Tuesday, February 28, 2017

എഴുപത് ശീലങ്ങൾ


എഴുപത് ശീലങ്ങൾ
നളിനാക്ഷൻ ഇരട്ടപ്പുഴ 

നിശബ്ദതയുടെ നരച്ച രാത്രിയിൽ 
മഞ്ഞിൻ കണങ്ങളെ തേടി 
നടക്കുന്ന പാതിരാ പൂക്കൾക്ക് 
ഉറങ്ങാതെ കൂട്ടിരിക്കുന്നു 
പൂനിലാവ്.
പുഞ്ചിരി തൂകി 
പ്രഭാതത്തെ വരവേറ്റ് 
അരുണാഭ ശോഭ വിതറി  
ഉദയസൂര്യൻ നിറഞ്ഞു നിന്നു.
വരണ്ട ഭൂമിയുടെ  
തപിക്കുന്ന ആത്മാവിന് 
കുളിർ സ്പർശമാകുന്നു   
കാലം തെറ്റി മാത്രം 
പെയ്യുന്ന മഴ.
ദാഹ നീരിനായ് കേഴുന്ന 
ഭൂമിക്കു വേണ്ടി  
ആർത്തലച്ചു പെയ്യാനാവാതെ 
മാനം മുട്ടെ നിറഞ്ഞു 
നിൽക്കുന്ന മഴ മേഘം
ഇപ്പോഴും 
കാലം തെറ്റിയലയുന്നു.
അടുക്കും ചിട്ടയുമായി 
പോയിരുന്ന കാലങ്ങൾക്കിന്ന് 
എഴുപത് ശീലങ്ങൾ.   

ഒരിടമെനിക്കു വേണം


ഒരിടമെനിക്കു വേണം
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഇന്നലകളിലെ ഓർമയിൽ 
ജ്വലിച്ചു നിന്നിരുന്ന, 
സൗഹൃദങ്ങൾ സുകൃതമായ, 
അതിർ വരമ്പുകളില്ലാത്ത 
ഒരിടമെനിക്കു വേണം.

നാട്ടിൻപുറത്തെ ചായക്കടകളിൽ 
സ്നേഹത്തിൻ കുശലം പറയുന്ന,
കശുമാവിൻ തണലിൽ 
കിളിർത്തു തളിർക്കുന്ന 
കപടതയില്ലാത്തൊരിടം വേണം.

ജാതിയും മതങ്ങളും 
സ്ത്രീയും പുരുഷനും 
കറുത്തവനും വെളുത്തവനും 
തോളോടുതോൾ ചേർന്നു 
സ്നേഹ ഗംഗയായ് 
ഒഴുകുന്നൊരിടം വേണം.
 
ഹൃദയങ്ങളെ തമ്മിൽ 
പകുത്തു നിർത്തുന്ന 
മതിലുകളില്ലാത്ത, 
സ്നേഹ സൗഹൃദം മാത്രം 
തുളുമ്പുന്നൊരിടമെനിക്കു വേണം.




ജീവന്റെ മൃതസഞ്ജീവനി തേടി


ജീവന്റെ മൃതസഞ്ജീവനി തേടി 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഭൂമിയുടെ 
പഴയകാല പ്രൗഡിയെക്കുറിച്ച് 
വരും തലമുറക്കായി 
വിവരിച്ചു നൽകാൻ 
പാടുപെടുന്ന ഒരു ജന്മമായ് 
നാം മാറും.
നമ്മുടെ ഭൂമിയിൽ 
കൊച്ചുകൊച്ചു ചീവീടുകൾ മുതൽ 
വലിയ വലിയ ആനകളും, 
പ്രകൃതിയെ വർണാഭമാക്കുന്ന 
ചെടികളും പൂക്കളും 
ഉണ്ടായിരുന്നെന്നും 
ഇന്റർനെറ്റിൽ ബ്രൗസ് ചെയ്ത് 
വിവരിക്കാൻ പാടുപെടുന്നൊരു 
കാലം വരും.
പറവകൾ പാറിപ്പറന്ന് 
ചേക്കേറിയ ചില്ലയെ കുറിച്ച് 
കഥകളോരോന്നും പറയുന്ന 
കാലം വരും.
മഴയെ സ്വാഗതമരുളുന്ന 
മയിലാട്ടങ്ങളെ 
ഡിസ്‌കവറി ചാനൽ 
തേടി പോവേണ്ട കാലം വരും.
പുഴകളും  തോടുകളും 
നിറവിന്റെ നീർചാലുകളാണെന്ന  
മുത്തശ്ശി കഥയായി മാറുന്ന 
കാലം വരും.
നിളയൊഴുകാൻ മറന്ന വഴികളിൽ, 
ഊഷരതയെ  പ്രാപിച്ച പാരിൽ നിന്നും 
ജീവന്റെ മൃതസഞ്ജീവനി തേടി 
അന്യഗ്രഹങ്ങളിലേക്കൊരു 
പാലായനം ചെയ്യുന്ന കാലം വരും.

