Thursday, December 6, 2018

വിശ്വവലയിലെ സുന്ദരി - കഥ

'ഇത്രയും ദുരിതം നിറഞ്ഞ ജീവിതമായിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ ഇറങ്ങിപ്പോരില്ലായിരുന്നു.  കൂടെ വന്നാൽ നിന്നെ രാജകുമാരിയെപോലെ നോക്കിക്കൊള്ളാമെന്ന ജയിസലിന്റെ വാക്ക് കേട്ടിട്ടാണ് എല്ലാം ഉപേക്ഷിച്ചു പോന്നത്. ജെയ്‌സൽ ഇനിയും മുന്നോട്ടു പോവാൻ കഴിയില്ല' 

സോണിയുടെ ആത്മഹത്യ കുറിപ്പിലെ അവസാന വാചകം ഇതായിരുന്നു.

ആരെയും വകവെക്കാതെ ലക്കുംലകാനുമില്ലാതെ സഞ്ചരിച്ച ഓരോ ദിനങ്ങളും ആർത്തലക്കുന്ന കടൽ പോലെ മനസ്സിൽ തിരകൾ അടിച്ചു കൊണ്ടിരുന്നു. 

കഠിനമായ ചൂടിൽ നിന്നിരുന്ന സൂര്യൻ സന്ധ്യയിലേക്കു ചേക്കേറിയിട്ടും ജയിസലിന്റെ ശരീരം വിയർത്തൊലിക്കുന്നുണ്ടായിരുന്നു..

ജയിസലിന്റെ ദുബായിലെ ബിസിനസ്സിന്റെ വളർച്ചയിൽ നാട്ടുകാരും വീട്ടുകാരും അസൂയാലുക്കളാണ്. വളരെ പാവപ്പെട്ട ഒരു മത്സ്യതൊഴിലാളി കുടുംബത്തിൽ വളർന്ന അവന്റെ ഉയർച്ച ശരവേഗത്തിലായിരുന്നു. സമ്പന്നതയുടെ ഉയരങ്ങൾ കീഴടക്കുന്നത് അവൻ തന്നെ വിശ്വസിക്കാത്ത വിധത്തിലായിരുന്നു. അതെല്ലാം അവൻ ഒരുതരം  ഹരത്തോടെയാണ് ആസ്വദിച്ചിരുന്നത്.

എന്നാൽ എല്ലാം തകർത്തടിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഫേസ്ബുക്കും, മെസഞ്ചറും, വാട്ട്സ്ആപ്പും ജയിസലിന്റെ ഒരു ബലഹീനതയായിരുന്നു. ഊണിലും ഉറക്കത്തിലും ആരൊക്കെ കാത്തിരിക്കുന്ന തോന്നൽ അവനെ കൂടുതൽ സമയം അതിലേക്കു വലിച്ചിഴച്ചു.

'ഹായ്'
എന്ന ഒരു മെസ്സേജ് മെസഞ്ചറിൽ വന്നത് ജയിസൽ ആദ്യമൊന്നും കാര്യമാക്കിയില്ല. അല്ലെങ്കിലും അപരിചിതരുടെ ധാരാളം മെസ്സേജുകൾ ഇൻബോക്സിൽ വന്നാൽ വായിക്കാതെ തന്നെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്.

വീണ്ടും വീണ്ടും അവളുടെ സന്ദേശങ്ങൾ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ വന്നു കൊണ്ടിരുന്നു.

'ഹായ്''
 
'സുഖമാണോ എന്റെ പ്രേമഭാജനമേ'
 
ഇത്തവണത്തെ സന്ദേശം അതായിരുന്നു. ഒപ്പം സൗന്ദര്യം പൊട്ടിയൊഴുകുന്ന ചില ഫോട്ടോകളും.

ആദ്യമൊക്കെ വന്ന മെസ്സേജുകൾ ഗൗനിക്കാതിരുന്ന ജൈസൽ അവളുടെ പ്രൊഫൈലിൽ ഒന്നു പരതി നോക്കി.എസ്റ്റോണിയൻ വംശജയാണ്. അവിവാഹിത. ഒരു കുട്ടിയെ ദത്തെടുത്തു വളർത്തുന്നു.
 
പേര് - 'ഒലീവിയ'
'എന്റെ സമ്മതമില്ലാതെ എന്നെ വലവിരിച്ച മാദകസുന്ദരി'. 

അവളുടെ ആകർഷണീയ സൗന്ദര്യം  ഒരു കാന്തത്തിന്റെ വശ്യതയോടെ അയാളെ ആകർഷിച്ചു.

