സിൽ മോഹത്തിൻ 
മദഗന്ധ പൂക്കൾ വിരിയിച്ച്  
അത്ഭുതം സൃഷ്ടിക്കും 
മാജിക്കുകാരനുണ്ട് പിറകിൽ...
അരുതെന്ന് പറഞ്ഞും 
അരുതായ്മ ചെയ്തും 
ചെറുതായി പോവുന്ന 
ലോകത്തിലാണ് നമ്മൾ...
പറയുന്ന വാക്കിന്റെ 
പതിര് തിരിയാതെ 
നട്ടം തിരിയുന്ന 
തലമുറയിലാണ് നമ്മൾ...
മനസാക്ഷിയില്ലാത്ത 
ഹൃദയവും പേറി
നേരിനെ കാണാതെ  
തിമിരവും ബാധിച്ച് 
തപ്പി തടയുന്നു മർത്ത്യർ ...