നാട്ടുനടപ്പ്


നാട്ടുനടപ്പ് 
നളിനാക്ഷൻ ഇരട്ടപ്പുഴ 

ഏഴര വെളുപ്പിന് എഴുന്നേൽക്കണം 
കെട്ടിയവന്റെ കാലു തൊട്ടുവന്ദിക്കണം 
ഈറനണിഞ്ഞു തുളസി കതിർചൂടി 
അന്നപാനങ്ങൾ തയ്യാറാക്കണം 
അതാണ് നാട്ടുനടപ്പ്‌.

പെണ്ണിന്റെ ശബ്ദം പുറത്തു കേൾക്കരുത് 
ആണുങ്ങളുടെ കൺവെട്ടത്തു കാണരുത് 
കാലടികൾ വെക്കുമ്പോൾ ഒച്ചയരുത് 
ആജ്ഞകൾ കേട്ട് പ്രവർത്തിക്കണം 
മറുത്തൊന്നും പറയാതെ 
അനുസരണയുള്ളവളാവണം 
അതും ഒരു നാട്ടുനടപ്പ്‌.

ഒടുവിൽ കലാലയങ്ങളിലും,
തൊഴിടങ്ങളിലും, യാത്രകളിലും,
വീടിന്റെ ഇരുണ്ട മുറികളിലും 
അനുഭവിക്കുന്ന പീഡനങ്ങളെ 
പ്രതിരോധിക്കാനാവാതെ  
സ്വയം നീറുന്നതും നാട്ടുനടപ്പ്.

Monday, February 13, 2017

എന്താണീ പ്രണയം


എന്താണീ പ്രണയം 
നളിനാക്ഷൻ ഇരട്ടപ്പുഴ 

വിരഹത്തിന്റെ തടവറയിലെ  
ഏകാന്തതയുടെ നോവാണ് 
പ്രണയം.
രാജ്യങ്ങൾക്കപ്പുറം 
പാലായനം ചെയ്തവരുടെ 
ഹൃദങ്ങളുടെ നിലവിളിയാണ് 
പ്രണയം. 
കാത്തിരിപ്പിന്റെ കനലിനെ 
തണുപ്പിക്കാൻ പ്രളയമായി 
വരുന്ന മഹാസാഗരമാണ് 
പ്രണയം.
കടവിൽ 
കടത്തു വഞ്ചി കാത്തിരിക്കുന്ന 
ഒരു നിത്യ സഞ്ചാരിയാണ് 
പ്രണയം. 
ഒരു ചെറുപുഞ്ചിരിയിൽ 
ഹൃദയങ്ങളിൽ പൂവിടുന്ന 
അമൃത ലാവണ്യമാണ്‌ 
പ്രണയം.
കരയെ പുണരാൻ വരുന്ന 
കടലിനെ പോലെയാണ് 
പ്രണയം.
സ്വപനങ്ങളുടെ സൂര്യോദയവും 
പ്രതീക്ഷകളുടെ ചന്ദ്രോദയവും 
ചേർന്നതാണീ പ്രണയം. 

Friday, February 10, 2017

അപൂർണ്ണമായ പുസ്തകതാളുകൾ


അപൂർണ്ണമായ പുസ്തകതാളുകൾ 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

ആരും എഴുതി തീർക്കാത്ത    
അപൂർണ്ണമായ പുസ്തകതാളിലേക്ക്  
നിന്നെ കുറിച്ച് എഴുതപ്പെടുമ്പോൾ 
മഷി നിറഞ്ഞു നിന്നിരുന്ന  
പേന ശൂന്യമായിരുന്നു.
പൊടിപ്പും തൊങ്ങലും വെച്ച 
വാക്കുകൾ കൊണ്ട്  
മെനഞ്ഞെടുത്ത കഥകൾക്കൊപ്പം 
എല്ലാം ഉൾവലിഞ്ഞു  പോയിരുന്നു.
സ്നേഹത്തിലകപ്പെട്ട് തരളമായ് 
പോവുന്ന സ്ത്രീ സമർപ്പണത്തെ 
കഥകളായ് പരിവർത്തനം 
ചെയ്യപ്പെടുമ്പോൾ 
മരവിച്ച മനസുകൾക്ക് 
പ്രതികാരത്തിന്റെ പകയായിരുന്നു.
പിഴച്ചതെന്ന് പഴിച്ചും, 
പഴികൾ കേട്ട് തളർന്നും 
മുടിഞ്ഞു പോയ ജന്മമെന്ന 
കഥകൾ പ്രചരിക്കപ്പെട്ടിട്ടും 
ഉള്ളിൽ നീറുന്ന തീ കെടുത്താൻ 
കണ്ണിന്റെ ആഴങ്ങളിൽ നിന്ന്  
ഒഴുകി വന്ന ആഴികൾ 
ശ്രമിച്ചു കൊണ്ടേയിരുന്നു.
സ്നേഹ സമർപ്പണത്തിൻ 
ഇരുൾ നിറഞ്ഞ വഴികളിൽ 
അടിതെറ്റി പോവുന്നവരെ 
കുറിച്ച് എഴുതപ്പെടാതെ 
സ്വയം പിൻവലിഞ്ഞപ്പോൾ 
കാലം മൗനത്തിന്റെ 
കഥകൾ രചിക്കുന്നു.