'ദിവസം മുഴുവന്‍ നിന്നെ ആലിംഗനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്റെ പുഞ്ചിരിക്കുന്ന മുഖം കാണാൻ വല്ലാതെ കൊതിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്റെ പ്രിയപ്പെട്ട രാജകുമാര...' 

എന്നായിരുന്നു ഒലിവിയ ഇത്തവണ തന്റെ മെസ്സഞ്ചറിൽ കുറിച്ചത്.  

'എന്റെ മാലാഖേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നമ്മള്‍ ഉടന്‍ കണ്ടുമുട്ടും'.  എന്നായിരുന്നു ജൈസൽ അവൾക്കായി കുറിച്ചത്.

'ഭാവസാന്ദ്രമായ, വിടർന്ന മിഴികളുള്ള, അഴകാർന്ന അധരങ്ങളാൽ വശ്യമായ പുഞ്ചിരിയോടെ നിൽക്കുന്ന ഈ അതിസുന്ദരിയെ ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. വിണ്ണിൽ നിന്നും അങ്ങകലെ മണ്ണിൽ വന്നിറങ്ങിയ താരകമാണവൾ' - ജെയ്‌സൽ തന്റെ മനസ്സിൽ ഒലീവിയയെ കുറിച്ചു കവിതകൾ രചിച്ചു.

എസ്റ്റോണിയൻ ചരിത്രവും സംസ്കാരവും മറ്റും നന്നായി അറിയാവുന്നതു കൊണ്ട് അവളുമായി  സൗഹൃദം കൂടാൻ കൂടുതൽ താല്പര്യം തോന്നി.

സോവിയറ്റ് യൂണിയന്‍ പലതായി ചിതറിപ്പോയപ്പോള്‍ ശേഷിപ്പിച്ചത് നിരവധി തര്‍ക്കപ്രദേശങ്ങളും കുരുതി നിലങ്ങളുമാണ്. അതിലൊന്നാണ് അബ്ഖാസിയ. റഷ്യയും ജോര്‍ജ്ജിയയും ഒരു പോലെ കൈവശപ്പെടുത്താനാഗ്രഹിക്കുന്ന ഒരു പ്രദേശം. റഷ്യയുടെ പിന്തുണയോടെ സ്വതന്ത്രമായി നില്‍ക്കാനാണ് അബ്ഖാസിയക്ക് താല്‍പര്യം. അവിടത്തെ വെടിയൊച്ചകള്‍ മുഴങ്ങിത്തുടങ്ങിയ ഒരു എസ്‌റ്റോണിയന്‍ സെറ്റില്‍മെന്റിലെ കഥകൾ എന്റെ മനസ്സിൽ ആ നിമിഷം  മിന്നിമറഞ്ഞു.. 

അവളെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം കൂടി.

'എന്ത് ചെയുന്നു'

'അച്ഛൻ ആർമിയിൽ ആയിരുന്നു. എസ്റ്റോണിയൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണശേഷം ചെറിയ ബിസിനസുമായി കഴിയുന്നു'

എസ്റ്റോണിയൻ അതിർത്തിയിൽ നടന്ന വെടിവെപ്പിനെ കുറിച്ചു പറഞ്ഞപ്പോൾ  വെറുപ്പാണ് തോന്നിയത്. മറ്റൊരു രാജ്യത്തിന്റെ മേൽ കടന്ന് കയറി അധീശത്വം സ്ഥാപിക്കുകയാണ് പലപ്പോഴും നടക്കുന്നത്.  ഓരോ രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തെയും സർവാധികാരത്തെയും ഇടക്കൊക്കെ മറന്നു തിണ്ണമിടുക്കു കാട്ടുന്നു

അതിരുകളില്ലാതിരുന്ന വിശാലഭൂഭാഗങ്ങള്‍ക്കുള്ളില്‍ കെട്ടിപ്പൊക്കുന്ന അതിര്‍ത്തികള്‍ വേര്‍പ്പെടുത്തുന്ന ജീവിതങ്ങളും ബാക്കിയാക്കുന്ന ചോരക്കളങ്ങളുമാണ്  ചരിത്രത്തിന്റെ താളുകളിലെമ്പാടും കാണുന്നത്.

.'വലിയ ബിസ്സിനസ്സാണോ'?

'വലുതോ അതൊക്കെ ഒരു കഥയാണ്. പിന്നെ പറയാം'

'എന്തായാലും കമ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം നിങ്ങളുടെ രാജ്യത്തു പുരോഗതിയുണ്ടായല്ലോ? വികസനത്തിന്റെ അലകൾ തേടിയെത്താതിരുന്ന അവിടെ ഇപ്പോൾ നേടിയ വിജയം ഞങ്ങൾ കൗതുകത്തോടെയാണ് നോക്കുന്നത്'

ബിസ്സിനസ്സ് രംഗത്ത് സജ്ജീവമായതിൽ പിന്നെ ഓരോ രാജ്യത്തെ കുറിച്ചും അവിടത്തെ ചരിത്രവും വ്യവസയങ്ങളെ കുറിച്ചും അറിയാൻ ശ്രമിച്ചിരുന്നു.
 
'അച്ഛൻ മരിച്ചതിൽ പിന്നെ ജീവിക്കാനായി ഞാൻ പാടുപെടുകയാണ്. കാൻസർ രോഗിയായ അമ്മയും, എന്റെ വളർത്തു മകളും....' ഒലിവിയ മുഴുമിപ്പിച്ചില്ല.

അവളുടെ വേദന അയാളിൽ സ്വന്തം വേദനയായി തോന്നി തുടങ്ങി. അവളോട് എന്തെന്നില്ലാത്ത അടുപ്പവും തോന്നി.

'അമ്മയ്ക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം. പണത്തെ കുറിച്ച് പേടിക്കേണ്ട' - ജയ്‌സൽ മെസഞ്ചറിൽ കുറിച്ചു.

'അതുവേണ്ട. ഗവൺമെന്റിൽ നിന്ന് അച്ഛന്റെ മരണശേഷം കിട്ടാനുള്ള പൈസ കിട്ടിയാൽ ഞങ്ങളുടെ പ്രശ്നങ്ങൾ അവസാനിക്കും. ഇപ്പൊ ചെറിയ നിയമക്കുരുക്കാണ്'

പിന്നെ കുറെ ദിവസങ്ങളായി ഒലീവയുടെ ഒരു വിവരവും ഇല്ല. മെസഞ്ചറും ഫേസ്ബുക്കും ഡീആക്ടിവേറ്റ് ആക്കി. 

'ഞാൻ പറഞ്ഞത് ഒരു പക്ഷെ ഒലീവയ്ക്കു ഇഷ്ടമായിരിക്കില്ല. കാശിന്റെ കാര്യം പറയണ്ടായിരുന്നു'.

നാളുകൾക്കു ശേഷം അവളുടെ ഈമെയിൽ സന്ദേശം.

'വിരോധമില്ലെങ്കിൽ എന്നെ ഒന്നു സഹായിക്കണം. അമ്മയുടെ രോഗം മൂർദ്ധന്യാവസ്ഥയിൽ ആയിരിക്കുന്നു. താർത്തു യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഇപ്പോൾ ചികിൽസിക്കുന്നത്. എനിക്ക് അത്യാവശ്യമായി ഒരു ലക്ഷം ഡോളർ വേണം'. 

'കുഴപ്പമില്ല ഞാൻ ഉടൻ തന്നെ അയക്കാം. ബാങ്ക് അക്കൗണ്ട് നമ്പർ അയച്ചു തരൂ. ഐബാൻ നമ്പർ കൂടി വേണം'

'എനിക്ക് ബാങ്കിൽ പോവാൻ കഴിയില്ല. അമ്മയുടെ അടുത്ത് എപ്പോഴും ഒരാള് വേണം. ഞാൻ എന്റെ ഒരു സ്നേഹിതന്റെ ബാങ്ക് രേഖകൾ അയക്കുന്നു'

ജയിസലിന്റെ കയ്യിൽ ആ സമയത്തു കാശ് ഒന്നും ഉണ്ടായിരുന്നില്ല. യൂണിയൻ നാഷണൽ ബാങ്കിലെ ദേര ശാഖയിൽ നിന്ന് ഒരു 'ഒഡി' ശെരിയാക്കി പൈസ അയച്ചു.

'നന്ദിയുണ്ട് സുഹൃത്തേ. ഒരുപാട് ഒരുപാട്. പൈസക്കിട്ടി. ഓപ്പറേഷന് ഹോസ്പിറ്റലിൽ പൈസ അടച്ചു'.

ഇത്തവണ മെസ്സേജ് വന്നത് വേറെ ഒരു മെസ്സഞ്ചർ അക്കൗണ്ടിൽ നിന്നായിരുന്നു.