Thursday, February 9, 2017

വൃദ്ധ സദനം

വൃദ്ധ സദനം 
ഒരു തടവറയാണ്.
പലയിടങ്ങളിൽ നിന്ന്
മക്കളെ നോക്കി  
പണവും പ്രതാപവും 
നേടിക്കൊടുത്തുവെന്ന 
ഒറ്റ കാരണം കൊണ്ട് 
ശിക്ഷിക്കപ്പെട്ടവർ.
എല്ലാവർക്കും 
ഒരേ മുഖം, 
ഒരേ ഭാവം, 
ദൈന്യതയുടെ....
എല്ലാവരും 
ഒരേ കുറ്റം  ചെയ്തവരും 
ഒരേ ശിക്ഷ 
അനുഭവിക്കുന്നവരും. 
കുറ്റവാളികളെ പോലെ
നമ്പറു കുത്തി 
സെല്ലുകൾ കണക്കെ 
ഓരോരോ കട്ടിലുകളിൽ 
ശിക്ഷയനുഭവിക്കുന്ന 
കൂട്ടുപ്രതികൾ.
എല്ലാം 
കാലചക്രത്തിന്റെ മാറ്റത്തിൽ 
പെറ്റതും പോറ്റതും 
പഴങ്കഥയായ് മാറുന്ന,
പാഴ് ജന്മങ്ങളുടെ തടവറ.

വിണ്ടുകീറിയ ആറ്




വിണ്ടുകീറിയ ആറ് 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

അന്ന് 
ദാഹം ശമിപ്പാനായ് 
കൈകുമ്പിളിൽ 
കോരിയെടുത്ത  
ആറ്റു നീരിൽ 
എന്റെ മുഖമായിരുന്നു.

ഇന്ന് 
വിണ്ടുകീറിയ ആറ്റിന്റെ 
അടിത്തട്ടിലെൻറെ 
ഏച്ചുവലിഞ്ഞ 
പൂർണ്ണപാദം.

നാളെ 
ദാഹജലം കിട്ടാതെ 
മൃത്യുവരിച്ച 
എന്റെ 
ജഡമായിരിക്കാം 
അവിടെ...

Wednesday, February 8, 2017

ഓർമകളിൽ ഇന്നും





ഓർമകളിൽ ഇന്നും 
         നളിനാക്ഷൻ ഇരട്ടപ്പുഴ 

സ്നേഹം ചാലിച്ച് 
പിഞ്ചു കൈപിടിച്ച് 
ജീവിതത്തിന്റെ നല്ലവഴികളിലൂടെ 
നടത്തിയ എൻ മാതൃഹൃദയമേ 
ചലനമറ്റു കിടക്കുന്ന 
നിന്റെ നെറുകയിൽ  
ഞാനൊന്ന് ചുംബിച്ചോട്ടെ.
നൊന്തു പ്രസവിച്ച 
മാതൃഹൃദയത്തെ 
നോവിച്ച നോവുകൾ 
തിരകൾ പോലെയെൻ 
ആത്മാവിൽ വിങ്ങവേ,
വ്രണിത ഹൃദയവുമായി 
ഈ ലോകത്തോട് 
വിടചൊല്ലിയ അമ്മേ  
ഞാനെന്ത് പ്രായശ്ചിത്തമാണ്  
നിന്നോട് ചെയ്യുക.
നിൻ ആത്മാവിലെ 
വേദനകളൊക്കെ  
ചിതയിൽ പൂർണ്ണമായ് 
കത്തിയെരിയുമ്പോഴും 
നോവിൻ ഓർമ്മകൾ
എൻ ഹൃദയത്തിൽ 
ഒരു വിങ്ങലായ് 
നീറി കൊണ്ടിരിക്കുന്നു.
ചന്ദനമണം തൂകും 
കാറ്റുകളിൽ 
അമ്മയെന്ന 
സ്നേഹ സൗരഭ്യം 
പരക്കുമ്പോഴും 
ഓർമകളിൽ ഇന്നും 
മാതൃഹൃദയത്തെ 
നോവിച്ച നിഷേധത്തിന്റെ 
ചെരാതുകൾ മങ്ങി കത്തുന്നു.

Sunday, February 5, 2017

ജീവിത പാത



ജീവിത പാത 
നളിനാക്ഷൻ ഇരട്ടപ്പുഴ 

പാതകളോരോന്നും 
താണ്ടി പിന്നിടുമ്പോൾ 
വിദൂരമായി പോവുന്നു 
ലക്ഷ്യങ്ങളോരോന്നും.
താണ്ടിയ പാതകൾ 
കല്ലും മുള്ളും നിറഞ്ഞതും 
ദുരിതക്കയത്തിൻ 
ദുർഘടത്തിലാണെങ്കിലും 
ഇല്ല ഇനിയൊരു 
മടക്കമില്ലെൻ ചിന്തയിൽ.
ആളും അർത്ഥവും 
ഇല്ലാത്തൊരു വഴിയിൽ 
ലക്ഷ്യത്തിലെത്തുവാൻ 
ഞാൻ തനിച്ചാവുന്നു.
പൂർവ്വികർ വെട്ടിയ 
വഴികളോരോന്നും 
തേടുമ്പോഴൊക്കെയും 
ദിശതെറ്റി പോവുന്നു 
ലക്ഷ്യത്തിലെത്തുവാൻ.
മിത്രങ്ങളൊക്കെയും 
കൂടെയുണ്ടാകുമെന്നു 
ധരിച്ചുവെന്നാകിലും 
ഇതൾ പോലെ 
പിരിഞ്ഞു പോയ്‌ 
ആദ്യപാദത്തിൽ.
ഇനിയാവില്ലെനിക്കിനി 
പിന്നോട്ട് പോകുവാൻ 
നേരും നെറിയുള്ള 
നല്ല നാളേക്ക് വേണ്ടി.

Thursday, February 2, 2017

ഒരു കുമ്പസാരം





ഒരു കുമ്പസാരം  
        നളിനാക്ഷൻ ഇരട്ടപ്പുഴ 

ശരിയാണ് 
നിന്നെ നിന്നിൽ നിന്ന് 
പിഴുതെറിഞ്ഞതാണ് 
ഇന്നിന്റെ വലിയ പാപം.
നിന്റെ ഛായകളെന്നു 
നിനച്ചു 
ജീവൻ നഷ്ടപ്പെട്ട കാഴ്ചകൾ. 
ഇന്നലെകളിൽ നിന്നെ  
തകർത്തെറിയാൻ  
തുനിഞ്ഞവർ തിരിച്ചറിയുന്നുണ്ട്
വെള്ളത്തിനും വായുവിനും 
വേണ്ടിയാചിക്കുമെന്ന്. 
ജീവന്റെ ശ്വാസം 
നിലനിർത്തുവാനായി 
നീ മാത്രമേയുള്ളൂ 
അനുഗ്രഹിപ്പാൻ.
മഴയില്ലാ മാനത്തു 
കാർമേഘമില്ല 
തണുവാർന്ന കാറ്റില്ല 
കല്ലോലിനിയില്ല.
മണ്ണ് വരണ്ടും 
കടല് തിളച്ചും 
എങ്ങും വെയിൽ പക്ഷി 
മുരളുന്ന മേടകൾ മാത്രം.
മുറ്റത്തും പാടത്തും 
പെയ്ത മഴയുമില്ല, 
മഞ്ഞും മാരിവില്ലുമില്ല 
തീപാറും വെയിലിന്റെ 
തീക്കനൽ മാത്രം.
കരകവിഞ്ഞൊഴുകിയ 
പുഴകളുമില്ല, തോടുകളുമില്ല 
നട്ടുനനച്ചു ചെടികളിൽ 
ഒരുമയിൽ വിളഞ്ഞൊരു 
കായ്‌ഫലവുമില്ല. 
മധുര ശബ്ദം പൊഴിക്കും 
കിളികളുമില്ല, പറവകളുമില്ല.
നന്മ നശിച്ചും തിന്മ നിറഞ്ഞും
പച്ച നിറഞ്ഞ മണ്ണിൽ നിന്നും 
പച്ചയടർന്ന മരുകാടായ്‌ 
ചുറ്റും താളം പിഴച്ചു  
താണ്ഡവമാടുന്ന 
ദുരിത കാലം.