അപ്പോഴേക്കും ജെയിസൽ അവളിൽ അഡിക്റ്റ ആയി കഴിഞ്ഞിരുന്നു. ബിസിനസ്സിൽ ശ്രദ്ധകേന്ദ്രീകരിക്കാതായി. സോണിയുമായി അകൽച്ചയായി. ഫ്‌ളാറ്റിൽ എപ്പോഴെങ്കിലും പോവുന്നത് ഒരു പതിവായി മാറി.

കുറെ നാളുകൾക്ക് ശേഷം ഒലീവയുടെ മെസ്സേജുകൾ ഒന്നും വരാതായി. പുതിയ മെസഞ്ചറും ഫേസ്ബുക്കും വീണ്ടും ഡീആക്ടിവേറ്റ് ആക്കി.

മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു മെസ്സേജ്. പഴയ മെസ്സഞ്ചർ അക്കൗണ്ടിൽ നിന്ന്.

'എന്നെ കൈവിടരുത്. അമ്മയുടെ ഓപ്പറേഷൻ വിജയിച്ചില്ല. ഫ്ലോറിഡയിലെ മായോ ക്ലിനിക്കിൽ കൊണ്ടുപോകണം. എനിക്ക് 
ഒരു ലക്ഷം ഡോളർ കൂടി വേണം'. 

ജയ്‌സൽ ബിസ്സിനസ്സ് ആകെ തകർന്ന അവസ്ഥയിലാണ്. സാമ്പത്തിക മാന്ദ്യം കാര്യമായി ബിസ്സിനസ്സിനെ ബാധിച്ചു. ബാങ്ക് ഓവർ ഡ്രാഫ്റ്റ് തരാതായി.

ഒരു ഗതിയുമില്ലാതായപ്പോൾ പലിശക്ക് കൊടുക്കുന്ന മാർവാടിയുടെ അടുത്തുപോയി. കാര്യം പറഞ്ഞു. അയാൾ പൈസ തരാമെന്നു പറഞ്ഞു. പക്ഷെ എന്നോട് പലതരം തട്ടിപ്പുകളെ കുറിച്ച് പറഞ്ഞു തന്നു. ഇതുപോലെ പലരും ചതിയിൽ പെട്ട കഥ പറഞ്ഞു, 

'അവരുടെ ആദ്യം അയച്ച ബാങ്ക് അക്കൗണ്ടും ആളിനെയും കുറിച്ച് അന്വേഷിക്കൂ '.

വെർസോ ബാങ്കിലായിരുന്നു അക്കൗണ്ട്. ഇപ്പൊ ആ അക്കൗണ്ട് ബ്ലോക്ക് ആണ്. അളവിൽ കൂടുതൽ ട്രാൻസാക്ഷൻ നടന്ന അക്കൗണ്ട് നിരീക്ഷണത്തിലാണ് എന്ന മറുപടി ബാങ്കിൽ നിന്നു കിട്ടി. ആളെ കുറിച്ചോ മറ്റു രേഖകളോ അവർ കൈമാറിയില്ല.

ഇതിൽ ചതിയുണ്ടോ? ഒലിവിയ എന്നെ ചതിക്കുമോ? ജെയ്‌സൽ സങ്കടവും ദേഷ്യവും കൊണ്ട് ഒരു ഭ്രാന്തനെപോലെയായി.

ചിലന്തിവല പോലെ ഇരയെ തേടി തുറന്നിരിക്കയായിരുന്നു ഒലിവിയ. ആഴിയെ കണ്ടു അറച്ചു നിന്ന മനുഷ്യൻ ആകാശത്തെയും കീഴടക്കിയ ഈ കാലത്തു ഒളിയിടത്തിലിരുന്ന് അവളുടെ അമ്പെയ്തു എന്നെ തകർക്കുകയായിരുന്നു. എന്റെ ജീവിതം ഹാക്ക് ചെയ്ത വിശ്വവലയായിരുന്നു അവളെന്നു ഞാൻ അറിഞ്ഞിരുന്നില്ല.

ഇനി തെറ്റിനെയും ശരിയേയും കുറിച്ച് ഒരന്വേഷണം നടത്തിയിട്ടു കാര്യമില്ല. എല്ലാം വഴിവിട്ട ജീവിതത്തിൽ എനിക്ക് പറ്റിയ അബദ്ധങ്ങളായിരുന്നു. ചലനമറ്റ ശരീരവും മരവിച്ച ഹൃദയവുമായി ഇനി എത്ര നാൾ മുന്നോട്ടു പോവുമെന്നറിയില്ല. 

No comments: